05 May Sunday

തുർക്കിയിലെ പ്രതിഷേധ ഗാനം നിലച്ചു; 288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ ഹെലിൻ ബൊളേക്‌ യാത്രയായി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

അങ്കര > 288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരണപ്പെട്ടു. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടത്പക്ഷ അനുഭാവിയായ വിപ്ലഗായികയാണ് ഹെലിന്‍ ബോലക്.

ഹെലന്‍ ഉള്‍പ്പെടുന്ന ബാന്റ് സര്‍ക്കാര്‍ നിരോധിക്കുകയും ബാന്റിന്റെ ഏഴ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് ജയിലടയ്ക്കുകയും ചെയ്‌തതിനെതിരെയായിരുന്ന ഹെലിന്റെ നിരാഹാരം. 2016 മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ സഹപ്രവര്‍ത്തകരെ വിട്ടയക്കുക, ബാന്റിനെതിരായ നിരോധനവും നിയമനടപടികളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഹെലിന്‍ നടത്തുന്ന നിരാഹാര സമരം കഴിഞ്ഞ 288 ദിവസമായി തുടരുകയായിരുന്നു.

തുര്‍ക്കിയില്‍ ഏറെ ജനപ്രിയരായ യോറം എന്ന ബാന്റിലായിരുന്നു ഹെലിനും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നത്. 1980 കളില്‍ തുടക്കം കുറിച്ച ബാന്റ് 20 ല്‍ കൂടുതല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 2016 ല്‍ ബാന്റ് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബുള്‍ കള്‍ച്ചറല്‍ സെന്റര്‍ റെയ്ഡ് ചെയ്താണ് ബാന്റ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തത്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച് അപകടാവസ്ഥയിലായ ഹെലിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയുടെ കുറിപ്പ്‌:

തുർക്കിയിലെ എർദോഗൻ സർക്കാരിന്റെ സ്വേച്ഛാധിപത്യഭരണത്തിൻറെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്ന് രക്തസാക്ഷിയായ സഖാവ് ഹെലിൻ ബോളെക്. തങ്ങളുടേതായ ഇടതുപക്ഷ വീക്ഷണം ഉണ്ടായിരുന്ന ഹെലിൻ ബോളെകും 'ഗ്രുപ് യുറും 'എന്ന അവരംഗമായ സംഗീതസംഘവും പ്രതിരോധ സംഗീതത്തിനും നാടോടിപ്പാട്ടുകൾക്കും ശ്രദ്ധേയരായിരുന്നു. തുർക്കിയിലും യൂറോപ്പിലും അമേരിക്കയിലും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ട റവല്യൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ഗ്രുപ് യുറും നിരോധിക്കപ്പെട്ടത്. സംഘാംഗങ്ങളെ എർദോഗൻ സർക്കാർ ജയിലിലും അടച്ചു.

തങ്ങൾക്കു ഗാനമേളകൾ നടത്താൻ അനുവാദം നല്കണമെന്ന് ആവശ്യപ്പെട്ടാണ് ഹെലിൻ ബോളെകും ഒരു സഹപ്രവർത്തകൻ ഇബ്രാഹിം ഗോക്ചെക്കും ജയിലിൽ നിരാഹാരം ആരംഭിച്ചത്. എർദോഗൻ സർക്കാർ വഴങ്ങിയില്ല. കഴിഞ്ഞ നവംബറിൽ ഇവരെ ജയിലിൽ നിന്നു പുറത്തു വിട്ടു എങ്കിലും വീട്ടിൽ നിരാഹാരം തുടർന്നു. 288 ദിവസത്തെ നിരാഹാരത്തെത്തുടർന്നാണ് 28 വയസുകാരിയായ ഈ ഗായിക ഇന്ന് രക്തസാക്ഷിയായിരിക്കുന്നത്.

ലോകത്തെ ജനമർദ്ദകരായ അമിതാധികാരനീചരിൽഡോണൾഡ് ട്രംപിനും ബോറിസ് ജോൺസണും ബോൾസനാരോയ്ക്കും നരേന്ദ്ര മോദിയ്ക്കും മുന്നിൽ നില്ക്കുന്ന എർദോഗൻറെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. തുർക്കിയിൽ വിവിധ കക്ഷികളും സംഘടനകളും ഉയർത്തുന്ന പ്രതിഷേധത്തിൽ എർദോഗൻറെ ഭരണം കടപുഴകി വീഴുന്ന നാൾ ദൂരെയല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top