11 May Saturday

ഗൂഗിള്‍ ഡ്രൈവ് വക ഓട്ടോസിങ്ക്

നിഖില്‍ നാരായണന്‍Updated: Thursday Jun 22, 2017

കംപ്യൂട്ടറിലെ പ്രധാനപ്പെട്ട ഫയലുകള്‍ സൂക്ഷിക്കാന്‍ നമ്മള്‍ പല മാര്‍ഗങ്ങള്‍ തേടാറുണ്ട്. എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്ക്, ക്ളൌഡ് സ്റ്റോറേജ് എന്നിവയാണ് നാം സാധാരണയായി ഇതിനായി ഉപയോഗിക്കുന്ന വഴികള്‍. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ബാക്കപ്പ് എടുക്കാന്‍ ദിവസവും ഹാര്‍ഡ്ഡിസ്ക് കണക്ട് ചെയ്യുന്നത് പലപ്പോഴും പ്രായോഗികമാകില്ല. സ്ഥിരമായി കൂടെ ഹാര്‍ഡ്ഡിസ്ക് കൊണ്ടുനടന്നാല്‍ അതിന് കേടുപാട്  സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അപ്പോള്‍ പിന്നെ ബാക്കപ്പ് ചെയ്ത ഡാറ്റയെല്ലാം വെള്ളത്തിലാകും. എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്ക് ബാക്കപ്പിന് ഉപയോഗിക്കുന്നുവെങ്കില്‍ അത് പണവും സ്വര്‍ണവും ഒക്കെ സൂക്ഷിക്കുന്നപോലെ സുരക്ഷിതമായി വയ്ക്കുകയും വേണം. ഡാറ്റ ആണല്ലോ ഇന്നത്തെ സ്വര്‍ണം.

രണ്ടാമത്തെ വഴി ബോക്സ്, ഡ്രോപ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് മുതലായ ക്ളൌഡ് സേവനങ്ങള്‍ ഉപയോഗിച്ച്, ഫയലുകള്‍ അപ്ലോഡ്ചെയ്യുക. ഇത് ദിവസവും ചെയ്യുക മെനക്കെട്ട പണിയാണെന്നു മാത്രമല്ല, ഇതു ചെയ്യാന്‍ മറന്നുപോയ ദിവസമാകും നിങ്ങളുടെ കംപ്യൂട്ടര്‍ ക്രാഷ് ചെയ്യുന്നത്. —അബദ്ധങ്ങള്‍ അങ്ങനെയൊക്കെ ആണല്ലോ സംഭവിക്കുക. അപ്പോള്‍ ഫയലുകള്‍ താനെ അപ്ലോഡ് ആയാലോ? കൊള്ളാം അല്ലെ. ഡ്രോപ്ബോക്സിന് ഇങ്ങനെ താനെ അപ്ലോഡ് ആവുന്ന സേവനം ഉണ്ട്. പക്ഷെ നമ്മുടെ ഫയലുകള്‍ ഒരു പ്രത്യേക ഫോള്‍ഡറില്‍ കോപ്പിചെയ്ത് വയ്ക്കേണ്ടിവരും. എന്നാല്‍ മാത്രമേ ഈ സംവിധാനത്തിന് എന്താണ് അപ്ലോഡ് ചെയ്യേണ്ടതെന്നത് മനസ്സിലാകൂ. ഇത് കുറച്ചുകൂടി ലളിതമാക്കിയാണ് ഗൂഗിള്‍ തങ്ങളുടെ ഡ്രൈവില്‍ ഈ സേവനം ലഭ്യമാക്കാന്‍ പോകുന്നത്.

ബാക്കപ്പ് ആന്‍ഡ്  സിങ്ക് എന്നു പേരിട്ട ഈ ഗൂഗിള്‍ ഡ്രൈവ് സേവനംവഴി നിങ്ങളുടെ ഡെസ്ക്ടോപ്, ഡോക്യുമെന്റ്സ്, ഫോട്ടോ ലൈബ്രറി എന്നീ ഇടങ്ങളിലെ ഫയലുകള്‍ താനെ നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് അക്കൌണ്ടിലേക്ക് അപ്ലോഡ് ആയിക്കൊണ്ടിരിക്കും. ഈ മാസം അവസാനം ലഭ്യമാകാന്‍ പോകുന്ന ഈ സേവനം ഉപയോഗിക്കാന്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഡ്രൈവ് ഇന്‍സ്റ്റാള്‍ചെയ്യേണമെന്ന് എടുത്തുപറയേണ്ടല്ലോ. https://www.google.com/drive/download/  ഈ ലിങ്കില്‍ ചെന്നാല്‍ ഡ്രൈവ് ഇന്‍സ്റ്റാള്‍ചെയ്യാം.അപ്പോള്‍ ഇത് സൌജന്യമാണോ എന്ന സ്ഥിരം ചോദ്യംഇവിടെയും പ്രസക്തമാണ്. 15 ജിബിവരെ നിങ്ങളുടെ അക്കൌണ്ടുമായി ബന്ധപ്പെട്ട്ഗൂഗിള്‍ സൌജന്യമായി തരുന്നുണ്ട്. അതില്‍ കൂടുതല്‍ ആയാല്‍ പണം ചെലവാകും. ജിബി പരിധി കടക്കാതെ വേണ്ടാത്ത ഫയലുകള്‍ ബാക്കപ്പില്‍നിന്ന് ഡിലീറ്റ്ചെയ്യാന്‍ ശ്രമിച്ചാല്‍ സാധിക്കുകയും ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top