26 April Friday

ഷിൻസോ ആബേ ; കൊല്ലപ്പെടുന്ന ആറാം "പ്രധാനമന്ത്രി'

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2022

ജപ്പാന്റെ ചരിത്രത്തിൽ പ്രധാനമന്ത്രിപദം വഹിച്ചവരില്‍  കൊല്ലപ്പെടുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ഷിൻസോ ആബേ. അഞ്ച് കൊലപാതകവും രണ്ടാം ലോകയുദ്ധത്തിന് മുമ്പുള്ള സംഘർഷ രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു. ആദ്യ പ്രധാനമന്ത്രിയായ ഇതൊ ഹിരോബൂമി പദവിയിലിരിക്കെ കൊല്ലപ്പെട്ടു. 1909 ഒക്‌ടോബർ 26ന്‌ ചൈന സന്ദർശനത്തിനിടെ കൊറിയൻ പൗരന്റെ വെടിയേറ്റായിരുന്നു അന്ത്യം.

ക്രൈസ്തവനായ ആദ്യ പ്രധാനമന്ത്രി ഹര തകാഷി പദവിയിലിരിക്കെ 1921 നവംബർ നാലിന്‌ ടോകിയോ റെയിൽവേ സ്‌റ്റേഷനിൽ വച്ച്‌ റെയിൽവേയിൽ ജീവനകാരന്‍  കുത്തിക്കൊന്നു. 1931ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇനുകായ് സുയോഷി പിറ്റേവര്‍ഷം ഔദ്യോ​ഗികവസതിയില്‍ സൈനികരുടെ വെടിയേറ്റ് മരിച്ചു. നാവികസേനയിലെ 11 ജൂനിയർ ഓഫീസർമാർ ചേർന്നാണ്‌  1932 മെയ്‌ 15ന്‌ കൊല നടത്തിയത്‌. 1936 ഫെബ്രുവരി 26ന്‌ സൈന്യം നടത്തിയ അട്ടിമറി നീക്കത്തിനിടെ മുൻ പ്രധാനമന്ത്രിമാരായ തകഹാഷി കൊറെകിയോ, സൈറ്റോ മക്കോട്ടോ എന്നിവർ കൊല്ലപ്പെട്ടു.

 

സംഭവിച്ചതെന്ത്

● ടോക്യോയിൽനിന്ന്‌ 480 കിലോമീറ്റർ തെക്കുമാറിയുള്ള നഗരമായ നാരയിൽ ഞായറാഴ്ചത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവസാനഘട്ട പ്രചാരണത്തിനാണ് അബെ എത്തിയത്

● നഗരപ്രാന്തത്തിലെ അനൗപചാരികമായ ചെറു വേദിയിലേക്ക് പ്രാദേശിക സമയം പതിനൊന്നരയോടെയാണ് സംഭവം (ഇന്ത്യൻ സമയം രാവിലെ എട്ട്‌). അബെ വേദിയിൽ കയറുമ്പോൾ പിന്നിൽ കുറച്ചകലെ കൊലയാളി നിൽക്കുന്നത് വീഡിയോ ദൃശ്യത്തിൽ വ്യക്തം.

●രണ്ട് വെടിയൊച്ച കേട്ടു. കഴുത്തിനു പിന്നിലാകാം വെടിയേറ്റത്

● കുഴഞ്ഞുവീണ നേതാവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി

● സുരക്ഷാ ജീവനക്കാർ കൊലയാളിയെ കീഴ്‌പ്പെടുത്തി

● അക്രമി ഉപയോഗിച്ചതായി കരുതുന്ന തോക്കെന്ന് ഒറ്റനോട്ടത്തിൽ തോന്നാത്ത ആയുധം നിലത്ത്‌ കിടക്കുന്നതായി ദൃശ്യമുണ്ട്. നാടൻ തോക്കാണെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സമാനമായ നിരവധി നാടന്‍ തോക്കുകള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി..

● നാര നിവാസിയും ജപ്പാൻ നാവികസേനയിലെ മുൻ സുരക്ഷാസേനാ ജീവനക്കാരനുമായ തെത്സുയ യമഗാമി (41)യാണ് കൊലയാളിയെന്ന് സ്ഥിരീകരിച്ചു. നിലവില്‍ തൊഴില്‍ രഹിതനാണ്.

●വെടിയുതിർത്തെന്ന് ഇയാൾ സമ്മതിച്ചു. അബെ അംഗമായ "പ്രത്യേക സംഘടന'യോടുള്ള വിരോധമാണ്  കൊലചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞെന്നും പൊലീസ് മാധ്യമങ്ങളോട്

● ജപ്പാൻ സമയം വൈകിട്ട് അഞ്ചോടെ മരണം സ്ഥിരീകരിച്ചു

● നടുക്കവും ദുഃഖവും രേഖപ്പെടുത്തി ലോകരാഷ്ട്രങ്ങൾ

തീവ്രദേശീയതയുടെ മുഖം
ജപ്പാനിലെ മുൻനിര രാഷ്ട്രീയകുടുംബത്തിൽ പിറന്ന്‌, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി, അവസാന നിമിഷംവരെ ജനകീയനായി തുടർന്ന നേതാവായിരുന്നു അബെ. തീവ്രദേശീയത അടിസ്ഥാനമാക്കിയ പാര്‍ടിയുടെ നേതാവും ഭരണാധികാരിയുമായിരുന്നു അബെ.  സ്കൂൾ വിദ്യാഭ്യാസത്തിൽ ദേശീയത പാഠ്യവിഷയമാക്കിയതുൾപ്പെടെയുള്ള നയങ്ങൾ ലോകമെമ്പാടുമുള്ള വലതുപക്ഷ നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം ദൃഢമാക്കി. ചൈനയും ഉത്തര കൊറിയയുമായി ഇതേ കാരണത്താൽ കൂടുതൽ അകന്നു. ഹിരോഷിമ അണുബോംബാക്രമണം പോലുള്ള മുൻ അനുഭവങ്ങൾ നിലനിൽക്കെത്തന്നെ അമേരിക്കയുമായി ദൃഢമായ നയതന്ത്രബന്ധം സ്ഥാപിച്ചു. ചൈനയെ ഒറ്റപ്പെടുത്താൻ മറ്റ്‌ രാജ്യങ്ങളുമായി ചേർന്ന്‌ കരുനീക്കം നടത്താനും അതേസമയം ജപ്പാനെ സാമ്പത്തികമായി മുൻനിരയിലേക്ക്‌ 
കൊണ്ടുവരാനുള്ള 
നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കാനും 
ജാഗരൂകനായി നിലകൊണ്ടു.

തോക്കെടുത്ത 
ജപ്പാന്‍
അമേരിക്കയിലെ പോലെ തോക്കുപയോഗിച്ചുള്ള കൂട്ടക്കൊല കേട്ടുകേൾവി പോലും ഇല്ലാത്ത ജപ്പാൻ, ഇപ്പോൾ നടുക്കത്തിലാണ്. പൊതുപരിപാടികളിൽ സുപ്രധാന നേതാക്കൾക്കുപോലും അതീവസുരക്ഷ ഏർപ്പെടുത്താറില്ല. നഗരത്തിൽ റെയിൽവേ സ്‌റ്റേഷനു മുന്നിലും മറ്റും സംഘടിപ്പിക്കുന്ന ചെറു പ്രചാരണ പരിപാടിയിൽപോലും പ്രധാനമന്ത്രിയടക്കമുള്ളവർ നേരിട്ട് പങ്കെടുക്കും. ജനങ്ങൾക്ക് കൈകൊടുക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്യും. എന്നാൽ, പുതിയ സാഹചര്യം പൊതുപരിപാടികളുടെ സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നുവെന്ന് ജപ്പാനിലെ മാധ്യമപ്രവർത്തകർ വാർത്താ ഏജൻസിയോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top