26 April Friday
ഡെമോക്രാറ്റിക്‌ കൺവൻഷൻ സമാപിച്ചു

സഖ്യരാഷ്‌ട്രങ്ങളോടൊപ്പം നിൽക്കും, സ്വേച്ഛാധിപതികളുമായി ചങ്ങാത്തത്തിനില്ല : ജോ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 22, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റായാൽ താൻ സഖ്യ രാഷ്‌ട്രങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പം നിൽക്കുമെന്ന്‌ ജോ ബൈഡൻ. സ്വേച്ഛാധിപതികളുമായി ചങ്ങാത്തത്തിനില്ലെന്ന്‌ ശത്രുക്കളോട്‌ വ്യക്തമാക്കും. നാലുരാവ്‌ നീണ്ട ഡെമോക്രാറ്റിക്‌ പാർടിയുടെ വെർച്വൽ ദേശീയ കൺവൻഷന്റെ അവസാന നാളിൽ യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു ബൈഡൻ.

യൂറോപ്യൻ മിത്രങ്ങളെ അകറ്റുകയും പുടിനെ പോലുള്ള ഭരണാധികാരികളുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വിപരീതമായിരിക്കും തന്റെ ഭരണം എന്നാണ്‌ ബൈഡൻ പറഞ്ഞുവച്ചത്‌. ട്രംപ്‌ അമേരിക്കയെ അന്ധകാരത്താൽ മൂടിയിരിക്കുകയാണെന്ന്‌ അദ്ദേഹം തുറന്നടിച്ചു. ‘ഞാൻ വെളിച്ചത്തിന്റെ മിത്രമായിരിക്കും. നമ്മളിലുള്ളതിൽ ഏറ്റവും മികച്ചവരെ ഉപയോഗിക്കും ഏറ്റവും മോശമായവരെ ആയിരിക്കില്ല’. താൻ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കണ്ടെത്തിയ കമല ഹാരിസിന്റെ കഴിവുകളും എടുത്തുപറഞ്ഞു.

തന്റെ മുൻഗാമികളിൽ ബറാക്‌ ഒബാമയെ കുട്ടികൾ മാതൃകയായി കാണുമ്പോൾ ട്രംപിനെ ആരും അങ്ങനെ കാണില്ല. മഹാമാരികളിൽനിന്ന്‌ അമേരിക്കക്കാരെ രക്ഷിക്കാൻ ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ കനിവ്‌ കാത്തിരിക്കാതെ ചികിത്സാ ഉപകരണങ്ങളും മറ്റും അമേരിക്കയിൽത്തന്നെ ഉണ്ടാക്കും. തന്റെ അച്ഛൻ ലോകത്തെ മാറ്റി എന്ന  ജോർജ്‌ ഫ്‌ളേയിഡിന്റെ മകളുടെ വാക്കുകൾ മറക്കരുതെന്ന്‌ ബൈഡൻ ഓർമിപ്പിച്ചു.

ബൈഡനുമുമ്പ്‌ മക്കൾ ആഷ്‌ലി, ഹണ്ടർ എന്നിവർ സംസാരിച്ചു. ബൈഡന്റെ ജീവിതം പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. ബറാക്‌ ഒബാമ, പ്രസിഡന്റ്‌ സ്ഥാനാർഥിത്വത്തിന്‌ രംഗത്തുണ്ടായിരുന്ന ശതകോടീശ്വരനായ മുൻ ന്യൂയോർക്‌ മേയർ മൈക്കേൽ ബ്ലൂംബെർഗ്‌, അമേരിക്കയുടെ മുൻ സർജൻ ജനറലായ ഇന്ത്യൻവംശജൻ വിവേക്‌ മൂർത്തി തുടങ്ങിയവർ സംസാരിച്ചു.

ബൈഡന്റെ ജനനസ്ഥലത്ത്‌ റാലിയുമായി ട്രംപ്‌
ജോ ബൈഡന്റെ പ്രസംഗം വെറും വാക്കുകൾ എന്നാണ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രതികരണം. ബൈഡൻ ജനിച്ച പെൻസിൽവേനിയയിലെ സ്‌ക്രാന്റണിൽ അദ്ദേഹത്തെ പരിഹസിക്കാൻ ട്രംപ്‌ മണിക്കൂറുകൾക്കുമുമ്പ്‌ റാലി നടത്തിയത്‌ അമേരിക്കൻ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പുതിയ കാഴ്‌ചയായി.

അടുത്തയാഴ്‌ചയാണ്‌ ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി വീണ്ടും പ്രഖ്യാപിക്കാൻ റിപ്പബ്ലിക്കൻ പാർടിയുടെ ദേശീയ കൺവൻഷൻ. വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌ തന്നെയാണ്‌ ട്രംപിന്റെ മത്സരപങ്കാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top