26 April Friday

ചാമ്പ്യൻസ്‌ ലീഗ്‌ : യുണൈറ്റഡിന് ജയിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


മാഡ്രിഡ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ ഇന്ന്‌ ജീവൻമരണ പോരാട്ടം. വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ നേരിടും. പരിശീലകൻ ഒലേ ഗുണ്ണാർ സോൾചെയറിനെ പുറത്താക്കിയശേഷം യുണൈറ്റഡിനിത്‌ ആദ്യ കളിയാണ്‌. താൽക്കാലിക ചുമതലയുള്ള മൈക്കേൽ കാരിക്കിന്‌ കീഴിലാണ്‌ യുണൈറ്റഡ്‌ ഇറങ്ങുക. ഗ്രൂപ്പ്‌ എഫിൽ ഒന്നാമതുണ്ടെങ്കിലും അത്ര പന്തിയല്ല അവർക്ക്‌ കാര്യങ്ങൾ. നാല്‌ കളിയിൽ ഏഴ്‌ പോയിന്റാണ്‌ യുണൈറ്റഡിന്‌. രണ്ടാമതുള്ള വിയ്യാറയലിനും ഇതേ പോയിന്റ്‌. മൂന്നാമതുള്ള അറ്റ്‌ലാന്റയ്‌ക്ക്‌ അഞ്ച്‌ പോയിന്റാണ്‌. ശേഷിക്കുന്ന രണ്ടുകളിയിൽ സമനിലയോ തോൽവിയോ യുണൈറ്റഡിന്റെ പ്രീക്വാർട്ടർ വഴിമുടക്കാം.

ബെൻഫിക്കയെ സ്വന്തംതട്ടകത്തിൽ നേരിടുന്ന ബാഴ്‌സയ്‌ക്കും നിർണായകമാണ്‌. ഇ ഗ്രൂപ്പിൽ നാലും ജയിച്ച്‌ ബയേൺ മ്യൂണിക്‌ അവസാന പതിനാറിൽ നേരത്തേ  സ്ഥാനംപിടിച്ചിട്ടുണ്ട്‌. രണ്ടാമതായി മുന്നേറാനാണ്‌ ബാഴ്‌സയുടെ ലക്ഷ്യം. ആറ്‌ പോയിന്റുമായി രണ്ടാമതുണ്ട്‌ നിലവിൽ. ബെൻഫിക്ക നാല്‌ പോയിന്റോടെ മൂന്നാമതും. ഗ്രൂപ്പിലെ അവസാന കളിയിൽ ബയേണാണ്‌ ബാഴ്‌സയുടെ എതിരാളി. ബയേൺ ഇന്ന്‌ ഡൈനാമോ കീവിനെ നേരിടും.

എച്ച്‌ ഗ്രൂപ്പിൽ ചെൽസി–-യുവന്റസ്‌ മത്സരമാണ്‌ ഇന്നത്തെ വമ്പൻ പോരാട്ടം. കളിച്ച നാലിലും ജയിച്ച്‌ യുവന്റസ്‌ നോക്കൗട്ട്‌ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്‌. നിലവിലെ ചാമ്പ്യൻമാരായ ചെൽസിയാകട്ടെ ഒമ്പത്‌ പോയിന്റുമായി രണ്ടാമതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top