27 April Saturday

യുഎസ്‌ ഭീഷണിക്ക്‌ ബ്രിട്ടൻ വഴങ്ങി; വാവെയെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ലണ്ടൻ
ബ്രിട്ടനിലെ 5ജി മൊബൈൽ ശൃംഖലയിൽനിന്ന്‌ ചൈനീസ്‌ സാങ്കേതികവിദ്യാ ഭീമൻമാരായ വാവെയ്‌യെ പൂർണമായി ഒഴിവാക്കും. 2027 ഓടെ 5ജി നെറ്റ്‌വർക്കിൽനിന്ന്‌ വാവെയ്‌ പൂർണമായി ഒഴിവാക്കപ്പെടുമെന്ന്‌ ദേശീയ സൈബർ സുരക്ഷാകേന്ദ്രം അറിയിച്ചു.‌ വാവെയ്‌ക്ക്‌ പരിമിത പങ്കാളിത്തം നൽകാൻ ബ്രിട്ടൻ നേരത്തെ തീരുമാനിച്ചിരുന്നു. വാവെയെ ഒഴിവാക്കിയില്ലെങ്കിൽ  ബ്രിട്ടന്‌ രഹസ്യാന്വേഷണ വിവരങ്ങൾ നൽകില്ലെന്ന അമേരിക്കൻ ഭീഷണിയെത്തുടർന്നാണ്‌ നിലപാട്‌ മാറ്റം‌. വാവെ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ചൈനയ്ക്ക്‌ ബ്രിട്ടന്റെ സ്വകാര്യവിവരങ്ങളിൽ കൈ കടത്താനാകുമെന്നാണ്‌ യുഎസ്‌ വാദം.

തന്റെ കൺസർവേറ്റീവ്‌ പാർടിയിലെ‌ വിമതരിൽനിന്ന് തന്നെ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ വിഷയത്തിൽ‌ സമ്മർദം നേരിട്ടിരുന്നു‌. 23 വർഷം മുമ്പുവരെ ബ്രിട്ടീഷ്‌ കോളനിയായിരുന്ന ഹോങ്‌കോങ്‌ സംബന്ധിച്ച ചൈനീസ്‌ നിലപാടിന്റെ പേരിലാണ്‌ വാവെ ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ 10 നേതാക്കൾ  ജോൺസന്‌ കത്തെഴുതിയത്‌. വിവിധ സമ്മർദങ്ങൾക്കിടയിലും  ബ്രിട്ടന്റെ 5ജി മൊബൈൽ ശൃംഖലയിൽ വാവെയ്‌ക്ക്‌ പരിമിത പങ്കാളിത്തം നൽകാൻ ജനുവരിയിൽ ബോറിസ്‌ ജോൺസൻ അനുവദിച്ചിരുന്നു. 5ജി ശൃംഖലയുടെ പ്രധാന ഘടകങ്ങളിൽ വാവെയെ ഒഴിവാക്കി  35ശതമാനത്തിൽ അധികമാവാതെ അവർക്ക്‌ പങ്കാളിത്തം നൽകാനായിരുന്നു തീരുമാനം. അമേരിക്കൻ സോഫ്‌റ്റ്‌വെയറുകളോ യന്ത്രസാമഗ്രികളോ ഉപയോഗിച്ച്‌ ചൈനീസ്‌ കമ്പനികൾക്ക്‌ ചിപ്പുകൾ നിർമിക്കുന്ന എല്ലാ കമ്പനികൾക്കും മേ‌യിൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം വാവെ കമ്പനിയുടെ വരുമാനത്തിൽ 2020ന്റെ ആദ്യപകുതിയിൽ 13.1ശതമാനം വളർച്ച രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top