27 April Saturday

ടൊയോട്ട റഷ് വരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2017

കൊച്ചി > കുറെക്കാലമായി ഇന്ത്യയിലെ വാഹന പ്രേമികള്‍ കേട്ട വാര്‍ത്ത യാഥാര്‍ഥ്യമാവുന്നു. ടൊയോട്ടയുടെ കോംപാക്ട് എസ്യുവി 'റഷ്' ഈ വര്‍ഷം പകുതിയ്ക്കു മുമ്പ് നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. ആദ്യ പരീക്ഷണത്തില്‍ ചുവടുറയ്ക്കാത്തതിനാല്‍ കൂടുതല്‍ കരുതലോടെയാണ് ഇറങ്ങിക്കളിക്കാനുള്ള ടൊയോട്ടയുടെ ഇത്തവണത്തെ തീരുമാനം.

ഇന്ത്യന്‍ കാര്‍ വിപണിയുടെ പ്രധാന മേഖലയായ പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങളുടെ നിരയില്‍ സാന്നിധ്യമില്ലാതിരുന്ന ടൊയോട്ട എറ്റിയോസും ലിവോയും പുറത്തിറക്കിക്കൊണ്ടായിരുന്നു ഒരു ചുവടുവച്ചത്. പിന്നീട് ഇവ ഒന്നിലേറെത്തവണ മുഖം മിനുക്കിയിറക്കുകയും ക്രോവസ് ഓവര്‍ പതിപ്പ് എത്തിക്കുകയും ചെയ്തെങ്കിലും മാരുതിയുടെ പത്തിലൊന്ന് വിപണിവിഹിതം പോലും ഉണ്ടാക്കാനായില്ല. ഈ ദാവീദ്-ഗോല്യാത്ത് പോരാട്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ്  'റഷ്' എത്തുന്നത്.

മറ്റ് പല രാജ്യങ്ങളിലും റഷ് വിപണിയിലുണ്ട്. ടൊയോട്ടയുടെ വിലകുറഞ്ഞ വാഹന നിര്‍മ്മാണ വിഭാഗമായ ഡൈഹറ്റ്സുവിന്റെ പേരിലാണ് ചില വിപണിയില്‍ ഈ വാഹനമെത്തിയത്. ഇന്ത്യയില്‍ പക്ഷെ ടൊയോട്ട ബ്രാന്‍ഡില്‍ തന്നെയാകും എത്തുന്നത് എന്നാണ് സൂചന. 1.5 ലിറ്റര്‍ കരുത്തുള്ള പെട്രോള്‍എഞ്ചിനും 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാകും കരുത്തു പകരുന്നത്. അടിസ്ഥാന മോഡലില്‍ത്തന്നെ എബിഎസും എയര്‍ബാഗും അടക്കം ആഡംബരത്തിലും സുരക്ഷയിലുമെല്ലാം ഏറെ മികവോടെയാകും വരവ്.

8-12 ലക്ഷമായിരിക്കും വിലയെന്നാണ് പ്രതീക്ഷ. 5 സീറ്റ്, 7 സീറ്റ് മോഡലുകളില്‍ ഏതാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.  മാരുതീ വിറ്റാര ബ്രസ, ഹ്യൂണ്ടായ് ക്രേറ്റ, ഫോഡ് ഇക്കോസ്പോട്ട് തുടങ്ങിയവയായിരിക്കും മുഖ്യ എതിരാളികള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top