26 April Friday

ഷി ജിൻപിങ് മൂന്നാമതും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2022

ബീജിങ് > ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്‌‌ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായും ഷി തുടരും. ചൈനീസ്‌ പ്രസിഡന്റായ ഷി ഇത്‌ മൂന്നാം തവണയാണ്‌ ജനറൽ സെക്രട്ടറിയാകുന്നത്‌. മാവോയ്‌ക്ക്‌ ശേഷം തുടർച്ചയായി രണ്ടിലധികം തവണ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന ചരിത്രനേട്ടവും ഷിയ്‌ക്ക്‌ സ്വന്തം. ലി ക്വിയാങ്‌ ആണ്‌ പുതിയ പ്രധാനമന്ത്രി.

ഞായറാഴ്‌ച ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിലാണ്‌ പൊളിറ്റ്‌ ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്‌. അടുത്ത അഞ്ചു വർഷത്തേക്ക്‌ പാർടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ്‌ തെരഞ്ഞെടുത്തത്‌. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു.

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും സ്വയംസമർപ്പിതരാകാന്‍ ജനതയോട് അഭ്യര്‍ത്ഥിച്ച് ജനറൽ സെക്രട്ടറി ഷി ജിൻപിങ്. സിപിസി ഇരുപതാം പാർടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനീസ്‌ സവിശേഷതകളോടെയുള്ള സോഷ്യലിസമെന്ന മഹത്തായ ആശയം പാർടി ഉയർത്തിപ്പിടിക്കണം. മാർക്‌സിസത്തെ അടിസ്ഥാനപ്രമാണമാക്കി ചൈനയുടെ യാഥാർഥ്യങ്ങളോട്‌ കൂട്ടിയിണക്കണം. പാർടി രൂപീകരിച്ചിട്ട്‌ 100 വർഷം പിന്നിട്ടു. അടുത്ത ശതാബ്‌ദിയിലേക്കുള്ള ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകർ ഒരു മനസ്സാലെ ഏറ്റെടുക്കണമെന്നും ഷി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top