26 April Friday
കലിക്കറ്റ്‌ സർവകലാശാലയുടെ ആദ്യ അഖിലേന്ത്യാ കിരീടത്തിന്‌ 50 വർഷം

ആ ഓർമകൾക്ക് ആദരം

സ്വന്തം ലേഖകൻUpdated: Tuesday Oct 19, 2021

കലിക്കറ്റ് സർവകലാശാലയ്ക്കായി ആദ്യ അഖിലേന്ത്യാ കിരീടം നേടിയ ടീമിനെ ആദരിക്കുന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ 
അന്നത്തെ ക്യാപ്റ്റൻ വിക്ടർ മഞ്ഞിലയ്ക്ക് പന്ത് ത്രോ നൽകിയപ്പോൾ / ഫോട്ടോ പി ഷമീർ



തേഞ്ഞിപ്പലം (മലപ്പുറം)
ഓർമകൾ ഒരു പന്തായി ഉരുണ്ടു. 50 വർഷം പുറകിലേക്ക്‌ പോയി. സ്വപ്‌നകിരീടത്തിന്റെ തിളക്കം ഇപ്പോഴും മനസ്സിൽ.  ഓരോരുത്തരുമത്‌ ഓർത്തെടുത്ത്‌ തുളുമ്പി. അവർക്കതൊരു ലോകകപ്പായിരുന്നു. കലിക്കറ്റ്‌ സർവകലാശാല ആദ്യ അഖിലേന്ത്യാ അന്തർസർവകലാശാലാ ഫുട്‌ബോൾ കിരീടം നേടിയിട്ട്‌ 50 വർഷമായി. അന്നത്തെ അഭിമാനതാരങ്ങൾക്ക്‌ സർവകലാശാലയുടെ മനസ്സുനിറഞ്ഞ ആദരം. 

1971 ഒക്‌ടോബർ പത്തൊമ്പതിനായിരുന്നു ചരിത്രനേട്ടം. അഞ്ചുപതിറ്റാണ്ടിനിപ്പുറം വീണ്ടും ഒത്തുചേർന്നപ്പോഴും ഓർമകൾക്ക്‌ മങ്ങലില്ല. ക്യാപ്‌റ്റൻ വിക്‌ടർ മഞ്ഞിലയ്‌ക്കും കോച്ച്‌ സി പി എം ഉസ്‌മാൻ കോയക്കും അന്നത്തെ അതേ ആവേശം. സർവകലാശാലാ സ്‌റ്റേഡിയത്തിൽ വിജയികൾക്കുള്ള അശുതോഷ്‌ മുഖർജി ഷീൽഡ്‌ ഉയർത്തിയ നിമിഷങ്ങൾ അതേപോലെ. അന്ന്‌ ഒപ്പമുണ്ടായിരുന്ന നാലുപേരുടെ വേർപാട്‌ നൊമ്പരമായി. ടീമിന്റെ ഭാഗമായിരുന്ന ബാക്കിയെല്ലാവരും ചടങ്ങിനെത്തി. കായികമന്ത്രി വി അബ്ദുറഹിമാൻ ഉപഹാരം സമ്മാനിച്ചു. വൈസ്‌ ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷനായി.

കലിക്കറ്റ്‌ സർവകലാശാല നിലവിൽവന്ന്‌ മൂന്നാംവർഷമായിരുന്നു ദേശീയതലത്തിലുള്ള കിരീടനേട്ടം. നാല്‌ മേഖലകളിൽനിന്നുള്ള നാലു ടീമുകൾ റൗണ്ട്‌ റോബിൻ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി. അവസാനമത്സരത്തിൽ ഗുവാഹത്തി സർവകലാശാലയെ (2–-2) സമനിലയിൽ തളച്ചു. ഇരുടീമിനും തുല്യപോയിന്റ്‌. കൂടുതൽ ഗോളടിച്ച മികവിലാണ്‌ കിരീടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top