26 April Friday

മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കാൻ സമ്മേളനത്തിന്‌ യുഎൻ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


ഐക്യരാഷ്‌ട്ര കേന്ദ്രം
മതപരമായ സ്ഥലങ്ങളും ആചാര സാമഗ്രികളുമടക്കം ‘സാംസ്‌കാരിക’ വസ്‌തുക്കൾക്ക്‌ നാശമുണ്ടാക്കുന്നതും അവ തകർക്കുന്നതും അപലപിക്കുന്ന പ്രമേയം യുഎൻ പൊതുസഭ അംഗീകരിച്ചു. ഈ വിഷയം ചർച്ച ചെയ്യാൻ യുഎൻ സംഘടനകളും അംഗരാജ്യങ്ങളും രാഷ്‌ട്രീയ–-മത നേതാക്കളും മത സംഘടനകളും മാധ്യമങ്ങളും പൗരസമൂഹവും മറ്റും പങ്കെടുക്കുന്ന ആഗോള സമ്മേളനം വിളിക്കാൻ പ്രമേയം സെക്രട്ടറി ജനറലിനോട്‌ നിർദേശിച്ചു.

സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ അറബ്‌ രാജ്യങ്ങളും വെനസ്വേല, ഫിലിപ്പീൻസ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവയുമടക്കം 21 രാജ്യങ്ങൾ ചേർന്ന്‌ അവതരിപ്പിച്ച പ്രമേയം അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പിന്തുണയോടെ സമവായത്തിലാണ്‌ പാസാക്കിയത്‌. മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുഎൻ കർമപദ്ധതി നടപ്പാക്കുന്നത്‌ ലക്ഷ്യമിട്ടാണ്‌ സമ്മേളനം. 2019ൽ യുഎൻ പദ്ധതിക്ക്‌ എഴുതിയ ആമുഖത്തിൽ സെമിറ്റിക്‌ വിരുദ്ധ നടപടികളും മുസ്ലിം വിരുദ്ധ വിദ്വേഷവും ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങളും മറ്റ്‌ വിശ്വാസങ്ങളെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളും വർധിക്കുന്നത്‌ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ എടുത്തുപറഞ്ഞിരുന്നു.

കഴിഞ്ഞ മാസംപോലും പാകിസ്ഥാനിൽ ആൾക്കൂട്ടം ഒരു ഹിന്ദുക്ഷേത്രം തകർത്തിരിക്കെ ആ രാജ്യം ഈ പ്രമേയം അവതരിപ്പിക്കാൻ കൂടിയത്‌ വിരോധാഭാസമാണെന്ന്‌ ഇന്ത്യ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ സിഖ്‌ ഗുരുദ്വാരയും ബുദ്ധപ്രതിമയും തകർത്തതും ഇന്ത്യ നൽകിയ വിശദീകരണത്തിൽ എടുത്തുപറഞ്ഞു. എന്നാൽ, അയോധ്യയിൽ പള്ളി തകർത്ത സംഭവം പരാമർശിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top