06 May Monday

ഹൃദയം നിലച്ച രാത്രിയിൽ മലിംഗ മാന്ത്രികൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019


ഹൈദരാബാദ‌്
ക്രിക്കറ്റിന്റെ ഒടുക്കത്തെ ആവേശവും അനിശ‌്ചിതത്വവും നിറഞ്ഞ രാത്രി. ആരാധകരെ ഒരുപോലെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ‌്ത ഫൈനൽ. ശ്വാസം അടക്കിപ്പിടിച്ചുമാത്രമേ അവസാന ഓവർ കാണാനാകൂ. ശ്രീലങ്കൻ ബൗളർ ലസിത‌് മലിംഗയുടെ ഇന്ദ്രജാലം മുംബൈ ഇന്ത്യൻസിന‌് ഐപിഎൽ ക്രിക്കറ്റ‌് കിരീടം സമ്മാനിച്ചു. 12 ചാമ്പ്യൻഷിപ്പുകളിൽ നാലു കിരീടമെന്ന അപൂർവനേട്ടവും സ്വന്തമാക്കിയാണ‌് ക്യാപ‌്റ്റൻ രോഹിത‌് ശർമ മടങ്ങിയത‌്. 2013ലും 2015ലും 2017ലും മുംബൈ ജേതാക്കളായി.

ഫൈനലിൽ മുംബൈ ഉയർത്തിയ ലക്ഷ്യം ചെറുതായിരുന്നു. 20 ഓവറിൽ 150. പുകൾപെറ്റ ചെന്നൈ സൂപ്പർ കിങ‌്സിന‌് അനായാസം നേടാവുന്ന വിജയം. മൂന്ന‌ുതവണ പുറത്താകലിൽനിന്ന‌് രക്ഷപ്പെട്ടെങ്കിലും ഓസ‌്ട്രേലിയൻ ഓൾറൗണ്ടർ ഷെയ‌്ൻ വാട‌്സൺ ധീരമായി ബാറ്റേന്തി. അവസാന ഓവറിൽ ജയിക്കാൻവേണ്ടത‌് ഒമ്പതു റൺമാത്രം. ഫോമിലുള്ള വാട‌്സൺ ക്രീസിലുണ്ട‌്. എന്നാൽ, നാലാംപന്തിൽ രണ്ട‌ു റണ്ണിനായി ഓടി വാട‌്സൺ (59 പന്തിൽ 80) റണ്ണൗട്ടായി. ക്രുണാൽ പാണ്ഡ്യയുടെ തകർപ്പൻ ഫീൽഡിങ്ങാണ‌് വാട‌്സനെ മടക്കിയത‌്.

എന്നിട്ടും കിരീടം ചെന്നൈയുടെ അരികിലായിരുന്നു. രണ്ട‌ു പന്തിൽ നാലു റൺ. ഷർദുൽ താക്കൂർ അഞ്ചാംപന്തിൽ രണ്ട‌ു റണ്ണെടുത്തു. മറുഭാഗത്ത‌് രവീന്ദ്ര ജഡേജ. അവസാനപന്തിൽ രണ്ട‌ു റൺ മതി. രോഹിത‌് ശർമയും മലിംഗയും തന്ത്രം മെനഞ്ഞു. ഒടുവിൽ മലിംഗയുടെ സ്ലോബോൾ. വീശിയടിക്കാൻ ശ്രമിച്ച താക്കൂർ വിക്കറ്റിനുമുന്നിൽ കുടുങ്ങി. മുംബൈയുടെ അലറുന്ന അപ്പീൽ. അമ്പയർ വിരലുയർത്തി. താക്കൂർ എൽബിഡബ്ല്യു. മുംബൈക്ക‌് ഒരു റൺ ജയം.

രണ്ട‌ു റണ്ണൗട്ടുകളാണ‌് കളിയിൽ വഴിത്തിരിവായത‌്. അവസാന ഓവറിൽ വാട‌്സന്റെയും 13–-ാംഓവറിൽ ക്യാപ‌്റ്റൻ മഹേന്ദ്രസിങ് ധോണിയുടെയും. മൂന്നാം അമ്പയർ ഏറെ നേരത്തെ പരിശോധനയ‌്ക്കുശേഷമാണ‌് ധോണിയുടെ പുറത്താകൽ അനുവദിച്ചത‌്. ഹർദിക‌് പാണ്ഡ്യയുടെ പന്തിൽ വാട‌്സൺ ഒരു റണ്ണെടുത്തു. പന്ത‌് ഓവർത്രോ ആയപ്പോൾ രണ്ടാംറണ്ണിന‌് ശ്രമിച്ചതാണ‌് വിനയായത‌്. ഇഷൻ കിഷന്റെ നേരിട്ടുള്ള ഏറിൽ ധോണി (എട്ട‌ു പന്തിൽ രണ്ടു റൺ) പുറത്തായി. ഓടിയെത്തിയ ധോണിയുടെ ബാറ്റ‌് ക്രീസിൽ തൊട്ടു, തൊട്ടില്ല എന്ന നിലയിലായിരുന്നു. അമ്പയറുടെ തീരുമാനം ധോണിക്കെതിരായിരുന്നു.

കളിയിലെ വഴിത്തിരിവ‌് ധോണിയുടെ പുറത്താകലെന്നാണ‌് സച്ചിൻ ടെണ്ടുൽക്കറുടെ നിരീക്ഷണം. നിർണായക ഓവറുകളിൽ ജസ‌്പ്രീത‌് ബുമ്രയുടെ ബൗളിങ്ങും പ്രധാനമായി. നാല‌് ഓവറിൽ 14 റൺ വഴങ്ങി രണ്ട‌് വിക്കറ്റെടുത്ത  ബുമ്രയാണ‌് മാൻ ഓഫ‌് ദ മാച്ച‌്.  മലിംഗ നാല‌് ഓവറിൽ 49 റൺ വഴങ്ങിയെങ്കിലും വിജയവിക്കറ്റ‌് നേടി. ക്യാപ‌്റ്റനെന്ന നിലയിൽ രോഹിത‌് ശർമയുടെ പ്രകടനം ഉജ്വലമാണെന്ന‌് കോച്ച‌് മഹേല ജയവർധനെ പറഞ്ഞു. അവസാന ഓവർ പരിചയസമ്പന്നനായ മലിംഗയെ ഏൽപ്പിച്ചതും നിർണായകമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top