26 April Friday

എതിരാളികളെ മലര്‍ത്തിയടിക്കാന്‍ ആല്‍ഫയില്‍ അല്‍ട്രോസുമായി ടാറ്റ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ആ​ഗോള വാഹന വിപണിയിൽ കരുത്തരായ ടാറ്റാമോട്ടോഴ്സ് ഇന്ത്യയിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്. വിപണി വിഹിതം അഞ്ച് ശതമാനത്തിൽ താഴെയാണ്. മുൻകാലങ്ങളിൽ ഗുണമേന്മയിലും വിൽപ്പനാനന്തര സേവനത്തിലുമുണ്ടായ പാളിച്ചകളാണ് അവർക്ക് വിനയായത്. പിന്നീട് ഇതിനൊക്കെ മാറ്റമുണ്ടായി. ഡിസൈൻ രംഗത്ത് വലിയ അഴിച്ചുപണിക്ക് അവർ തയ്യാറായി. ഇംപാക്ട് 2.0 പോലുള്ള പദ്ധതികൾ ഇതിനുദാഹരണമാണ്. ടിയാഗോ മുതൽ ഹാരിയർ വരെയുള്ള മോഡലുകൾ ഇത്തരം ശ്രമങ്ങളുടെ ഫലമാണ്. ഗ്ലോബൽ എൻസിഎപിയിൽ 5 സ്റ്റാർ റേറ്റിങ്ങുള്ള നെക്സൺ വൻ സ്വീകാര്യത നേടുന്നതും നാം കണ്ടു.

ലോകോത്തര ബ്രാൻഡായ ജാഗ്വാർ ആൻഡ്‌ ലാൻഡ്‌ റോവറിനെ ഏറ്റെടുത്തതും ടാറ്റയുടെ നേട്ടം തന്നെയാണ്.  വൈദ്യുതി വാഹനങ്ങളുടെ കാര്യത്തിലുൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിലുള്ള പല പദ്ധതികളും ടാറ്റയ്ക്കുണ്ട്. പക്ഷേ, വിപണിയിലെ പ്രതിസന്ധിയിൽ ഇപ്പോൾ പിടിച്ചുനിൽക്കാൻ എത്രയുംവേഗം പുതിയ മോഡലുകൾ അവതരിപ്പിക്കണം എന്ന് ടാറ്റാമോട്ടോഴ്സ് തിരിച്ചറിഞ്ഞിരിക്കുന്നു. അൽട്രോസ് എന്ന പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിച്ചിരിക്കുന്നത് അതിന്റെ ഭാ​ഗമായി കാണാം. ആദ്യ അൽട്രോസ് പുണെ ഫാക്ടറയിൽനിന്ന്‌ പുറത്തുവന്നുകഴിഞ്ഞു. അടുത്ത ജനുവരിയിൽ വിപണിയിൽ എത്തിക്കുമെന്നാണ് ടാറ്റാമോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

45 എക്സ് എന്ന കോൺസെപ്റ്റിൽനിന്ന് കാര്യമായ വ്യതിയാനമില്ലാതെയാണ് അൽട്രോസ് വികസിപ്പിച്ചിരിക്കുന്നത്. ടാറ്റയുടെ പുതിയ ആൽഫാ പ്ലാറ്റ്ഫോമിലുള്ള ആദ്യ കാറാണിത്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, ഗൂഗിളിന്റെ പിന്തുണയുള്ള, ആപ്പ് അധിഷ്ഠിത വോയ്സ് കമാൻഡ്‌ ഫങ്ഷനുകൾ, 341 ലിറ്റർ ബൂട്ട് എന്നിവയുള്ള അൽട്രോസ് സെഗ്‌മെന്റിലെ ഏറ്റവും വീതിയുള്ള കാറായിരിക്കും.

ടർബോ പിന്തുണയുള്ളതും അല്ലാത്തതുമായ രണ്ട് 1.2 ലിറ്റർ പെട്രോൾ എൻജിനുകളും നെക്സണിലുള്ള 1.5 ലിറ്റർ ടർബോ ഡീസൽ എൻജിനും പ്രതീക്ഷിക്കാം. തുടക്കത്തിൽ 5 സ്പീഡ് മാന്വൽ ഗിയർബോക്സ് മാത്രമേ ഉണ്ടാകൂ. ഐ 20, ബലേനോ, ഗ്ലാൻസ, ജാസ് എന്നീ എതിരാളികളോട് മത്സരിക്കാവുന്ന വിധത്തിലാകും അൽട്രോസിന്റെ വരവ്. ഏകദേശം 5-.8 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന എക്സ് ഷോറൂം വില.
(ടോപ്​ഗിയർ മാ​ഗസിന്റെഎഡിറ്റർ ഇൻ ചീഫാണ്  ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top