26 April Friday

ഈ നവരചനയിൽ സർവാധിപതികളില്ല

എ എൻ രവീന്ദ്രദാസ്‌Updated: Sunday Dec 4, 2022

ജപ്പാന്‍ താരങ്ങളുടെ ആഘോഷം image credit FIFA World Cup twitter


സർവാധിപത്യത്തിന്റെയും സർവാധിപതികളുടെയും കാലം കഴിഞ്ഞുവോ?. അതിലേക്ക് എത്തിയെന്ന് കരുതാനാകില്ലെങ്കിലും കാലം പാകപ്പെടുകയാണെന്ന സന്ദേശം നൽകിക്കൊണ്ടാണ്‌ ഖത്തറിൽ 22–-ാംലോകകപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ റൗണ്ട്‌ മത്സരങ്ങൾ കടന്നുപോയത്‌. ജപ്പാനും ദക്ഷിണകൊറിയയും ഏഷ്യൻ കോൺഫെഡറേഷനിലുള്ള ഓസ്‌ട്രേലിയയും വൻകരയ്ക്കുനൽകുന്നത്‌ സൗമ്യമായ ആനന്ദമാണ്‌.

യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും അധീശത്വത്തിനുമുമ്പിൽ അപകർഷതാബോധത്താൽ തലകുനിച്ചിരുന്ന ഏഷ്യൻ ശക്തികളെപ്പോലെതന്നെ ആഫ്രിക്കയുടെ പതാകവാഹകരായ സെനെഗലും മൊറോക്കോയും കാമറൂണും ഘാനയുമെല്ലാം സമരവീര്യംകൊണ്ട്‌ നവരചനയുടെ രേഖാവലികൾ സൃഷ്‌ടിച്ച മത്സരങ്ങളാണ്‌ നാം കണ്ടുകഴിഞ്ഞത്‌.

റോൾമോഡൽ ടീമായ ജർമനിയും ഹൃദയഹാരിയായ കളികൊണ്ട്‌ യൂറോപ്പിന്റെ നീതിശാസ്‌ത്രത്തിൽനിന്ന്‌ വഴിമാറി സഞ്ചരിക്കുന്ന സ്‌പെയ്‌നും ഉൾപ്പെട്ട രണ്ട്‌ മുൻ ലോക ചാമ്പ്യൻമാരെ വീഴ്‌ത്തിയ ജപ്പാനും ലയണൽ മെസിയുടെ അർജന്റീനയുടെ ആടയാഭരണങ്ങൾ ഊരിക്കളഞ്ഞ സൗദി അറേബ്യയും യൂറോപ്പിലെ ബ്രസീലുകാരായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്‌ത്തിയ ദക്ഷിണകൊറിയയും മാത്രമല്ല, നെതർലൻഡ്‌സിനൊപ്പം കയറിവന്ന സെഗെനലും നിലവിലെ ജേതാക്കളായ ഫ്രാൻസിനെ പിന്തുടർന്ന ഓസ്‌ട്രേലിയയും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്‌റ്റുകളായ ക്രൊയേഷ്യയെ രണ്ടാംപടിയിലേക്ക്‌ പിന്തള്ളിയ മൊറോക്കോയും ഒറ്റദിവസത്തെ സുൽത്താൻമാരായിരുന്നില്ല.

യുവപോരാളികളുടെ പ്രതിഭാശേഷിയിലും സംഘബലത്തിലും കളിക്ക് പുത്തൻ വിതാനങ്ങൾ നൽകി ഇംഗ്ലണ്ടിനൊപ്പം മുന്നേറിയ അമേരിക്കയും ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അവസാന മത്സരത്തിൽ ബ്രസീലിന്റെ വലയിൽ പന്തെത്തിച്ച്‌ വിജയം വെട്ടിപ്പിടിച്ച്‌ ആഫ്രിക്കൻ സോക്കറിന്റെ വന്യതയും വശ്യതയും തിളക്കമാക്കിയ കാമറൂണിനെയും ഈ നിരയിൽത്തന്നെ നിർത്തണം.

കളിയിലെ വൈവിധ്യമോ പുത്തൻ ആശയങ്ങളോ ആയിരുന്നില്ല കൊറിയയുടെയും ജപ്പാന്റെയും കാമറൂണിന്റെയുമൊക്കെ കൈമുതൽ. മറിച്ച്‌ എതിരാളിയെ പഠിച്ച്‌ ആക്രമണത്തിലും പ്രതിരോധത്തിലും തന്ത്രപരമായി നീങ്ങിയും സന്ദർഭം ആവശ്യപ്പെടുംപടി കരുക്കൾ നീക്കിയും തക്കസമയത്ത്‌ ആയുധങ്ങൾ മൂർച്ചയോടെ പ്രയോഗിക്കുകയുമാണ്‌ അവർ ചെയ്‌തത്‌.

നാലുതവണ ചാമ്പ്യൻമാരായ ജർമനി വിജയത്തിലേക്കെന്ന്‌ തോന്നിച്ചപ്പോഴാണ്‌ റിറ്റ്‌സു ദൊയാനും തകുമ അസാനോയും ലോകകപ്പിനോളം വിലയുള്ള ഗോളുകളിലൂടെ ഉദയസൂര്യൻെറ നാടിനെ വലിയ നേട്ടത്തിലേക്ക്‌ കൈപിടിച്ച്‌ കയറ്റിയത്‌. ഇകായ്‌ ഗുൺഡോവന്റെ ഗോളിൽ സുരക്ഷിതരാണെന്ന്‌ കരുതിയ ജർമൻകാർ തങ്ങൾ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്കുകൂടിയാണ്‌ വില കൊടുത്തത്‌.

അതേപോലെ ലോകകപ്പ്‌ ചരിത്രത്തിലെതന്നെ സ്വപ്‌നതുല്യമായ നിമിഷങ്ങളിലൊന്നാണ്‌ സൗദിക്കായി അൽദോസരി അർജന്റീനയുടെ വലയിലേക്കെത്തിച്ച ആ ഗോൾ. ഈ തോൽവിയെ അർജന്റീനയുടെയും മെസിയുടെയും ദൗർഭാഗ്യമെന്ന്‌ പറയുന്നതിനുപകരം ഏഷ്യൻ ഫുട്‌ബോളിന്റെ രണവീര്യം സൗദി പോരാളികളിലൂടെ പ്രകാശിപ്പിച്ച അനഘമുഹൂർത്തമാണ്‌ ലുസൈൽ സ്‌റ്റേഡിയത്തിൽ കണ്ടത്‌.

അതുപോലെ രണ്ടാംറൗണ്ടിലേക്കെത്താമെന്ന പ്രതീക്ഷ അത്രയ്ക്കില്ലാതിരുന്ന കൊറിയ പരിക്കുസമയക്കളിയിൽ നേടിയ ഗോളിൽ പോർച്ചുഗലിനെ വീഴ്‌ത്തിയെന്നുമാത്രമല്ല ഏഷ്യയുടെ മൂന്നാമത്തെ ടീമായി മുന്നേറുകയും ചെയ്‌തു. അഞ്ചുവട്ടം ജേതാക്കളായ ബ്രസീലിന്റെ വലയിലേക്കെത്തിച്ച ക്യാപ്‌റ്റൻ വിൻസെന്റ്‌ അബൂബക്കറിന്റെ ഗോളിലൂടെ കാമറൂണും രചിച്ചത്‌ പുതിയ ചരിത്രമാണ്‌.

ടൂർണമെന്റിന്റെ തിരക്കഥകൾ ഇളക്കിമറച്ച ഏഷ്യൻ–-ആഫ്രിക്കൻ ടീമുകൾ പകർന്നുനൽകുന്ന നവഭാവുകത്വമാണ്‌ ഖത്തർ 2022ന്റെ തിലകക്കുറിയെന്ന്‌ നിസ്സംശയം പറയാം. അത്യാഹിതങ്ങളെന്ന്‌ വിശേഷിപ്പിക്കുന്നതാകും ശരി. അട്ടിമറികളെന്ന വിശേഷണത്തിൽപ്പെടുത്തിയാൽ, കാലത്തിന്റെ ചുവരെഴുത്തുവായിച്ച്‌ തങ്ങളുടെ കളിവിരുന്നിന്‌ പുതിയ തൊങ്ങലുകൾ ചാർത്തിയെത്തിയ ടീമുകളോട്‌ നീതികേട്‌ കാട്ടുന്നതാകും അത്‌. അമിത പ്രതിരോധവുമായി കളിക്കാൻ തീരുമാനിച്ച ചില ടീമുകൾക്ക്‌ 90 മിനിറ്റും കോട്ട കാത്തുസൂക്ഷിക്കാനാകില്ലെന്ന്‌ തെളിയിച്ച പോരാട്ടങ്ങളും കണ്ടു.

യൂറോപ്യൻ ഫുട്‌ബോൾ സമ്പന്നതയിൽ പരമ്പരാഗതശക്തികൾ ഉൾപ്പെടെ ചില ടീമുകൾ സുഖസുഷുപ്‌തിയിൽ ആണ്ടുപോയതിന്റെ പരിണിതഫലമാണ്‌ ബൽജിയത്തിന്റെയും ഡെൻമാർക്കിന്റെയും സെർബിയയുടെയെല്ലാം പ്രകടനങ്ങൾ കാട്ടിത്തരുന്നത്‌. അതേസമയംതന്നെ എല്ലാ ടീമിലും വ്യക്തിഗത മികവിന്റെ തിളക്കംകാട്ടിയ ഭാവിപ്രതീക്ഷകൾ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരുപിടി താരങ്ങളെ 48 മത്സരങ്ങൾ കാട്ടിത്തരുന്നുണ്ട്‌. നെതർലൻഡ്‌സിന്റെ കോഡി ഗാക്‌പോ, പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ്‌, ഇംഗ്ലണ്ടിന്റെ ബുകായോ സാക, ജർമനിയുടെ ജമാൽ മുസിയാല, സ്‌പെയ്‌നിന്റെ ഗാവി, അർജന്റീനയുടെ ലൗതാരോ മാർട്ടിനെസ്‌, ബ്രസീലിന്റെ വിനീഷ്യസ്‌ ജൂനിയർ എന്നിവർ അവരിൽ ചിലർമാത്രം.

ഒന്നുപറയാം. വൻമരങ്ങളുടെ വീഴ്‌ചയിൽ പ്രകമ്പനംകൊണ്ട ഈ ലോകകപ്പിന്റെ ആദ്യ റൗണ്ട്‌ ആസ്വാദനത്തിന്റെയും ലാവണ്യത്തിന്റെയും സമരതന്ത്രങ്ങളുടെയും പുതിയ രൂപരേഖകൾ വരച്ചിടുന്നുണ്ട്‌. യൂറോപ്പിന്റെമാത്രമല്ല ലാറ്റിനമേരിക്കയുടെയും വ്യവസ്ഥാപിത ഫുട്‌ബോളിനാണ്‌ ഇവിടെ ക്ഷതമേറ്റത്‌. അതാകട്ടെ യൂറോപ്പിന്റെ കളരിയിൽനിന്ന്‌ പഠിച്ചെടുത്ത പാഠങ്ങളും തങ്ങളുടെ കാലുകളിലെ കളിവിരുതും വിളക്കിച്ചേർക്കപ്പെട്ട സർഗാത്മക രചനയിലൂടെയാണ്‌ ആഫ്രിക്കയുടെയും ഏഷ്യയുടെയും കളി സംഘങ്ങൾ ഖത്തറിൽ ഫുട്‌ബോളിന്റെ വിശ്വരൂപങ്ങൾ തീർത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top