26 April Friday

ക്രിസ്റ്റ വരുന്നു കീഴടക്കാന്‍

സി ജെ ഹരികുമാര്‍Updated: Sunday May 8, 2016

വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തി. 2005ല്‍ ഇന്ത്യന്‍വിപണിയില്‍ അവതരിച്ചശേഷം ഇത് രണ്ടാം തവണയാണ് ഇന്നോവയുടെ പുനര്‍ജനനം.

വന്‍തോതില്‍ സ്വീകാര്യത ലഭിച്ച ക്വാളിസിന്റെ പകരക്കാരനായെത്തി നിരത്ത് കീഴടക്കിയ നിലവിലെ ഇന്നോവയുടെ പരാതികളും പരിഭവങ്ങളും പരിഹരിക്കുന്നതിനോടൊപ്പം സാങ്കേതികതയിലും കരുത്തിലും വലിയ മാറ്റങ്ങളുമായാണ് പുത്തന്‍ ഇന്നോവ ക്രിസ്റ്റ എത്തുന്നത്. കാഴ്ചയില്‍ ഇന്നോവയുടെ ഛായ നിലനിര്‍ത്തുന്നതിനൊപ്പം അകമഴകിലും പുറംഭംഗിയിലും വിപണിയിലുള്ള മോഡലുകളെക്കാള്‍ തെല്ല് മുന്‍പന്തിയിലാണ് ക്രിസ്റ്റ എന്നത് സംശയഭേദമെന്യെ പറയാം.

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ക്രിസ്റ്റ മോഡലുകളുടെ കരുത്ത്. 2.8 ലിറ്റര്‍ 6 സ്പീഡ് ഓട്ടോമാറ്റിക് മോഡലിന് 14.29 കിലോമീറ്ററും 2.4 ലിറ്റര്‍ മാനുവല്‍ മോഡലിന് 15.10  കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. എക്കോ, പവര്‍ ഡ്രൈവിങ് മോഡുകള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. എട്ട് ഇഞ്ച് ഇന്‍ഫൊടെയ്ന്റ്മെന്റ് സിസ്റ്റം, ക്രൂയ്സ് കണ്‍ട്രോള്‍, പുതിയ ഗ്രില്‍, ഓട്ടോമാറ്റിക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഫോഗ് ലാമ്പ്, 16 ഇഞ്ച് അലോയ് വീലുകള്‍, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ആബിയന്റ് ഇല്യൂമിനേഷന്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ക്രിസ്റ്റയുടെ വിവിധ മോഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇഎസ്ഡ് എക്സ്, വിഎക്സ്, ജിഎക്സ്, ജി എന്നിങ്ങനെ നാലു മോഡലില്‍ വാഹനം വിപണിയില്‍ ലഭിക്കും. ഇഎസ്ഡ് എക്സ്, വിഎക്സ് മോഡലുകള്‍ക്കാണ് ഓട്ടോമാറ്റിക് പതിപ്പ് ടൊയോട്ട അവതരിപ്പിക്കുന്നത്. എല്ലാ മോഡലിലും മൂന്ന് എയര്‍ബാഗ്, ആന്റിലോക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ര്ടിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുണ്ട്. ഇഎസ്ഡ് എക്സ മോഡലിനാകട്ടെ ഇതിനുപുറമെ ഏഴ് എയര്‍ബാഗും വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഗാര്‍നെറ്റ് റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവാന്ത്–ഗാര്‍ഡ് ബ്രോണ്‍സ്, സില്‍വര്‍, ഗ്രേ, സൂപ്പര്‍ വൈറ്റ് എന്നീ മനോഹര നിറങ്ങളില്‍ ക്രിസ്റ്റ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാന്‍കഴിയും. 13,83,677 രൂപമുതല്‍ 20,77,930 രൂപവരെ വിലയില്‍ (മുംബൈ എക്സ് ഷോറൂം) എത്തുന്ന ക്രിസ്റ്റയുടെ വിവിധ മോഡലുകള്‍ ഈ മാസം 13 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top