11 May Saturday

കോവിഡ്‌ : യുഎസിൽ മരണം ഫെബ്രുവരി 9ന്‌ തുടങ്ങി ; ഇറ്റലിയിൽ മരണം കാൽലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2020


വാഷിങ്‌ടൺ
അമേരിക്കയിൽ നേരത്തേ റിപ്പോർട്ട്‌ ചെയ്‌തിരുന്നതിലും മൂന്നാഴ്‌ച മുമ്പേ ആദ്യ കോവിഡ്‌ മരണം സംഭവിച്ചതായി വെളിപ്പെടുത്തൽ. ഡിസംബർ മുതൽ തന്നെ അമേരിക്കയിൽ കോവിഡ്‌ ഉണ്ടായിരുന്നതായും കൗണ്ടി അധികൃതർ സംശയം പ്രകടിപ്പിച്ചു. അമേരിക്കയിൽ  പകർച്ചപ്പനിയുടെ കാലമായിരുന്നതിനാലും രണ്ടിന്റെയും ലക്ഷണങ്ങൾ സമാനമായതിനാലും ശ്രദ്ധിക്കപ്പെടാതെപോയതാണെന്ന്‌ വിദഗ്ധർ പറയുന്നു.

സിലിക്കൺവാലിയിലെ സാന്റാക്ലാര കൗണ്ടിയിൽ ഫെബ്രുവരി ആറിനും 17നും മാർച്ച്‌ ആറിനും ഓരോരുത്തർ കോവിഡ്‌ ബാധിച്ച്‌ മരിച്ചതായി ഡോക്ടർ കൂടിയായ കൗണ്ടി സർക്കാരിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെഫ്‌ സ്‌മിത്ത്‌ അറിയിച്ചു. ഫെബ്രുവരി 29ന്‌ വാഷിങ്‌ടണിലാണ്‌ അമേരിക്കയിലെ ആദ്യ കോവിഡ്‌ മരണം എന്നായിരുന്നു ഇതുവരെ റിപ്പോർട്ട്‌. സിലിക്കൺവാലിയിൽ മാർച്ച്‌ ഒമ്പതിനാണ്‌ ആദ്യ മരണം റിപ്പോർട്ട്‌ ചെയ്‌തിരുന്നത്‌. അതിനു മുമ്പ്‌ കുറഞ്ഞത്‌ മൂന്നുപേരെങ്കിലും കോവിഡ്‌ ബാധിച്ച്‌ വീടുകളിൽ മരിച്ചതായി സാന്റാക്ലാര കൗണ്ടി മെഡിക്കൽ എക്‌സാമിനർ വെളിപ്പെടുത്തി.  പരിശോധനാസൗകര്യം പരിമിതമായിരുന്നതിനാലാണ്‌ അറിയാതെ പോയതെന്ന്‌ ഡോ. സ്‌മിത്ത്‌ പറഞ്ഞു. അമേരിക്കയിൽ മരണസംഖ്യ ഔദ്യോഗികമായി നാൽപ്പത്തേഴായിരത്തോളമായി.

മരണത്തിൽ രണ്ടാമതുള്ള ഇറ്റലിയിൽ സംഖ്യ കാൽലക്ഷം കടന്നു. സ്‌പെയിനിലും രണ്ട്‌ ദിവസമായി മരണസംഖ്യയിൽ വീണ്ടും ചെറിയ വർധനയുണ്ട്‌. 435 പേർകൂടി മരിച്ചതോടെ ആകെ 21717 ആയി. ബ്രിട്ടനിൽ 763 പേർകൂടി മരിച്ചപ്പോൾ മരണസംഖ്യ 18100 ആയി. ഫ്രാൻസിലും മരണസംഖ്യ 21000 കടന്നു. ജർമനിയിൽ മരണസംഖ്യ അയ്യായിരം കടന്നു. 4632 പേർ മരിച്ച ചൈനയിൽ ബുധനാഴ്‌ചയും പുതിയ മരണമില്ല. ഇറാനിൽ 94 പേർകൂടി മരിച്ചപ്പോൾ ആകെ 5391 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top