26 April Friday

പരിഷ്‌കാരങ്ങൾ പാളി ; ലിസ്‌‌ ട്രസ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022


ലണ്ടന്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നടപ്പാക്കിയ നികുതി പരിഷ്‌കാരങ്ങൾ  പാളിയതോടെ,  ജനകീയ പ്രതിഷേധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്‌  രാജിവച്ചു. അധികാരമേറ്റ് 45–-ാം ദിനമാണ് രാജി. ജനങ്ങൾക്കു നൽകിയ വാഗ്‌ദാനം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും ‌അവര്‍ അറിയിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കും. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക്  ഇന്ത്യൻ വംശജനും മുൻധനമന്ത്രിയുമായിരുന്ന ഋഷി സുനകിന്‌ സാധ്യതയേറി.  

ലിസ് ട്രസ് അധികാരമേറ്റയുടന്‍ ധനമന്ത്രി അവതരിപ്പിച്ച മിനി ബജറ്റിൽ വന്‍കിട കമ്പനികള്‍ക്കുള്ള നികുതി ഇളവുചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്‌. കാര്യങ്ങൾ വഷളായതോടെ, അഞ്ചു ദിവസംമുമ്പ്‌ ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ മന്ത്രിസ്ഥാനത്തുനിന്ന്‌ പുറത്താക്കി.  കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രിയും ഇന്ത്യൻ വംശജയുമായ സ്യുയെല്ല ബ്രേവർമാനും രാജിവച്ചു. ബ്രേവർമാൻ സ്ഥാനമൊഴിയുംമുമ്പ്‌ ലിസ്‌ ട്രസിനെതിരെ ഗുരുതര ആക്ഷേപങ്ങൾ ഉയർത്തി.  ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവുമുയർന്ന നിരക്കിലാണ്‌. വിലക്കയറ്റവും രൂക്ഷം.

കൺസർവേറ്റീവ്‌ നേതൃത്വത്തിന്‌ സർക്കാരിന്റെ നിയന്ത്രണം നഷ്ടമായ സാഹചര്യത്തിൽ അടിയന്തരമായി പൊതുതെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ലേബർ പാർടി നേതാവ്‌ കെയ്‌ർ സ്‌റ്റാമർ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായ മൂന്നാമത്തെ വനിതയായ ലിസ്‌ ട്രസ് ബോറിസ്‌ ജോൺസൺ മന്ത്രിസഭയിൽ വിദേശമന്ത്രിയായിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിയായ വ്യക്തിയെന്ന വിശേഷണവുമായാണ് ‌ലിസ് ട്രസിന്റെ മടക്കം

തമ്മിലടി, ഒടുവിൽ രാജി
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിയാനാകാതെ നടത്തിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ലിസ്‌ ട്രസിന്റെ പതനത്തിന്‌ അതിവേഗം വഴിയൊരുക്കിയത്‌. പരിഷ്‌കാരങ്ങൾക്ക്‌ സ്വന്തം പാർടിയിലെ നേതാക്കൾപോലും പിന്തുണ നൽകാത്തതും കൺസർവേറ്റീവ്‌ പാർടിയിലെ തമ്മിലടിയും രാജിക്ക്‌ വേഗം കൂട്ടി.

ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ഒടുവിൽ ലിസ്ട്രസിന്റെ പടിയിറക്കം. നികുതി വെട്ടിക്കുറയ്‌ക്കുമെന്ന പ്രഖ്യാപനമാണ്‌ ലസ്‌ട്രസിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചതെങ്കിൽ അതേ പ്രഖ്യാപനത്താൽതന്നെ പടിയിറങ്ങേണ്ടിയുംവന്നു.  വന്‍കിട കമ്പനികള്‍ക്കുള്ള കോര്‍പറേഷന്‍ ടാക്സ് മുന്‍ സര്‍ക്കാര്‍ 19 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ലിസ്‌ ട്രസ് സർക്കാർ ഇത് മരവിപ്പിച്ച് വീണ്ടും 19 ശതമാനമാക്കി കുറച്ചു. ഇതോടെ വിപണിയില്‍ വന്‍ തകര്‍ച്ചയ്‌ക്ക്‌ വഴിവച്ചു. പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു.

ലിസ്ട്രസിന്റെതന്നെ നയത്തിന്റെ ഭാഗമായിരുന്നു നികുതി ഇളവെങ്കിലും കാര്യങ്ങള്‍ കൈവിട്ടതോടെ ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. നികുതിയിളവ് ഏര്‍പ്പെടുത്തിയത് തിരിച്ചടിയായെന്ന്‌ പിന്നീട്‌ അവർ സമ്മതിച്ചു.   ജെറമി ഹണ്ടിനെ പുതിയ ധനമന്ത്രിയാക്കിയെങ്കിലും പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top