27 April Saturday

എങ്ങനെ പന്തെറിയും ; - ഇന്ത്യ ഇന്ന് വീണ്ടും ഓസീസിനോട്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


കാൻബറ
ഏകദിന ക്രിക്കറ്റിൽ സമ്പൂർണ തോൽവിയുടെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. പക്ഷേ, ടെന്നീസ്ബോളിൽ കളിക്കുന്ന ലാഘവത്തോടെ ബാറ്റ് വീശുന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ഉറക്കംകെടുത്തുന്നു. അവർക്കെതിരെ എങ്ങനെ പന്തെറിയുമെന്നാണ് ആശങ്ക. കാൻബറയിലെ മാനുക ഓവലിലാണ് മൂന്നാം ഏകദിനം.  സിഡ്നിയിൽ നടന്ന ആദ്യ രണ്ടു മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെട്ടതാണ്. ട്വന്റി, ടെസ്റ്റ് പരമ്പരകൾ വരാനിരിക്കെ അവസാന കളി ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാകും ഇന്ത്യയുടെ  ശ്രമം.

ദയനീയമായി തല്ലുകൊണ്ട ബൗളർമാരാണ് ഇന്ത്യയുടെ തോൽവിക്കു കാരണം. അവർ എങ്ങനെ പന്തെറിയുന്നു എന്നതിനെ ആശ്രയിച്ചാകും മത്സരഫലം. രണ്ടു കളിയിലും തകർത്തടിച്ച ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ (69, 83) പരിക്കേറ്റ് പിന്മാറിയതാണ് ഏക ആശ്വാസം. ഓസ്ട്രേലിയയുടെ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം ഫോമിലാണ്. രണ്ടാമത്തെ കളിയിൽ അഞ്ച് ബാറ്റ്സ്മാൻമാർ അർധസെഞ്ചുറി നേടി. ഇവരെ പുറത്താക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഏഴ് ബൗളർമാരെയാണ് പരീക്ഷിച്ചത്. എന്നിട്ടും കിട്ടിയത് നാലു വിക്കറ്റ്.

ആദ്യ കളി 66 റണ്ണിനും രണ്ടാമത്തേത് 51 റണ്ണിനും ഓസീസ് ജയിച്ചു. ടോസ് നേടിയ ഓസ്ട്രേലിയ 6–374, 4–389 റണ്ണാണ് അടിച്ചുകൂട്ടിയത്. സ്റ്റീവ് സ്മിത്ത് രണ്ടു കളിയിലും(105, 104) സെഞ്ചുറി നേടി. ഓപ്പണർമാരെ പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർ കഷ്ടപ്പെട്ടു. ആദ്യ കളിയിൽ 28 ഓവർ കഴിഞ്ഞാണ് ആദ്യ വിക്കറ്റ് വീണത്. രണ്ടാമത്തേതിൽ 23 ഓവർ കാത്തിരിക്കേണ്ടിവന്നു. വാർണർക്കൊപ്പം ഇറങ്ങി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് മികച്ച ഫോമിലാണ് (114, 60). റണ്ണൊഴുക്ക് തടയാൻ ഒറ്റ ബൗളർമാർക്കും സാധിച്ചില്ല. ജസ്‌പ്രീത് ബുമ്ര 10 ഓവറിൽ വിട്ടുകൊടുത്തത് 73, 79 റണ്ണാണ്. നവ്ദീപ് സെയ്നി സമ്മാനിച്ചത് 83, 70 റൺ. യുശ്‌വേന്ദ്ര ചഹാലിന്റെ പന്ത് തിരിഞ്ഞില്ല. ആദ്യ കളിയിൽ 89 റൺ വഴങ്ങിയ സ്പിന്നർ രണ്ടാമത്തേതിൽ 71 റൺ വിട്ടുകൊടുത്തു. 

രണ്ടു കളിയിലും ഇന്ത്യ മുന്നൂറു കടന്നത് ആശ്വാസകരമാണ്. കോഹ്‌ലി, കെ എൽ രാഹുൽ, ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ടോസ് നിർണായകമാണ്. ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകും. സെയ്നിക്കും  ബുമ്രയ്‌ക്കും പകരം ടി നടരാജനും ഷാർദുൽ താക്കൂറും വന്നേക്കാം. ചഹാലിനു പകരം കുൽദീപ് യാദവിനെ പരിഗണിക്കും. ഓസീസ് നിരയിൽ വാർണർക്കു പകരം മാത്യു വെയ്ഡിനും കാം ഗ്രീനിനും സാധ്യതയുണ്ട്. ബൗളർ പാറ്റ് കമ്മിൻസിനു പകരം സീൻ അബോട്ട് വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top