26 April Friday
കേരള ഓപ്പണർ മുഹമ്മദ്‌ അസ്‌ഹറുദീൻ മുഷ്‌താഖ്‌ ട്രോഫിയിലൂടെ ദേശീയ ശ്രദ്ധയിലേക്ക്‌

മുഹമ്മദ്‌ അസ്‌ഹറുദീൻ ; തളങ്കരയുടെ ‘സൂപ്പർസ്റ്റാർ’

മുഹമ്മദ്‌ ഹാഷിംUpdated: Friday Jan 15, 2021

മുഹമ്മദ്‌ അസ്‌ഹറുദീന്റെ നാടായ തളങ്കരയിലെ ടാസ്‌ ക്ലബ്ബിനുമുന്നിൽ നാട്ടുകാരുടെയും സഹോദരങ്ങളുടെയും ആഘോഷം


കാസർകോട്‌
അജ്മലെന്നായിരുന്നു അവന് ആദ്യം ആലോചിച്ച പേര്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന അസ്ഹറുദീന്റെ കടുത്ത ആരാധകരും ക്രിക്കറ്റ് കളിക്കാരുമായ കുടുംബത്തിന് ആ പേര് അത്ര പിടിച്ചില്ല. അവർ മുഹമ്മദ് അസ്ഹറുദീൻ എന്ന് പേരിട്ടു. അവൻ വളർന്ന് വലുതായി മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ചരിത്രം കുറിച്ചപ്പോൾ വീണ്ടും സാക്ഷാൽ അസ്ഹറുദീന്റെ ഷോട്ടുകൾ ഓർമയിൽ മിന്നി.

സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫിക്കായുള്ള ക്രിക്കറ്റ്‌ ടൂർണമെന്റിൽ മുംബൈയെ തകർത്ത അസ്ഹറിന്റെ സെഞ്ചുറിയിൽ (54 പന്തിൽ 137) നാടാകെ സന്തോഷത്തിലാണ്. കാസർകോട് ജില്ലയിലെ തളങ്കരയിലെ ആഘോഷം അവസാനിച്ചിട്ടില്ല. തളങ്കര കടവത്ത്‌ പരേതരായ ബി കെ മൊയ്‌തുവിന്റെയും നഫീസയുടെയും എട്ടാമത്തെ മകനാണ്‌ ഈ ഇരുപത്താറുകാരൻ. കടുത്ത ക്രിക്കറ്റ്‌ പ്രേമിയായിരുന്ന ഉപ്പയുടെ എട്ട്‌ മക്കളും ക്രിക്കറ്റ്‌ കളിച്ചാണ്‌ വളർന്നത്‌. വീട്ടിനടുത്തുള്ള തളങ്കര ക്രിക്കറ്റ്‌ ക്ലബ്ബാണ്‌ (ടാസ്‌) ക്രിക്കറ്റ്‌ സഹോദരങ്ങളെ കളി പഠിപ്പിച്ചത്‌. 

ഒമ്പതാം വയസ്സിൽ ക്ലബ്ബിൽ കളിക്കാരുടെ കിറ്റ്‌ കൊണ്ടുപോകാൻ സഹായിയായി നിന്ന അസ്‌ഹർ പതിനൊന്നാം വയസ്സിൽ ബാറ്റെടുത്തു. ജില്ലാ ലീഗിൽ ക്ലബ്ബിനായി കളിതുടങ്ങി അണ്ടർ 13, 15 ടീമിന്റെ  കാസർകോട്‌ ജില്ലാ ക്യാപ്‌റ്റനായി. വിക്കറ്റ്‌ കീപ്പറും ഓപ്പണറുമായി തിളങ്ങി. എട്ടാംക്ലാസുമുതൽ കോട്ടയത്തെ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ അക്കാദമിയിലെത്തി. ഹയർ സെക്കൻഡറി, ബിരുദപഠനം കൊച്ചി തേവര എസ്‌എച്ച്‌ സ്‌കൂളിലും കോളേജിലും. പരിശീലനം കെസിഎ അക്കാദമിയിൽ. കോച്ച്‌ ബിജുമോന്‌ കീഴിൽ വിദഗ്‌ധ പരിശീലനം. 2013ൽ അണ്ടർ 19 കേരള ടീം അംഗം. അണ്ടർ 23 ടീം അംഗമായപ്പോൾ മഹാരാഷ്‌ട്ര, സൗരാഷ്ര്‌ട്ര എന്നിവയ്‌ക്കെതിരെ മൂന്ന്‌ സെഞ്ചുറി (186,181,156).

പുണെയിൽ മഹാരാഷ്‌ട്രയ്‌ക്കെതിരെ നേടിയ സെഞ്ചുറി കേരള രഞ്‌ജി ടീമിലേക്ക്‌ വഴിയൊരുക്കി. 2015 നവംബറിൽ ഗോവയ്‌ക്കെതിരെ ആദ്യ കളി. 2016ൽ ത്രിപുരയ്‌ക്കെതിരെ 99 റണ്ണിനാണ്‌ പുറത്തായത്‌. 2019ൽ പഞ്ചാബിനെതിരെ 113 റണ്ണടിച്ചപ്പോൾ ക്യാപ്റ്റൻ യുവരാജ്‌ സിങ് അഭിനന്ദനവുമായി എത്തി.  ഇതുവരെ ആറ്‌ അർധ സെഞ്ചുറിയും നേടി.
കർണാടക ക്രിക്കറ്റ്‌ അസോസിയേഷൻ മൈസുരൂവിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ കർണാടകയ്‌ക്കെതിരെ 145 റണ്ണടിച്ചു. 2018ൽ ശ്രീലങ്കയുടെ എമർജിങ്‌ ടീമുമായി അവിടെ ചെന്ന്‌ ഏറ്റുമുട്ടിയപ്പോൾ സെഞ്ചുറി (111). 2016, 17, 18 വർഷങ്ങളിൽ മികച്ച വിക്കറ്റ്‌ കീപ്പർക്കുള്ള കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ അനിൽപണിക്കർ സ്‌മാരക അവാർഡ്‌. 

പരിശ്രമവും വിനയവും കൈവിടരുതെന്ന സഹോദരങ്ങളുടെയും നാട്ടുകാരുടെയും ഉപദേശം തെറ്റിക്കാതെയാണ്‌ അസ്‌ഹറുദീന്റെ വിജയയാത്രയെന്ന്‌ ജ്യേഷ്‌ഠൻ ഖമറുദീൻ  പറഞ്ഞു. കോവിഡ്‌ കാലത്ത്‌  മാസങ്ങളായി നാട്ടിലായിരുന്നിട്ടും പരിശീലനം മുടക്കിയില്ല. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top