02 May Thursday

ടൂത്ത് ബ്രഷും പാസ്‌വേഡും തമ്മിലെന്ത്..?

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2016

ടൂത്ത് ബ്രഷും നമ്മുടെ ഇമെയില്‍ പാസ്‌വേഡും തമ്മിലെന്താണ് സാമ്യം? അസിസ്റ്റന്റ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ ചോദ്യത്തിനു മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ ആലോചനയിലാണ്ടു. ഉത്തരവും അസിസ്റ്റന്റ് കളക്ടര്‍ തന്നെ നല്കി. മൂന്നു കാര്യങ്ങളിലാണ് ഇവ തമ്മില്‍ സാമ്യമുള്ളത്. ടൂത്ത്ബ്രഷും പാസ്‌വേഡും ശ്രദ്ധയോടെ നല്ലതു നോക്കി തെരഞ്ഞെടുക്കണം; മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്കരുത്; മൂന്നാമതായി, ഇടയ്ക്കിടക്ക് മാറ്റണം.

സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇജാഗ്രത പദ്ധതിയുടെ ടിസിഎസില്‍ നടന്ന ആദ്യഘട്ട പരിശീലന വേദിയിലായിരുന്നു അസിസ്റ്റന്റ് കളക്ടര്‍ കുട്ടികളുമായി സംവദിക്കാനെത്തിയത്.

സൈബര്‍സെക്യൂരിറ്റി രാജ്യസുരക്ഷയുമായി തന്നെ ബന്ധപ്പെട്ടു നില്ക്കുന്നതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ അമിതമായ താത്പര്യം വ്യക്തിത്വം വികലമാക്കുക വരെ ചെയ്യുമെന്ന് അസിസ്റ്റന്റ് കളക്ടര്‍ ഉദാഹരണസഹിതം കുട്ടികളോടു പറഞ്ഞു. പുതിയ ആശയങ്ങള്‍ ലഭിക്കാനും പങ്കുവയ്ക്കാനുമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കേണ്ടതെന്നും രേണു രാജ് പറഞ്ഞു.

എറണാകുളം വിദ്യാഭ്യാസജില്ലയിലെ 29 സ്‌കൂളുകളിലെ  വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ 58 പേര്‍ക്കായിരുന്ന ഇന്‍ഫോപാര്‍ക്ക് ടിസിഎസ് സെന്ററില്‍ പരിശീലനം നല്കിയത്. സൈബര്‍ വിദഗ്ദ്ധന്‍ ഫ്രാന്‍സിസ് പെരേര, നിഷ അനന്തരാജന്റെ നേതൃത്വത്തിലുള്ള ടാറ്റാകണ്‍സള്‍ട്ടന്‍സി ജീവനക്കാര്‍ എന്നിവരാണ് പരിശീലനം നയിച്ചത്. സുരക്ഷിതമായ മൊബൈല്‍ ഉപയോഗം, ഗെയിമിങ് & സോഷ്യല്‍ മീഡിയ, അമിത ഇന്റര്‍നെറ്റ് ഉപഭോഗം മൂലമുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇന്റര്‍നെറ്റിന്റെ ഫലപ്രദമായ ഉപയോഗം, ഇത് നല്കുന്ന ജോലിസാധ്യതകള്‍ ന്നിവയെക്കുറിച്ചുള്ള സെഷനുകളും ഉണ്ടായിരുന്നു. പരിശീലനത്തിന്റെ രണ്ടാംഘട്ടം നവംബര്‍ 19നാണ്.

സുരക്ഷിത ഇന്റര്‍നെറ്റ് ബോധവത്കരണപരിപാടിയായ ഇജാഗ്രത ജില്ലയില്‍ എറണാകുളം, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നീ നാലു വിദ്യാഭ്യാസജില്ലകളിലായി 101 ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നടപ്പാക്കാനാണ് പദ്ധതി. ഓരോ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുത്ത ഒരു വിദ്യാര്‍ത്ഥിയ്ക്കും അധ്യാപകനും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പരിശീലനം നല്കും. ഈ പരിശീലനം ലഭിച്ചവരായിരിക്കും തുടര്‍ന്ന് അതത് സ്‌കൂളുകളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top