26 April Friday

വീണ്ടും ബാഴ്‌‌സ കുപ്പായത്തിൽ മെസി; പരിശീലനത്തിനിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020

അഭ്യൂഹങ്ങൾക്കൊടുവിൽ സൂപ്പർതാരം ലയണൽ മെസി വീണ്ടും ബാഴ്‌‌സലോണയിൽ പരിശീലനത്തിനിറങ്ങി. ബാഴ്‌‌സയുടെ മൂന്നാമത്തെ ജേഴ്‌‌സി ധരിച്ച മെസിയുടെ ചിത്രം ക്ലബ്ബ് ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് താരം പരിശീലനത്തിനിറങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് ആദ്യ കുറച്ചു ദിവസം മെസി തനിച്ചാണ് പരിശീലനം നടത്തുക. പിന്നീട് ടീം അംഗങ്ങൾക്കൊപ്പം ചേർന്ന് പരിശീലനം നടത്തും.

 

കഴിഞ്ഞ മാസം 25നാണ് ടീം വിടാനുള്ള ആഗ്രഹം മെസി ബാഴ്‌സ മാനേജ്മെന്റിനെ അറിയിച്ചത്. ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബർത്തമ്യൂവിനോടുള്ള അഭിപ്രായവ്യത്യാസമായിരുന്നു കടുത്ത തീരുമാനത്തിലേക്ക് മുപ്പത്തിമൂന്നുകാരനെ നയിച്ചത്. കഴിഞ്ഞ സീസണുകളിലെ ബാഴ്സയുടെ മോശം പ്രകടനവും തീരുമാനത്തിനു പിറകിലുണ്ടായി.

മെസിയുടെ പിതാവും ബർത്തമ്യൂവും തമ്മിൽ പിന്നീട് കൂടിക്കാഴ്ച നടത്തിയിരുന്നു. ആരാധകരുടെയും ബോർഡ് മെമ്പർമാരുടെയും  കുടുംബത്തിന്റെയും സമ്മർദവും നിലപാടിൽ മാറ്റംവരുത്താൻ നിർണായകമായി. ബാഴ്സയിലെ സഹതാരങ്ങളും ടീം വിടരുതെന്ന് ആവശ്യപ്പെട്ടു. അടുത്തവർഷം വേണമെങ്കിൽ കരാർ ബാധ്യതയില്ലാതെ സൗജന്യമായി ബാഴ്സയിൽനിന്ന് മടങ്ങാമെന്ന് മാനേജ്മെന്റ് അറിയിച്ചു. ക്ലബ്് വിട്ടാൽ ബാഴ്സ കോടതിയിലേക്ക് പോകുമെന്നതും മെസിയെ തടഞ്ഞു. അടുത്ത വർഷം ജൂൺ വരെയാണ് കരാറുള്ളത്. ടീം വിടുകയാണെങ്കിൽ പുതിയ ക്ലബ്ബ്  6,100 കോടി രൂപ നൽകണമെന്നതും പിന്നോട്ടടിക്ക് കാരണമായി.

 



മെസിയെ വിടില്ലെന്ന് ക്ലബ് തുടക്കത്തിലേ അറിയിച്ചിരുന്നു. നിയമപരിരക്ഷയുള്ള ബ്യൂറോഫാക്സ് വഴിയായിരുന്നു മെസി ക്ലബ്ബ് വിടാനുള്ള ആവശ്യം ഉന്നയിച്ചത്. എന്നാൽ ശ്രദ്ധയോടെയായിരുന്നു ബാഴ്സയുടെ ഓരോ നീക്കവും. മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ മെസിയെ റാഞ്ചാൻ ഊർജിതശ്രമങ്ങൾ നടത്തിയിരുന്നു.

പതിമൂന്നാംവയസ്സിൽ നൗകാമ്പിൽ എത്തിയ മെസി ക്ലബ് ഫുട്ബോളിലെ കിരീടങ്ങളെല്ലാം കൈപ്പിടിയിലാക്കി. ഇതുവരെ 34 ചാമ്പ്യൻഷിപ്പുകളാണ് മെസിക്കൊപ്പം ബാഴ്സ നേടിയത്. തുടർച്ചയായ പത്ത് സീസണുകളിൽ നാൽപ്പതിലധികം ഗോളുകളാണ് അർജന്റീനക്കാരൻ കുറിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top