26 April Friday

ചെസ്‌ ഒളിമ്പ്യാഡ്‌ : സ്വർണക്കരുനീക്കം ; ഗുകേഷ്‌ എട്ടിൽ എട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

image credit chessolympiad.fide.com


ചെന്നൈ
ചെസ്‌ ഒളിമ്പ്യാഡിൽ സ്വർണത്തിനായുള്ള കരുനീക്കം ശക്തമായി. മൂന്ന്‌ റൗണ്ട്‌ ബാക്കിയിരിക്കെ ഓപ്പൺ വിഭാഗത്തിലും വനിതകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്‌. ഓപ്പൺ വിഭാഗത്തിൽ അർമേനിയ ഇന്ത്യൻ എ ടീമിനെ തോൽപ്പിച്ച്‌ 15 പോയിന്റോടെ മുന്നിലാണ്‌. എസ്‌ എൽ നാരായണൻ, അർജുൻ എറിഗെയ്‌സി, വിദിത്ത്‌ ഗുജറാത്തി എന്നിവർ സമനില നേടിയപ്പോൾ പി ഹരികൃഷ്‌ണ തോറ്റു. എന്നാൽ, ഇന്ത്യ ബി ടീം അമേരിക്കയെ അട്ടിമറിച്ചു. ഡി ഗുകേഷ്‌, റോണക്‌ സധ്വാനി എന്നിവർ ജയിച്ചപ്പോൾ നിഹാൽ സരിനും ആർ പ്രഗ്യാനന്ദയ്ക്കും സമനില. ഇന്ത്യ സി ടീം പെറുവിനോട്‌ തോറ്റു. ഇന്ത്യ ബി, ഉസ്‌ബെക്കിസ്ഥാൻ, അസർബൈജാൻ എന്നിവർ 14 പോയിന്റുമായി രണ്ടാമതാണ്‌. അമേരിക്കക്കും ഇന്ത്യൻ എ ടീമിനും 12 പോയിന്റ്‌.

വനിതകളിൽ ഒറ്റയ്ക്ക്‌ മുന്നിലുള്ള ഇന്ത്യ എ ടീമിന്‌ സമനില. ഉക്രെയ്‌നാണ്‌ പിടിച്ചുകെട്ടിയത്‌. നാലുകളിയും സമനിലയായി. ഇന്ത്യ എ 15, ജോർജിയ 14, ഉക്രെയ്‌ൻ 13, അസർബൈജാൻ 12 എന്നിങ്ങനെയാണ്‌ പോയിന്റ്‌. ഇന്ത്യ ബി ടീം ക്രൊയേഷ്യയെ തോൽപ്പിച്ചു. സി ടീം പോളണ്ടിനോട്‌ തോറ്റു.

ഗുകേഷ്‌ എട്ടിൽ എട്ട്‌
ഇന്ത്യൻ ചെസിലെ പുതിയ വിസ്‌മയം ഡി ഗുകേഷ്‌ കുതിപ്പ്‌ തുടരുന്നു. ചെസ്‌ ഒളിമ്പ്യാഡിൽ കളിച്ച എട്ടിലും ജയിച്ചാണ്‌ മുന്നേറ്റം. ലോക ചാമ്പ്യൻ മാഗ്‌നസ്‌ കാൾസനുപോലും സാധിക്കാത്ത നേട്ടം. എട്ടാംറൗണ്ടിൽ അട്ടിമറിച്ചത്‌ അമേരിക്കയുടെ ഫാബിയാനോ കരുവാനയെയാണ്‌. പതിനാറുകാരന്റെ കരുനീക്കത്തിൽ പ്രമുഖതാരങ്ങളായ അർമേനിയയുടെ ഗബ്രിയേൽ സർഗീസനും സ്‌പാനിഷ്‌ താരം അലക്‌സി ഷിറോവും അടിയറവുപറഞ്ഞു. ഏഴാംവയസ്സിൽ കളി തുടങ്ങിയ ഗുകേഷ്‌ ലോകത്തെ പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്‌മാസ്‌റ്ററാണ്‌. ചെന്നൈയിൽ ഇഎൻടി സർജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്‌റ്റായ പത്മയുടെയും മകനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top