27 April Saturday

‘ഡു നോട്ട്‌ ടച്ച്‌ മൈ ക്ലോത്‌സ്‌’; താലിബാന്റെ വസ്‌ത്രധാരണ ചട്ടങ്ങൾക്കെതിരെ സ്‌ത്രീകളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

Photo Credit: Twitter/#DoNotTouchMyClothes

കാബൂൾ > അഫ്‌ഗാനിസ്ഥാനിലെ വിദ്യാർഥിനികൾക്കായി താലിബാൻ പുറത്തിറക്കിയ വസ്‌ത്രധാരണ ചട്ടങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. ‘ഡു നോട്ട്‌ ടച്ച്‌ മൈ ക്ലോത്‌സ്‌’ (#DoNotTouchMyCloths), അഫ്‌ഗാൻ കൾച്ചർ (#AfghanCulture) എന്നീ ഹാഷ്‌ടാഗുകളിൽ പല നിറത്തിലുള്ള പരമ്പരാഗത വസ്‌ത്രങ്ങൾ അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ്‌ ലോകത്താകമാനമുള്ള അഫ്‌ഗാൻ വനിതകൾ പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്‌.

 

താലിബാൻ നിർബന്ധമാക്കിയ യാഥാസ്ഥിതിക വസ്‌ത്രധാരണ രീതി അഫ്‌ഗാന്റെ പരമ്പരാഗത വസ്‌ത്രധാരണ രീതിയിൽ നിന്ന്‌ വിഭിന്നമാണെന്ന്‌ തെളിയിക്കുകയാണ്‌ വനിതകൾ. അധികാരത്തിലെത്തിയതിന്‌ പിന്നാലെ സെപ്‌തംബർ 5ന്‌ താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സർവകലാശാലകളിലെയും കോളേജുകളിലെയും വനിതാ വിദ്യാർഥികൾക്കായി പുറത്തിറക്കിയ ഉത്തരവാണ്‌ ഇപ്പോൾ പ്രതിഷേധത്തിന്‌ കാരണമാകുന്നത്‌.


ഉത്തരവ്‌ പ്രകാരം വിദ്യാർഥിനികളും വനിതാ അധ്യാപകരും മറ്റ്‌ ജീവനക്കാരികളും ശരീരം മുഴുവൻ മറയ്‌ക്കുന്ന തരത്തിലുള്ള അബായയോ നിഖാബോ ധരിക്കണം. ഇത്‌ കറുത്ത നിറത്തിലുള്ളതാകണമെന്നും കയ്യുറകൾ വേണമെന്നും ഉത്തരവിൽ പറയുന്നു.


അഫ്‌ഗാനിലെ അമേരിക്കൻ സർവകലാശാലയിലെ ചരിത്രാധ്യാപിക ഡോ. ബഹറാണ്‌ ക്യാമ്പയിന്‌ തുടക്കം കുറിച്ചത്‌. ‘ഇതാണ്‌ അഫ്‌ഗാൻ സംസ്‌കാരം. ഞാൻ അണിഞ്ഞിരിക്കുന്നതാണ്‌ പരമ്പരാഗത അഫ്‌ഗാൻ  വസ്‌ത്രം’ എന്ന അടിക്കുറിപ്പിനൊപ്പം തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്‌ ബഹാർ ക്യാമ്പന്‌ ആരംഭിച്ചത്‌. തുടർന്ന്‌ ഇതിന്‌ വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top