27 April Saturday

അഴിമതിക്കെതിരെ 
കർശന നടപടി : സിപിസി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2022


ബീജിങ്‌
രാജ്യത്ത്‌ അഴിമതി ഇല്ലാതാക്കാൻ ഷി ജിൻപിങ്‌ സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ ഫലം കണ്ടതായി ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇരുപതാം കോൺഗ്രസ്‌ വിലയിരുത്തി. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച പാർടി കോൺഗ്രസ്‌ സർക്കാരിന്റെ പക്ഷപാതരഹിതമായ അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക്‌ ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി പാർടിയുടെ അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഷിയാവോ പെയ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഷി ജിൻപിങ്‌ അധികാരമേറ്റശേഷമുള്ള പത്തുവർഷത്തിനിടെ 9.6 കോടി പാർടി അംഗങ്ങളിൽ 553 പേർക്കെതിരെ ക്രിമിനൽ കേസ്‌ എടുത്തു. സർക്കാർ നയത്തിന്റെ ഭാഗമായി അഞ്ചുവർഷത്തിനിടെ 80,000 പാർടി അംഗങ്ങൾ ചെറുതും വലുതുമായ അഴിമതിക്കുറ്റങ്ങൾ ഏറ്റുപറഞ്ഞു. പത്തുവർഷത്തിനിടെ 2.07 ലക്ഷം അംഗങ്ങൾക്കെതിരെ നടപടിയെടുത്തു. പത്ത് വർഷത്തിനിടെ, രാജ്യത്താകെ 50 ലക്ഷം പേർക്കെതിരെ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നു. ശിക്ഷിക്കപ്പെട്ടവരിൽ 11 ശതമാനംപേർ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരാണ്‌. സർക്കാരിന്റെ കർക്കശ നടപടികളാണ്‌ ഇത്രയധികം അഴിമതിക്കാരെ വെളിച്ചത്ത്‌ കൊണ്ടുവരാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികരംഗം 
തുറന്നിടും
ചൈനയുടെ സാമ്പത്തികരംഗം കൂടുതലായി തുറന്നിടാൻ സിപിസി പാർടി കോൺഗ്രസിൽ തീരുമാനം. ആഗോളവൽക്കരണം എല്ലാവരെയും ഉൾച്ചേർക്കുന്നതും ഗുണപ്രദവുമായിരിക്കുമെന്ന്‌ ഉറപ്പാക്കുമൊന്നും ദേശീയ വികസന, നവീകരണ കമീഷൻ ഡെപ്യൂട്ടി ഡയറക്ടർ ഷാവോ ചെൻക്സിൻ പറഞ്ഞു. പാർടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാവോ. ചൈന ആഭ്യന്തര വിപണിയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉടൻതന്നെ സ്വയംപര്യാപ്തമാകുമെന്നുമുള്ള പ്രത്യാശകൾ അസ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ഉയർന്ന നിലവാരവും കാര്യപ്രാപ്തിയുള്ളതും നീതിയുക്തമായതുമായ പുതിയ വികസനരീതി രൂപപ്പെടുത്തേണ്ടത്‌ പ്രധാനമാണെന്നും ഷാവോ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top