26 April Friday

യുദ്ധം അവസാനിപ്പിക്കണം: ഗുട്ടെറസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 26, 2022


മോസ്കോ
റഷ്യ–- ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിച്ചേ മതിയാകൂവെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ മോസ്കോയിൽ റഷ്യന്‍ വിദേശ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണം. എത്രയുംവേഗം വെടിനിർത്തൽ പ്രഖ്യാപിക്കണം. മരിയുപോളിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ യുഎൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  

യുദ്ധം ഉക്രയ്‌നിലെയും മറ്റു രാജ്യങ്ങളിലെയും ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയശേഷം വ്യാഴാഴ്ച ഗുട്ടെറസ്‌ കീവ്‌ സന്ദർശിച്ച്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലാദിമിർ സെലിൻസ്കിയുമായും ചർച്ച നടത്തും.


നാറ്റോ നിഴൽയുദ്ധം 
നടത്തുന്നു: ലാവ്‌റോവ്‌
ഉക്രയ്‌നിൽ നാറ്റോ നിഴൽയുദ്ധം നടത്തുകയാണെന്ന്‌ ആരോപിച്ച്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌. ഉക്രയ്‌ന്‌ വൻതോതിൽ ആയുധങ്ങളും മറ്റ്‌ സെനികസഹായവും എത്തിക്കുകയാണ്‌ നാറ്റോ. യഥാർഥത്തിൽ ഉക്രയ്‌നെ മുന്നിൽനിർത്തി നാറ്റോയാണ്‌ റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നത്‌.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ജർമനിയിലെ റാംസ്‌റ്റെയ്‌ൻ വ്യോമകേന്ദ്രത്തിൽ 40 രാജ്യത്തിന്റെ യോഗം വിളിച്ചത്‌ ഇതിന്‌ തെളിവാണ്‌. ഈ സാഹചര്യത്തിൽ ആണവയുദ്ധത്തിനും മൂന്നാംലോക യുദ്ധത്തിനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ലാവ്‌റോവ്‌ പറഞ്ഞു.എന്നാൽ, ലാവ്‌റോവിന്റേത്‌ വിരട്ടൽതന്ത്രം മാത്രമാണെന്ന്‌ ഉക്രയ്‌ൻ വിദേശമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. റഷ്യക്കെതിരെ ഉക്രയ്‌നെ പിന്തുണയ്ക്കുന്നതിൽ ലോകം ഒറ്റക്കെട്ടാണെന്ന്‌ റാംസ്‌റ്റെയിനിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിൻ പറഞ്ഞു. ഉക്രയ്‌നിലേക്ക്‌ 50 വിമാനവേധ ടാങ്ക്‌ അയക്കുമെന്ന്‌ ജർമനി അറിയിച്ചു.

ഉക്രയ്‌നിൽ വരുന്ന ആഴ്ചകൾ വളരെ നിർണായകമാകുമെന്ന്‌ സമ്മേളനത്തിനായി പുറപ്പെടുംമുമ്പ്‌ യുഎസ്‌ ജോയിന്റ്‌ ചീഫ്‌സ്‌ ഓഫ്‌ സ്‌റ്റാഫ്‌ മാർക്ക്‌ മില്ലി മുന്നറിയിപ്പുനൽകി.

ആരും 
മൂന്നാം ലോകയുദ്ധം 
ആഗ്രഹിക്കുന്നില്ല: ചൈന
മൂന്നാം ലോകയുദ്ധം ഉണ്ടാകണമെന്ന്‌ ആരും ആഗ്രഹിക്കുന്നില്ലെന്ന്‌ ചൈനീസ്‌ വിദേശ വക്താവ്‌ വാങ്‌ വെൻബിൻ. സാധ്യത തള്ളാനാകില്ലെന്ന റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവിന്റെ പ്രസ്താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top