30 April Tuesday

വിമാനം തകരല്‍: കുട്ടികളെ കണ്ടെത്തിയത്‌ 
‘ഓപ്പറേഷൻ ഹോപ്പി’ലൂടെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

ബൊഗോട്ട
ആമസോൺ വനത്തിൽ വിമാനം തകർന്ന്‌ കാണാതായ കുട്ടികളെ കണ്ടെത്തിയതിലൂടെ 40 ദിവസം നീണ്ടുനിന്ന ‘ഓപ്പറേഷൻ ഹോപ്‌’ ദൗത്യത്തിനുകൂടിയാണ്‌ വിരാമമാകുന്നത്‌. പുലികൾ, പാമ്പുകൾ, മറ്റു വന്യജീവികൾ, മയക്കുമരുന്ന് കടത്തുകാർ തുടങ്ങിയവരുടെ വിഹാരകേന്ദ്രമായ വനമേഖലയിൽനിന്ന്‌ നാലു കുട്ടികളെയും രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ കൊളംബിയന്‍ സര്‍ക്കാര്‍. ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയിൽനിന്ന് ഗ്വവിയർ പ്രവിശ്യയിലെ സാൻ ജോസ് ഡെൽ ഗ്വവിയറിലേക്ക് ഏഴു പേരുമായി സഞ്ചരിച്ച സെസ്‌ന 206 വിമാനം റഡാറുകളിൽനിന്ന് അപ്രത്യക്ഷമായശേഷം എൻജിൻ തകരാറിനെത്തുടർന്ന്‌ കൊളംബിയയിലെ കാക്വെറ്റ–- ഗ്വവിയർ പ്രവിശ്യകൾക്കിടയിലെ അതിർത്തിക്കടുത്ത്‌ മെയ്‌ ഒന്നിനാണ് തകർന്നുവീണത്.

ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ അമ്മ മഗ്‌ഡലീന മുക്കുട്ടി, വിമാനത്തിന്റെ പൈലറ്റ്‌, പ്രാദേശിക നേതാവ്‌ എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചു. പിന്നാലെ കുട്ടികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. വനത്തെക്കുറിച്ച് അടുത്തറിയാവുന്ന 160 സൈനികരും 70 തദ്ദേശീയരും ഉൾപ്പെട്ട സംഘമാണ്‌ ഓപ്പറേഷൻ ഹോപ്പിന്റെ ഭാഗമായി പ്രവർത്തിച്ചത്‌. വനത്തോട് ഇണങ്ങിജീവിക്കുന്ന വിറ്റോട്ടോ എന്നറിയപ്പെടുന്ന തദ്ദേശീയ ഹുയിറ്റോട്ടോ വിഭാഗത്തിൽനിന്നുള്ളവരായിരുന്നു കുട്ടികൾ.

ഇവർ സഞ്ചരിച്ച പാതകണ്ടെത്താന്‍ ഉപ​ഗ്രഹ ചിത്രങ്ങള്‍വരെ പരിശോധിച്ചു. കുട്ടികളിൽ മൂത്തയാൾക്ക്‌ വനത്തിലുള്ള പരിചയം അവരുടെ ജീവൻ നിലനിർത്താൻ സഹായിച്ചെന്ന് കരുതുന്നു. എന്നാൽ, ഇവർ സഞ്ചരിച്ചുകൊണ്ടേയിരുന്നത്‌ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top