05 May Sunday

സർ ബോബി ചാൾട്ടണ്‌ വിട ; കളം കീഴടക്കിയ മനക്കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023


ലണ്ടൻ
ലോക ഫുട്‌ബോൾ ചരിത്രത്തിൽ സർ ബോബി ചാൾട്ടണ്‌ പകരക്കാരനില്ല. കളത്തിൽമാത്രമല്ല, കളത്തിനുപുറത്തും ആ മനക്കരുത്ത്‌ ഒരു അത്ഭുതമായിരുന്നു. ചാൾട്ടൺ മറയുമ്പോൾ ലോക ഫുട്‌ബോളിലെ മഹത്തായ ഒരു അധ്യായംകൂടിയാണ്‌ അവസാനിക്കുന്നത്‌.

1958 ഫെബ്രവുവരി. ചാൾട്ടണ്‌ അന്ന്‌ 20 വയസ്സ്‌. യൂറോപ്യൻ കപ്പ്‌ ക്വാർട്ടറിൽ റെഡ്‌ സ്‌റ്റാർ ബെൽഗ്രേഡിനെതിരെ ഇരട്ടഗോൾ നേടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ആ ചെറുപ്പക്കാരൻ. കളി 3–-3ന്‌ അവസാനിച്ചു. സെമി ഉറപ്പാക്കിയ ടീം ബെൽഗ്രേഡിൽനിന്ന്‌ മടക്കയാത്ര തുടങ്ങി. ഇതിനിടെ ഇന്ധനം നിറയ്‌ക്കാനായി മ്യൂണിക് വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചുപറക്കുംമുമ്പ്‌ വിമാനത്താവളത്തിലെ ചെളിയിൽപുതഞ്ഞ്‌ വിമാനം കത്താൻ തുടങ്ങി. യുണൈറ്റഡ്‌ ടീമിലെ 23 പേരാണ്‌ അന്ന്‌ മരിച്ചത്‌. അതിൽ എട്ടുകളിക്കാരും ഉൾപ്പെട്ടു. ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വേദനിപ്പിക്കുന്ന ഓർമയായ മ്യൂണിക് ദുരന്തമായിരുന്നു അത്‌. തലയ്‌ക്കേറ്റ പരിക്കുകളുമായാണ്‌ ചാൾട്ടൺ രക്ഷപ്പെട്ടത്‌. എന്നാൽ, ശരീരത്തിന്റെ മുറിവിനേക്കാൾ മനസ്സിനായിരുന്നു ക്ഷതമേറ്റത്‌. അവരെ ഓർക്കാതെ ഒരുദിവസംപോലും ജീവിത്തിൽ കടന്നുപോയിട്ടില്ലെന്ന്‌ ചാൾട്ടൺ പലപ്പോഴായി പറഞ്ഞിരുന്നു.

ഏതൊരു മനുഷ്യനും പതറിപ്പോകുന്ന ഘട്ടത്തിൽനിന്നായിരുന്നു തിരിച്ചുവരവ്‌. അപകടംനടന്ന്‌ രണ്ട്‌ മാസത്തിനുള്ളിൽ കളത്തിലേക്ക്‌ തിരിച്ചെത്തി. കളിയോടുള്ള ആത്മാർപ്പണത്തിന്റെ തെളിവായി അതുമാറി. എട്ട്‌ വർഷത്തിനുശേഷം ലോകകപ്പ്‌ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ ടീമിനായി മിന്നുന്ന കളി പുറത്തെടുത്തു. ഒരു തലമുറയുടെതന്നെ താരമായി മാറി. മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഉയരങ്ങളിലേക്ക്‌ നയിച്ചു.

എൺപത്താറാം വയസ്സിൽ ചാൾട്ടൺ ജീവിതത്തിൽനിന്ന്‌ വിടവാങ്ങി. മ്യൂണിക് ദുരന്തിനുശേഷമുള്ള ചാൾട്ടന്റെ അതിജീവനവും ആത്മാർപ്പണവും ഉൾക്കരുത്തും ഏതൊരു തലമുറയെയും പ്രചോദിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top