26 April Friday

ജറുസലേമില്‍ ഭൂമികെെയേറ്റം വ്യാപിപ്പിക്കാൻ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


ജറുസലേം
ജറുസലേമിലും പരിസരങ്ങളിലും അനധികൃത ജൂത കുടിയേറ്റ കോളനികൾ വ്യാപിപ്പിക്കാൻ രഹസ്യനീക്കങ്ങളുമായി ഇസ്രയേൽ. വിവാദമായ ഗിവാത് ഹമാതോസില്‍ ഉള്‍പ്പെടെ കുടിയേറ്റം വ്യാപിപ്പിക്കാൻ പൊതുഭൂമി തട്ടിയെടുക്കാനുള്ള ഇസ്രയേല്‍ നീക്കം ജറുസലേമിലെ പ്രാദേശിക ആസൂത്രണ സമിതി അംഗീകരിച്ചു.

പലസ്‌തീൻ തലസ്ഥാനമാക്കാനിരിക്കുന്ന കിഴക്കൻ ജറുസലേമും വെസ്‌റ്റ്‌ ബാങ്കും തമ്മിലുള്ള കരബന്ധം വലിയതോതില്‍ വെട്ടിക്കുറയ്‌ക്കുന്നതാണ് നീക്കം. നിലവിൽ കിഴക്കൻ ജറുസലേമിലുള്ള കുടിയേറ്റങ്ങളായ പിസ്ഗത് സീവില്‍ 470 വീടിന്റെ നിർമാണപദ്ധതികളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. അതറോത്ത് പ്രദേശത്ത് ജൂതകുടിയേറ്റക്കാര്‍ക്കായി 9,000 വീട്‌ നിർമിക്കാനും തീരുമാനിച്ചു.

ജറുസലേമിന് പുറത്ത്‌ ‘ഇ 1’ എന്നറിയപ്പെടുന്ന തരിശ് മലഞ്ചെരുവില്‍ 3,400 വീട്‌ നിര്‍മിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഒരു സൈനിക സംഘടന രണ്ട് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ പലസ്‌തീൻ ഭൂമി കൈയേറി വെസ്‌റ്റ്‌ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ഏഴ് ലക്ഷത്തിലധികം ജൂതർ താമസിക്കുന്നുണ്ട്‌.‌ ‍അമേരിക്കയുടെ മൗനാനുവാദത്തോടെയാണ് ഇസ്രയേലിന്റെ നീക്കങ്ങള്‍.

അതിനിടെ പലസ്തീൻകാർക്കെതിരെ കുടിയേറ്റക്കാര്‍ ആക്രമണങ്ങളും തീവ്രമാക്കി. വെള്ളിയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ സൽഫിത്ത് പട്ടണത്തിനടുത്ത് ഒലിവ്  വിളവെടുത്തുകൊണ്ടിരുന്ന ‌കർഷകരെ മുപ്പതോളം കുടിയേറ്റക്കാർ ചേര്‍ന്ന് ആക്രമിച്ചു. നാല് പേർക്ക് പരിക്കേറ്റു. അക്രമികൾ മുളകുപൊടിവെള്ളം ചീറ്റുകയും കര്‍ഷകരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും വിളവ്‌ കവര്‍ന്നെടുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top