08 May Wednesday

അത്ഭുതവിലയിൽ 200 സിസി ബൈക്കുമായി ഹീറോ

സി ജെ ഹരികുമാര്‍Updated: Saturday Sep 15, 2018

ഏറ്റവും കുറഞ്ഞവിലയിൽ  200 സിസി ബൈക്കുമായി ഹീറോ തങ്ങളുടെ ഏറ്റവും  പുതിയ മോഡൽ ഹീറോ എക്സ്ട്രീം 200ആർ പുറത്തിറക്കി. 89,900 രൂപയാണ് പുതിയ എക്സ്ട്രീമിന് വിപണിയിൽ വില.മുഖ്യ എതിരാളികളായ  ടിവിഎസ് അപാച്ചെ, ബജാജ് പൾസർ ബൈക്കുകൾക്ക് ഒരുലക്ഷം രൂപമുതൽ വിലയുള്ളപ്പോൾ  എതിരാളികളെ കടത്തിവെട്ടിയാണ് ഹീറോ എക്സ്ട്രീം എത്തിയിരിക്കുന്നത്.  കമ്പനി വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിൻഡർ എൻജിനാണ് എക്സ്ട്രീം 200 ആറിൽ തുടിക്കുന്നത്.  ഇത് പഴയ എക്സ്ട്രീം സ്പോർട്സിനേക്കാൾ കൂടുതൽ കരുത്തുറ്റതാണ്.  എൻജിന് 18.1 ബിഎച്ച്പി കരുത്തും 17.2 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാനാകും. അഞ്ച‌് സ്പീഡ് ഗിയർബോക്സാണ് ബൈക്കിനുള്ളത്.  വിറയൽ അനുഭവപ്പെടുന്നത് പരമാവധി കുറയ്ക്കാൻവേണ്ടി പ്രത്യേക ബാലൻസ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്. 39.9 കിലോമീറ്റർ മൈലേജാണ്  ബൈക്കിന് ഹീറോയുടെ വാഗ്ദാനം.
 
അതേസമയം, മറ്റു 200 സിസി ബൈക്കുകളെ അപേക്ഷിച്ച‌് ഹീറോ എക്സ്ട്രീമിന് കരുത്ത് അൽപ്പം കുറവാണെന്ന് പറയാതെവയ്യ. 376 എംഎം  ടെലിസ്കോപിക്ക് ഫോർക്കുകൾ മുന്നിലും.  പിന്നിൽ മോണോഷോക്ക് അബ്സോർബറും സസ്പെൻഷനും നിറവേറ്റും. 276 എംഎം  ഡിസ്ക് മുൻടയറിൽ ബ്രേക്കിങ് ഒരുക്കുമ്പോൾ 220 എംഎം ഡിസ്കാണ് പിൻടയറിൽ നിയന്ത്രണമേകുക. രൂപകൽപ്പനയിൽ മുതിർന്ന സിബിഇസഡ് എക്സ്ട്രീമിന്റെ പ്രഭാവം 200 സിസിയിൽ   അനുഭവപ്പെടും. അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കിന്റെ ഏറ്റവും ആകർഷണം.  വേഗമുൾപ്പെടെ ഓടിക്കുന്നയാൾക്ക് ആവശ്യമായ വിവരങ്ങൾ ഡിജിറ്റൽ സ്ക്രീൻ ലഭ്യമാക്കും.

മസ്കുലാർ ഫ്യൂവൽ ടാങ്കിന് കുറുകെയുള്ള ഇരട്ടനിറ ഗ്രാഫിക്സ് വാഹനത്തിന് കരുത്തൻലുക്ക് സമ്മാനിക്കുന്നുണ്ട്.  മുൻ കൗളിലും ഫ്യൂവൽ ടാങ്കിലും ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയർവെന്റുകൾ മികവാർന്ന എൻജിൻ കൂളിങ‌്  ഉറപ്പുവരുത്തും. അധികസുരക്ഷ നൽകാൻ ഓപ്ഷണലായി എബിഎസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജൻ ഹെഡ്ലാംമ്പ്, എൽഇഡി ടെയിൽ ലാംമ്പ്, ഡ്യുവൽ ടോൺ സീറ്റ്, മൾട്ടി സ്പോക്ക് 17 ഇഞ്ച് വീൽ,  അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് 200 സിസി എക്സ്ട്രീമിന്റെ പ്രധാന സവിശേഷതകൾ. 148 കിലോയാണ് വാഹനത്തിന്റെ ഭാരം. 12.5 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. മണിക്കൂറിൽ പരമാവധി 114 കിലോമീറ്ററാണ് വേഗത. 4.6 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാനും സാധിക്കും.

വിഭജിച്ച ഗ്രാബ് ഹാൻഡിലുകളുടെയും പരിഷ്കരിച്ച ടെയിൽ യൂണിറ്റും കാഴ്ചയിൽ മികച്ച അനുഭവമാണ് മോഡലിന് സമർപ്പിക്കുന്നത്.   ഓറഞ്ച് ഹെവി ഗ്രെയ്, ബ്ലാക്ക‌്  സ്പോർട്സ് റെഡ്, സ്പോർട്സ് റെഡ്, പാന്തർ ബ്ലാക്ക‌്  ഫോഴ്സ് സിൽവർ, ടെക്നോ ബ്ലൂ എന്നിങ്ങനെ അഞ്ചു നിറങ്ങളിൽ ബൈക്ക് ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top