11 May Saturday

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്‌ 8ന്‌ ; നെഞ്ചിടിപ്പേറി ബെെഡൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 6, 2022


വാഷിങ്‌ടൺ
പ്രസി‍ഡന്റ് ജോ ബൈഡന്റെ ഭരണത്തിന്റെ വിലയിരുത്തലായി മാറുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ ആകെയുള്ള നൂറിൽ 34 സീറ്റിലേക്കും ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബൈഡന്റെ  നാലുവർഷ കാലാവധിയുടെ നേർപാതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർടി പ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 36 സംസ്ഥാനത്തെ ഗവർണർ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.

നിലവിൽ പ്രതിനിധിസഭയിൽ ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്ക്‌ എട്ട്‌ സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്‌. റിപ്പബ്ലിക്കന്മാർക്ക്‌ 212, ഡെമോക്രാറ്റുകൾക്ക്‌ 220 എന്നിങ്ങനെയാണ്‌ സീറ്റുനില. മൂന്ന്‌ സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നു. നൂറംഗ സെനറ്റിലാകട്ടെ, ഏതാണ്ട്‌ തുല്യ ബലാബലവും. റിപ്പബ്ലിക്കൻസ്‌ 50, ഡെമോക്രാറ്റ്‌സ്‌ 48, സ്വതന്ത്രർ രണ്ട്‌. നിർണായക ഘട്ടങ്ങളിൽ അധ്യക്ഷയായ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്റെ 'ടൈ ബ്രേക്കർ' വോട്ടുകൊണ്ടുമാത്രം ഭരണപക്ഷം രക്ഷപ്പെടുന്ന അവസ്ഥ.

പ്രതിനിധിസഭയിലെങ്കിലും റിപ്പബ്ലിക്കൻസ്‌ മേൽക്കൈ നേടാനുള്ള സാധ്യത സർവേ ഫലങ്ങള്‍ തള്ളിക്കളയുന്നില്ല. പ്രസിഡന്റ്‌ ജോ ബൈഡന്റെ ജനസമ്മിതില്‍ അടുത്തിടെ റെക്കോഡ്‌ ഇടിവുണ്ടായതായി സർവേകൾ സൂചിപ്പിക്കുന്നു. പ്രധാന സഭകളിലൊന്ന്‌ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലായാൽ ബൈഡൻ ഭരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കും.  സെനറ്റിൽ റിപ്പബ്ലിക്കൻ പാർടി അധികം സീറ്റ്‌ നേടിയാലും ഭരണപക്ഷം പ്രശ്‌നത്തിലാകും.

ഇടക്കാല തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാൽ 2024ൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുമെന്ന്‌ ഡോണൾഡ്‌ ട്രംപ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഗർഭഛിദ്ര അവകാശം എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയും അനിയന്ത്രിതമായ വിലക്കയറ്റവുമാണ് തെരഞ്ഞെടുപ്പിലെ സജീവ ചർച്ച.

ശക്തിതെളിയിക്കാന്‍  ‘സമോസ കോക്കസ്‌’
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ അഞ്ച്‌ ഇന്ത്യൻ വംശജരും. നാല്‌ സിറ്റിങ്‌ എംപിമാരും ഒരു പുതുമുഖവുമാണ്‌ ഡെമോക്രാറ്റിക്‌ പാർടി ടിക്കറ്റിൽ മത്സരിക്കുന്നത്‌. പ്രതിനിധിസഭയിലെ ‘സമോസ കോക്കസ്‌’ എന്നറിയപ്പെടുന്ന ഇന്ത്യൻ വംശജരായ അംഗങ്ങളാണ്‌ വീണ്ടും മത്സരിക്കുന്ന ആമി ബെറ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നിവർ. ഇവരിൽ ഏറ്റവും മുതിർന്ന അംഗമായ ആമി ബെറ ആറാംതവണയാണ്‌ മത്സരിക്കുന്നത്‌. ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ശ്രീനിവാസ്‌ തനേദാർ മിഷിഗനിലെ ഉറച്ച ഡെമോക്രാറ്റ്‌ മണ്ഡലത്തിൽനിന്ന്‌ മത്സരിക്കുന്നു. ഇതോടെ അഞ്ച്‌ പ്രതിനിധിസഭാംഗങ്ങളുമായി യുഎസ്‌ കോൺഗ്രസിലെ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്റെ നേതൃത്വത്തിലുള്ള സമോസ കോക്കസിന്‌ ശക്തിയേറുമെന്നാണ്‌ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top