26 April Friday

കാബൂളിലേക്ക് വിമാനസര്‍വീസ് തുടങ്ങണം ; ഇന്ത്യക്ക്‌ താലിബാന്റെ കത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 29, 2021



കാബൂള്‍
വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് താലിബാന്‍ ഭരണകൂടത്തിന്റെ കത്ത്. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി‍ജിസിഎ) കത്തെഴുതിയത്.ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡില്‍ എഴുതിയ കത്തില്‍ അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദ ഒപ്പുവച്ചിട്ടുണ്ട്.

രാജ്യത്തുനിന്നുള്ള പിന്‍വാങ്ങലിനുമുമ്പ്‌ അമേരിക്കന്‍ സൈന്യം കാബൂള്‍ വിമാനത്താവളം തകരാറിലാക്കിയെന്നും ഖത്തറിന്റെ സഹായത്തോടെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഡി‍ജിസിഎ മേധാവി അരുൺകുമാർ കത്ത് ലഭിച്ചതായി സ്ഥിരീകരിച്ചു. നയപരമായ വിഷയമായതിനാൽ വ്യോമയാനമന്ത്രാലയം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആ​ഗസ്തില്‍ താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
മുമ്പ്‌ എയർ ഇന്ത്യയും സ്പൈസ് ജെറ്റും ഡൽഹിക്കും -കാബൂളിനും ഇടയിൽ സർവീസ് നടത്തിയിരുന്നു. ആ​ഗസ്ത് 15നാണ്‌ എയർഇന്ത്യ സര്‍വീസ് അവസാനിപ്പിച്ചത്.  
നിലവില്‍ കാബൂളിൽനിന്നുള്ള വിമാനങ്ങൾക്ക് പാകിസ്ഥാനിലേക്കും ഇറാനിലേക്കും മാത്രമാണ് സർവീസുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top