26 April Friday

പാഠം പഠിക്കുമോ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022

image credit bcci twitter


മുംബൈ
ട്വന്റി 20 ക്രിക്കറ്റ്‌ ബാറ്റിങ് ശൈലിയെ കുറിച്ചായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമയ്‌ക്ക്‌ ലോകകപ്പിനുമുമ്പ്‌ എന്നും പറയാനുള്ളത്‌.  വെസ്റ്റിൻഡീസ്‌, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളിലെല്ലാം  ആക്രമണശൈലി പരിശീലിക്കുകയാണെന്നും ആവർത്തിച്ചു. പക്ഷേ, ലോകവേദിയിൽ കളി കാര്യമായപ്പോൾ ക്യാപ്‌റ്റനും ടീമും കളി മറന്നു. സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവി വിരൽചൂണ്ടുന്നത്‌ രോഹിത്‌ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാരിലേക്കാണ്‌. രോഹിതും ലോകേഷ്‌ രാഹുലും അണിനിരന്ന ഓപ്പണിങ്‌നിര റണ്ണടിക്കാൻ മറന്നു. ഏകദിന മത്സരംപോലെയായിരുന്നു ബാറ്റിങ്‌.

ട്വന്റി 20 ബാറ്റർമാരുടെ പറുദീസയാണ്‌. ഓരോ പന്തിലും സിക്‌സർമാത്രം നോട്ടമിട്ട്‌ ക്രീസിൽ എത്തുന്ന പവർ ഹിറ്ററാണ്‌ ആവശ്യം. എങ്ങനെയെങ്കിലും റണ്ണടിക്കുക എന്നതാണ്‌ ഒറ്റ മന്ത്രം. പക്ഷേ, ഇന്ത്യൻ ഓപ്പണർമാർക്ക്‌ ഇതൊന്നും ആശങ്കയേ ആയിരുന്നില്ല. പ്രതിരോധിച്ച്‌, മോശം പന്തുകൾ വരുന്നതും കാത്തിരുന്നു. ഫലം തോൽവിയായിരുന്നു. ടൂർണമെന്റിൽ രോഹിതിന്റെയും രാഹുലിന്റെയും കൂട്ടുകെട്ട്‌ ഇങ്ങനെയായിരുന്നു–- പാകിസ്ഥാനെതിരെ 1–-7 (1.5 ഓവർ), നെതർലൻഡ്‌സിനെതിരെ 1–-11 (2.4 ഓവർ), ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 1–-23 (4.2 ഓവർ), ബംഗ്ലാദേശിനെതിരെ 1–-11 (2.3 ഓവർ), സിംബാബ്‌വെയ്‌ക്കെതിരെ 1–-27 (3.5 ഓവർ), ഇംഗ്ലണ്ടിനെതിരെ 1–-9 (1.4 ഓവർ). ഒറ്റക്കളിയിലും ഇരുവരും ക്ലച്ച്‌ പിടിച്ചില്ല.

ആറ്‌ ഓവർ പവർപ്ലേയിൽ രോഹിതും രാഹുലും നിരാശപ്പെടുത്തുന്നതോടെ പിന്നീടെത്തുന്ന വിരാട്‌ കോഹ്‌ലിക്കും സമ്മർദമായി. ടൂർണമെന്റിൽ നിലവിൽ റൺവേട്ടക്കാരിൽ ഒന്നാമനായ കോഹ്‌ലിക്ക്‌ പ്രതീക്ഷിച്ച വേഗത്തിൽ റണ്ണടിക്കാനായില്ല എന്നതാണ്‌ വസ്‌തുത. ഇംഗ്ലണ്ടിനെതിരെ 40 പന്തിലാണ്‌ 50 റണ്ണടിച്ചത്‌. ആറ്‌ കളിയിൽ പ്രഹരശേഷി 136.41.

ഐപിഎല്ലിൽ തിളങ്ങി മുപ്പത്തേഴാംവയസ്സിൽ ടീമിലിടം കണ്ടെത്തിയ ദിനേശ്‌ കാർത്തിക്കിനും അടിപതറി. ഫിനിഷറുടെ വേഷത്തിൽ എത്തിയ വിക്കറ്റ്‌ കീപ്പർ ഓസ്‌ട്രേലിയൻ പിച്ചിൽ വിഷമിച്ചു. നാല്‌ കളിയിൽ ആകെ സമ്പാദ്യം 14 റൺ. അവസാന കളികളിൽ അവസരം കിട്ടിയ ഋഷഭ്‌ പന്തിനാകട്ടെ താളം കണ്ടെത്താനുമായില്ല.

സഞ്ജു സാംസണും, പൃഥ്വി ഷായും, ശ്രേയസ്‌ അയ്യരും ഉൾപ്പെടെ ട്വന്റി 20ക്ക്‌ ഇണങ്ങുന്ന ബാറ്റർമാർ പുറത്തിരിക്കുമ്പോഴാണ്‌ ദയനീയ പ്രകടനം. 2007ൽ മഹേന്ദ്രസിങ്‌ ധോണിയെ നായകസ്ഥാനം ഏൽപ്പിച്ച്‌ ട്വന്റി 20യിൽ നടത്തിയ പരീക്ഷണം ആവർത്തിക്കേണ്ടതുണ്ട്‌. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും തിളങ്ങുന്ന സ്ഥിരതയുള്ള യുവനിരയിൽ ഇനിയെങ്കിലും വിശ്വാസം അർപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top