26 April Friday

ചൈനയിലും ആദ്യം തന്നെ അവര്‍ എത്തിയിരുന്നു; ഇറ്റലിക്ക്‌ സഹായവുമായി കമ്യൂണിസ്‌റ്റ്‌ ക്യൂബയിലെ ആരോഗ്യപ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

റോം > കോവിഡ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബ. ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത് 52 ആരോഗ്യപ്രവര്‍ത്തകരടങ്ങുന്ന സംഘമാണ്. ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ് കേസിലും പരിചയമുള്ളവരാണ് ഡോക്ടര്‍മാരില്‍ മിക്കവരും.

മഹാമാരിയെ തടയുന്നതിനായി കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ നിന്നും പുറപ്പെടുന്ന ആറാമത്തെ ടീമാണിതെന്നും യൂറോപിലേക്കുള്ള ആദ്യത്തെ ടീമാണെന്നും ഒരു ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്‌തു.



മാഹാമാരികളെയും ദുരന്തങ്ങളെയും നേരിടുന്നതില്‍ വിദഗ്ധരായ 144 പേരടങ്ങുന്നവരുടെ സംഘം കൊവിഡിനെ നേരിടുന്നതിനായി ശനിയാഴ്ച ജമൈക്കയിലേക്ക് പോയിട്ടുണ്ട്.ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘത്തില്‍ എഴുപത് ശതമാനവും സ്ത്രീകളാണ്.

അതേസമയം ഇറ്റലിയില്‍ ഞായറാഴ്ച മാത്രം 631 പേര്‍ മരിച്ചു. ആകെ 5476 പേരാണ് മരിച്ചത്.

അരുൺലാൽ ലെനിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

കുത്തിയൊഴുകുന്ന ആമസോണ്‍ നീന്തിക്കടന്ന് പിറന്നാള്‍ രാത്രിയില്‍ പുഴയ്ക്കക്കരെയുള്ള കുഷ്ഠ രോഗികളെ കാണാനെത്തിയ ആസ്ത്മക്കാരനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു..

ക്യൂബക്കാര്‍ അയാളെ പിന്നീട് സ്‌നേഹത്തോടെ ചെ എന്ന് വിളിച്ചു.

മരണം മണത്ത രാത്രിയിലും അയാളെ പുഴ കടത്തിയ ഒരേ ഒരു ഘടകം മനുഷ്യത്വമായിരുന്നു.. വെറുതെയല്ല സാര്‍ത്ര് അയാളെ ഏറ്റവും പൂര്‍ണനായ മനുഷ്യജീവി എന്ന് വിളിച്ചത്.

***********************

ക്യൂബയില്‍ ചെയും ഫിദലും ചേര്‍ന്ന് കൊളുത്തി വിട്ട സോഷ്യലിസത്തിന്റെ ജ്വാല ഇന്ന് ക്യൂബന്‍ ഡോക്ടര്‍മാരുടെ രൂപത്തില്‍ മഹാമാരി ദുരിതം വിതയ്ക്കുന്ന എല്ലായിടത്തും എത്തുന്നുണ്ട്.

ചൈനയില്‍ ആദ്യം തന്നെ അവര്‍ എത്തിയിരുന്നു.. ഒരാഴ്ച മുന്‍പ് എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരക്കപ്പലില്‍ ആറോളം പേര്‍ കൊറോണ പോസിറ്റീവായി മരണം മുഖാമുഖം കണ്ടിരിക്കുകയായിരുന്നു. സഹായം ചോദിച്ചപ്പോള്‍ സൗഹൃദ രാജ്യങ്ങള്‍ മേലോട്ട് നോക്കി. നടുക്കടലില്‍ ആകാശം നോക്കി മരണമെണ്ണി കിടന്ന ബ്രീട്ടീഷ് കപ്പലിനെ ചോരപ്പാടുപോലുള്ളൊരു രാജ്യം കൈകാട്ടി വിളിച്ചു. ക്യൂബ. മനുഷ്യത്വം..

ഇപ്പോള്‍ ചൈനയിലെ ദൗത്യത്തിന് ശേഷം മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇറ്റലിയിലേക്ക് ക്യൂബന്‍ ഡോക്ടര്‍മാര്‍ എത്തിയിരിക്കുകയാണ്. മുതലാളിത്ത വലതുപക്ഷം വാഴുന്ന യൂറോപ്യന്‍ യൂണിയന്‍ ഇറ്റലിക്ക് കൈമലര്‍ത്തി കാണിക്കുകയാണുണ്ടായത്. കായി കൊറേ കീശയില്‍ ഉണ്ടായിട്ട് കാര്യമില്ല, മനുഷ്യപ്പറ്റ് വേണമെന്ന് ഞങ്ങളുടെ നാട്ടിലൊക്കെ പറയും. മഹാമാരിക്കിടയിലും മനുഷ്യനെ എങ്ങനെ ഊറ്റി ജീവിക്കാമെന്നുള്ളതില്‍ പുതിയ വഴികള്‍ തേടുകയാണ് മുതലാളിത്തം.

പക്ഷേ ക്യൂബയിലാണേലും കേരളത്തിലാണേലും മനുഷ്യത്വമാണ് ഞങ്ങളുടെ മെയിന്‍..

താങ്ക്യൂ മൈ ഡിയര്‍ കോമ്രേഡ്‌സ്.. മനുഷ്യര്‍ കൈകോര്‍ത്ത് പിടിച്ചാല്‍ പൊട്ടിക്കാനാവാത്ത ചങ്ങലകളില്ലെന്ന് ആദ്യം മനസിലാക്കിയവരാണ് നമ്മള്‍. മുന്നോട്ട്..

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top