27 April Saturday

അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന: സിപിസി 20-ാം കോൺഗ്രസിന്‌ ഉജ്വല സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2022

ബീജിങ്> ചൈനയെ എല്ലാ അർഥത്തിലും ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി കെട്ടിപ്പടുക്കുമെന്ന്‌  ലോകത്തോട് പ്രഖ്യാപിച്ച്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യുടെ ഇരുപതാം കോൺഗ്രസിന്‌ ഉജ്വല സമാപനം. മാർക്‌സിസത്തെ ചൈനയുടെ യാഥാർഥ്യങ്ങളുമായി സമന്വയിപ്പിച്ച്‌ രണ്ടാം ശതാബ്ദിലക്ഷ്യത്തിലേക്ക് കുതിക്കും. ബീജിങ്ങിലെ ഗ്രേറ്റ്‌ ഹാൾ ഓഫ്‌ പീപ്പിളിലെ സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഷി ജിൻപിങ് അധ്യക്ഷനായി. പുതിയ യുഗത്തിലേക്കുള്ള യാത്രയിൽ പാർടി പുതിയതും വലിയതുമായ അത്ഭുതങ്ങൾ സൃഷ്ടിക്കും. ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങൾ. അതിന്‌ രാജ്യം പ്രാപ്‌തമാണ്‌’–- ഷി പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തേക്ക്‌ പാർടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ്‌ തെരഞ്ഞെടുത്തത്‌. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയും ചൈനീസ്‌ പ്രസിഡന്റുമായ ഷി ജിൻപിങ് പുതിയ കേന്ദ്ര കമ്മിറ്റിയിലുണ്ട്‌. ഞായറാഴ്‌ച  കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിൽ പൊളിറ്റ്‌ ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ഷി ജിൻപിങ് മൂന്നാമതും ജനറൽ സെക്രട്ടറിയായി നിയോ​ഗിക്കപ്പെടുമെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി ലി കെഖ്യാങ്, ഉപപ്രധാനമന്ത്രി ഹാൻ സെങ് എന്നിവർ ഉൾപ്പെടെ നിലവിൽ പൊളിറ്റ്‌ ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിലുള്ള ഏഴു പേരിൽ നാലു പേർ കേന്ദ്ര കമ്മിറ്റിയിൽനിന്ന്‌ ഒഴിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാൽ ഈ സമ്മേളനത്തിൽ ചുമതലയിൽനിന്ന്‌ ഒഴിവാകുമെന്ന്‌ ലി കെഖ്യാങ് നേരത്തെ അറിയിച്ചിരുന്നു.
ജനറൽ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും അച്ചടക്ക പരിശോധനയ്‌ക്കുള്ള കേന്ദ്ര കമീഷന്റെ പ്രവർത്തന റിപ്പോർട്ടും പാർടി ഭരണഘടനാ ഭേദഗതികളും സമ്മേളനം അംഗീകരിച്ചു. ചൈനയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രമേയങ്ങളും അംഗീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top