26 April Friday
മികച്ച തീരുമാനമെന്ന് വിജയനും പാപ്പച്ചനും

സ്പോർട്‌സ് കൗൺസിലിന്റെ അമരത്ത് പ്രതിരോധത്തിലെ കരുത്തൻ

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023


മലപ്പുറം
ഇന്ത്യൻ ഫുട്ബോളിലെ കരുത്തനായ പ്രതിരോധക്കാരൻ ഇനി കേരള സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത്. കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ പ്രതാപകാലത്ത് കളിക്കളത്തിൽ മുഴങ്ങിയ പേരായിരുന്നു യു ഷറഫലി. കാൽപ്പന്ത്‌ ഗ്രാമമായ മലപ്പുറം ജില്ലയിലെ അരീക്കോട്‌ തെരട്ടമ്മലാണ് നാട്. അവിടെ പന്തുതട്ടിത്തുടങ്ങി കേരള പൊലീസിലൂടെ രാജ്യമറിയുന്ന ഫുട്‌ബോളറായി. 1984ൽ കേരള പൊലീസ്‌ ടീമിലെത്തി.

1985 മുതൽ 1995 വരെ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. 1993ൽ സൂപ്പർ സോക്കർ സീരീസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ നായകന്റെ കുപ്പായമണിഞ്ഞു. 1987 സൗത്ത്‌ ഏഷ്യൻ ഫെഡറേഷൻ (സാഫ്‌) ഗെയിംസിൽ സ്വർണവും 1991 സാഫ്‌ ഗെയിംസിൽ വെള്ളിയും 1993ൽ വെങ്കലവും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1993ൽ സന്തോഷ്‌ ട്രോഫി ജേതാക്കളായ കേരള ടീമിലെ പ്രധാനി. 1994ൽ സന്തോഷ്‌ട്രോഫിയിൽ ഷറഫലി നയിച്ച ടീം റണ്ണറപ്പായി. 1987 ദേശീയ ഗെയിംസിൽ  സ്വർണവും 1993ൽ വെള്ളിയും നേടിയ ടീമിലും ഇടംനേടി. 1993ൽ മികച്ച കായികതാരത്തിനുള്ള ജിവി രാജ പുരസ്‌കാരവും 1994ൽ സംസ്ഥാനത്തെ മികച്ച സീനിയർ ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

കളിക്കളത്തിൽ മാത്രമല്ല കേരള പൊലീസിലെ ഔദ്യോഗിക ജീവിതത്തിലും ഉന്നതസ്ഥാനങ്ങൾ വഹിച്ചു. കളിയിൽനിന്ന്‌ വിരമിച്ചശേഷം കേരള പൊലീസ്‌ ടീമിന്റെ ചീഫ്‌ കോച്ചായും മാനേജരായും പ്രവർത്തിച്ചു. ഈ കാലയളവിൽ ഓൾ ഇന്ത്യ പൊലീസ്‌ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ (2013, 2019) കേരളം കിരീടം ചൂടി. മലപ്പുറം ക്ലാരിയിൽ റാപ്പിഡ്‌ റസ്‌പോൺസ്‌ ആൻഡ്‌ റസ്‌ക്യു ഫോഴ്‌സിന്റെ (ആർആർആർഎഫ്‌) കമാൻഡന്റ്‌ ആയി പ്രവർത്തിക്കെ 2020 മേയ്‌ 30ന്‌ വിരമിച്ചു.  കളിക്കാരനായും പരിശീലകനായും മികച്ച പൊലീസ്‌ ഉദ്യോഗസ്ഥനായും തിളങ്ങിയ ഷറഫലി കായികമേഖലയിലെ മികവുറ്റ സംഘാടകൻകൂടിയാണ്‌. കഴിഞ്ഞവർഷം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ സന്തോഷ്‌ ട്രോഫിക്ക്‌ വേദിയായപ്പോൾ സംഘാടനത്തിലെ കോ–-ഓർഡിനേറ്ററായിരുന്നു.

ജോലിയിൽനിന്ന്‌ വിരമിച്ചശേഷവും വെറുതെയിരുന്നില്ല. പുതിയ താരങ്ങളെ കണ്ടെത്തുക ലക്ഷ്യമിട്ട് അരീക്കോട്‌ കേന്ദ്രമായി നോവസ്‌ സോക്കർ അക്കാദമിക്ക് രൂപം നൽകി. 2028നുള്ളിൽ അക്കാദമിയുടെ താരങ്ങളെ ഉൾപ്പെടുത്തി പ്രൊഫഷണൽ ക്ലബ് രൂപീകരിക്കുകയാണ്‌ ലക്ഷ്യം.
സലൂജയാണ് ഭാര്യ. മക്കൾ: ഡോ. ഷനൂൻ, നഷർ, ഷഫറൂസ്.

അംഗീകാരത്തിൽ അഭിമാനം: 
ഷറഫലി
സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ വലിയ സന്തോഷമുണ്ടെന്ന് യു ഷറഫലി പറഞ്ഞു.കായികതാരം എന്ന നിലയിൽ ലഭിച്ച അംഗീകാരത്തെ അഭിമാനത്തോടെ കാണുന്നു. കായിക കേരളത്തിന്റെ എറ്റവും പ്രാധനപ്പെട്ട പദവിയിലേക്ക്‌ പരിഗണിച്ചതിലുള്ള സന്തോഷം എല്ലാവരെയും അറിയിക്കുന്നു. കായികമന്ത്രിയുടെ ഓഫീസിൽനിന്ന്‌ വിളിച്ചാണ്‌ വിവരം അറിയിച്ചത്‌. ഇന്ന് ചുമതലയേറ്റശേഷം മറ്റുകാര്യങ്ങളെക്കുറിച്ച്‌ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച തീരുമാനമെന്ന് വിജയനും പാപ്പച്ചനും
ഷറഫലിയെ സ്പോർട്സ് കൗൺസിൽ തലപ്പത്ത് കൊണ്ടുവന്ന തീരുമാനം മികച്ചതാണെന്ന് വർഷങ്ങളോളം ഒരുമിച്ച് കളിച്ച ഐ എം വിജയനും സി വി പാപ്പച്ചനും പറഞ്ഞു. ഒരു ഫുട്ബോൾ കളിക്കാരൻ ഈ പദവിയിലെത്തുന്നത് അഭിമാനകരമാണ്.കേരളത്തിലെ സ്പോർട്സിനെ നയിക്കാനുള്ള ശേഷിയും സംഘടനാപാടവവുമുണ്ട്. അദ്ദേഹം പുതിയ ചുമതലയിൽ ശോഭിക്കുമെന്ന് ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top