08 May Wednesday

ഗ്ളാസിനെ സ്മാര്‍ട്ടാക്കാന്‍ നാനോ കണങ്ങള്‍

സംഗീത ചേനംപുല്ലിUpdated: Thursday Jun 23, 2016

നിങ്ങളുടെ ജനാലച്ചില്ല് വേണ്ടസമയത്ത് ഒരു ടിവി സ്ക്രീനായും കംപ്യൂട്ടര്‍ സ്ക്രീനായുമൊക്കെ മാറുന്നത് സങ്കല്‍പ്പിച്ചുനോക്കൂ. അത്തരം ഒന്നിലേക്ക് ഏറെ ദൂരമില്ലെന്നാണ് അഡിലെയ്ഡ് സര്‍വകലാശാലയില്‍നിന്നുള്ള പുതിയ വാര്‍ത്ത.

പ്രകാശം അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ക്കായി അന്വേഷണങ്ങള്‍ ഏറെ ഊര്‍ജിതമായ കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. വിവരകൈമാറ്റം, കംപ്യൂട്ടിങ്, സെന്‍സറുകള്‍ തുടങ്ങിയ മേഖലകളെയെല്ലാം പ്രകാശ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മെച്ചപ്പെട്ടതാക്കാന്‍ വ്യാപകമായ ഗവേഷണം നടക്കുന്നുണ്ട്. ഒപ്ടിക്കല്‍ കംപ്യൂട്ടിങ്, ലൈ–ഫൈ തുടങ്ങിയവ അടുത്തകാലത്ത് വ്യാപകശ്രദ്ധ നേടുകയുണ്ടായി. ഉയര്‍ന്ന കാര്യക്ഷമത, കുറഞ്ഞ ഊര്‍ജോപയോഗം, കൈമാറുന്ന വിവരങ്ങളുടെ സുരക്ഷ, കുറഞ്ഞ ചെലവ് തുടങ്ങി ഒട്ടേറെ ഗുണങ്ങളുണ്ട് പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യക്ക്. സുതാര്യത, എളുപ്പത്തില്‍ നാരു രൂപത്തിലേക്ക് മാറ്റാനുള്ള കഴിവ്, നിഷ്ക്രിയ സ്വഭാവം ഇവയൊക്കെ ഗ്ളാസിനെ വിവര പ്രസരണരംഗത്ത് പ്രിയങ്കരമാക്കുന്നുമുണ്ട്. ഈ മേഖലയില്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് അഡിലെയ്ഡ് സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകസംഘം.

പ്രകാശം ആഗിരണംചെയ്ത് മറ്റൊരു രൂപത്തില്‍ പുറത്തുവിടുന്ന നാനോകണങ്ങളെ ഗ്ളാസില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പുതിയ വിദ്യയാണ് അഡിലെയ്ഡ് ഗവേഷകസംഘം.  വികസിപ്പിച്ചത്. നാനോകണങ്ങളും ചില്ലുപാളികളും  വേറെവേറെ നിര്‍മിച്ചശേഷം ഉയര്‍ന്ന താപനിലയില്‍ സംയോജിപ്പിക്കുന്ന ഈ രീതി ഡയറക്ട് ഡോപ്പിങ് എന്നറിയപ്പെടുന്നു. ഗ്ളാസിന്റെ നിര്‍മാണഘട്ടത്തില്‍തന്നെ നാനോകണങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നതാണ് നിലവിലുള്ള രീതി. പക്ഷേ ഗ്ളാസിന്റെ സുതാര്യത നഷ്ടപ്പെടാനും, ചിലയിടങ്ങളില്‍ മാത്രം കണങ്ങള്‍ കേന്ദ്രീകരിക്കപ്പെടാനും ഈ രീതി കാരണമാകും. ഈ പരിമിതികളെ മറികടക്കാന്‍ ഡയറക്ട ഡോപ്പിങ് രീതിക്ക് കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതുവഴി സുതാര്യമായതും അതേസമയം പ്രകാശത്തോട് പ്രതികരിക്കുന്നതുമായ ഗ്ളാസ് നിര്‍മിക്കാനാവും.

ആന്തരാവയവങ്ങളുടെ ചിത്രങ്ങള്‍ എടുക്കാനും, ത്രീഡിഡിസ്പ്ളേകളിലും, അണുപ്രസരണം തിരിച്ചറിയാനുള്ള ന്യൂക്ളിയര്‍ സെന്‍സറുകളായും ജൈവകണങ്ങളെ തിരിച്ചറിയാന്‍ ബയോ സെന്‍സറുകളായുമൊക്കെ നാനോകണങ്ങള്‍ അടങ്ങിയ ഗ്ളാസ് ഉപയോഗിക്കാം. മസ്തിഷ്കത്തിലെ സവിശേഷ ന്യൂറോണുകളെ തിരിച്ചറിഞ്ഞ് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത്തരം ഗ്ളാസ്കൊണ്ടുണ്ടാക്കിയ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ലേസര്‍ ഉപയോഗിച്ചുള്ള നിലവിലെ രീതിയെക്കാള്‍ ഏറെ സുരക്ഷിതമാകും ഇത്.

പ്രകാശത്തോട് പ്രതികരിക്കുന്നവ മാത്രമല്ല, കാന്തിക സ്വഭാവം ഉള്ളതും, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്നതും ഒക്കെയായി പലതരം നാനോകണികകള്‍ ഇത്തരത്തില്‍ ഗ്ളാസുമായി സംയോജിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇവയടങ്ങിയ ഗ്ളാസിനെ എളുപ്പത്തില്‍ നാര് രൂപത്തിലേക്ക് optical fibre മാറ്റാന്‍കഴിയും എന്നതും ഇതിന്റെ പ്രയോഗസാധ്യത കൂട്ടുന്നു.

അവലംബം:–https://www.adelaide.edu.au/news/news85362.html

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top