26 April Friday
ഉപരോധം പുനഃസ്ഥാപിക്കാൻ അമേരിക്ക യുഎൻ രക്ഷാസമിതിയിൽ നടത്തിയ തീവ്രശ്രമം പരാജയപ്പെട്ടിരുന്നു

യുഎൻ ഉപരോധം അവസാനിച്ചു ഇറാന്‌ പടക്കോപ്പുകൾ വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

തെഹ്‌റാൻ
ഐക്യരാഷ്‌ട്രസംഘടന ഇറാന്‌ ഏർപ്പെടുത്തിയിരുന്ന ആയുധ ഉപരോധം അവസാനിച്ചു. 2015ൽ ഇറാനും വൻശക്തികളുമായി ഉണ്ടാക്കിയ ആണവകരാർ അംഗീകരിച്ച്‌ പാസാക്കിയ പ്രമേയമനുസരിച്ചാണ്‌ അഞ്ച്‌ വർഷത്തിനുശേഷം ഉപരോധം ഇല്ലാതായത്‌. ഉപരോധം കാലാവധി തീരുമ്പോൾ പുനഃസ്ഥാപിക്കാൻ അമേരിക്ക ആഗസ്‌തിൽ യുഎൻ രക്ഷാസമിതിയിൽ നടത്തിയ തീവ്രശ്രമം മറ്റ്‌ സ്ഥിരാംഗങ്ങളുടെ ശക്തമായ എതിർപ്പ്‌മൂലം പരാജയപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിലെയും അർധസേനാവിഭാഗമായ റെവല്യൂഷണറി ഗാർഡ്‌സിലെയും നിരവധി പ്രമുഖർക്ക്‌ യുഎൻ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കും ഞായറാഴ്‌ചയോടെ ഇല്ലാതായി.

അമേരിക്കൻ സർക്കാരിനെ നിഷേധിച്ച്‌ ഉപരോധം നീക്കിയ അന്താരാഷ്‌ട്രസമൂഹത്തിന്‌ ഇത്‌ ചരിത്രപ്രധാനമായ ദിവസമാണെന്ന്‌ ഇറാൻ പ്രതികരിച്ചു. ലോകവുമായുള്ള ഇറാന്റെ പ്രതിരോധ സഹകരണം സാധാരണനിലയിലാക്കിയത്‌ മേഖലയിൽ ബഹുരാഷ്‌ട്ര സമീപനത്തിന്റെയും ശാന്തിയുടെയും സുരക്ഷയുടെയും വിജയമാണെന്ന്‌ ഇറാൻ വിദേശമന്ത്രി മുഹമ്മദ്‌ ജവാദ്‌ സറീഫ്‌ ട്വിറ്ററിൽ കുറിച്ചു. ഇറാൻ പടക്കോപ്പുകൾ ഇറക്കുമതി ചെയ്യുന്നത്‌ ആണവപ്രശ്‌നത്തിന്റെ പേരിൽ 2010ലാണ്‌ യുഎൻ വിലക്കിയത്‌.

യുഎൻ ഉപരോധം ഇല്ലാതായതോടെ ഇറാന്‌ ടാങ്കുകളും യുദ്ധവിമാനങ്ങളുമടക്കം തങ്ങളുടെ ആയുധശേഷി നവീകരിക്കാൻ പുതിയ പടക്കോപ്പുകൾ ഇറക്കുമതി ചെയ്യാം. എന്നാൽ, ഉടൻ അതിന്‌ നീക്കമില്ലെന്നാണ്‌ ഇറാൻ നൽകുന്ന സൂചന. യുഎൻ ഉപരോധമില്ലെങ്കിലും അമേരിക്കൻ ഉപരോധം തുടരുന്നതിനാൽ പല രാജ്യങ്ങളും ഇറാന്‌ ആയുധം വിൽക്കാൻ മടിക്കും. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായുള്ള ഉപരോധങ്ങൾമൂലം ഇറാന്റെ സാമ്പത്തികസ്ഥിതി വഷളായതും ആയുധങ്ങൾ വാങ്ങുന്നതിന്‌ തടസ്സമാണ്‌.

അമേരിക്കയോട്‌ കൂറുപുലർത്തുന്ന ആറ്‌ ഗൾഫ്‌ അറബ്‌ രാജ്യങ്ങൾ ഇറാനെ യുഎൻ ഉപരോധത്തിൽനിന്ന്‌ ഒഴിവാക്കുന്നതിനെ എതിർത്തിരുന്നു. ഇവയിൽ സൗദി അറേബ്യയും യുഎഇയും ഇറാനെതിരെ അമേരിക്കയിൽനിന്ന്‌ വൻതോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നുമുണ്ട്‌. അറബ്‌ രാജ്യങ്ങൾക്കും അവയുടെ പുതിയ ചങ്ങാതിയായ ഇസ്രയേലിനും പ്രധാന പൊതുശത്രു ഇറാനാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top