26 April Friday

പിഎസ്‌ജി കുരുങ്ങി ; ലയണൽ മെസിയുടെ തുടക്കം മങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


ബ്രസൽസ്
പിഎസ്ജിയിൽ ലയണൽ മെസിയുടെ തുടക്കം മങ്ങി. ചാമ്പ്യൻസ് ലീഗിൽ ബൽജിയം സംഘം ക്ലബ് ബ്രുജ് പിഎസ്ജിയുടെ കരുത്തുറ്റ സംഘത്തെ 1–1ന് കുരുക്കി. മെസിക്കൊപ്പം നെയ്-മറും കിലിയൻ എംബാപ്പെയും അണിനിരന്നിട്ടും ജയംനേടാനാകാതെ പാരിസ് സംഘം തിരിച്ചുകയറി.

പിഎസ്ജി കുപ്പായത്തിൽ മെസിയുടെ പൂർണ അരങ്ങേറ്റമായിരുന്നു. ഫ്രഞ്ച് ലീഗിൽ പകരക്കാരനായി മുമ്പ് ഇറങ്ങിയിരുന്നെങ്കിലും മെസിയുടെ ഒരുക്കം മാത്രമായിരുന്നു അത്. ഇക്കുറി മെസിയായിരുന്നു പിഎസ്ജിയുടെ പ്രധാനതാരം. പക്ഷേ, ഈ മുപ്പത്തിനാലുകാരന് തിളങ്ങാനായില്ല.

മെസിക്കൊപ്പം നെയ്-മറും കിലിയൻ എംബാപ്പെയും അണിനിരന്നപ്പോൾ പിഎസ്ജിക്ക് വാനോളം പ്രതീക്ഷയായിരുന്നു. ആൻഡെർ ഹെരേരയുടെ ഗോളിൽ അതിനുള്ള സൂചനയുംവന്നു. എംബാപ്പെയാണ് അവസരമൊരുക്കിയത്. എന്നാൽ കളി പുരോഗമിക്കുംതോറും പിഎസ്ജി പിന്നാക്കംപോയി. ഒത്തിണക്കമുണ്ടായില്ല. ബ്രുജ് പ്രതിരോധം മുറിക്കാൻ ഈ മൂവർസംഘത്തിന് കഴിഞ്ഞില്ല. മധ്യനിരയിൽ ജോർജിനോ വെെനാൽദത്തിന്റെ മോശം പ്രകടനവും പിഎസ്ജിയെ തളർത്തി.

ബാഴ്സലോണയിൽ 17 വർഷം കളിച്ച മെസിക്ക് പുതിയ രീതിയുമായി ഇണങ്ങാൻ കഴിയാത്തപോലെയായിരുന്നു പ്രകടനം. ഒരുതവണ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചതാണ് മെസിയുടെ കളിയിലെ ഏറ്റവും മികച്ച  നിമിഷം. പിന്നാലെ ഇടങ്കാൽ ഷോട്ട് ബ്രുജ് ഗോൾ കീപ്പർ സിമോൺ മിനേ-്യാലെറ്റ് തട്ടിയകറ്റി. എംബാപ്പെ ബോക്സിലേക്ക് നൽകിയ അവസരം അർജന്റീനക്കാരൻ പുറത്തേക്കടിച്ചുകളഞ്ഞു. ഫൗളിന് മഞ്ഞക്കാർഡും വാങ്ങി. നെയ്-മർക്കും മോശം മത്സരമായിരുന്നു. ഭേദപ്പെട്ട് കളിച്ച എംബാപ്പെ പരിക്കുകാരണം രണ്ടാംപകുതിയിൽ മടങ്ങിയതും കനത്ത തിരിച്ചടിയായി.

ബൽജിയം ലീഗ് ചാമ്പ്യൻമാരായ ബ്രുജ് തകർപ്പൻ കളിയാണ് പുറത്തെടുത്തത്. അരമണിക്കൂർ കഴിയുമ്പോഴേക്കും അർഹിച്ച ഗോൾ അവർ നേടി. ക്യാപ്റ്റൻ ഹാൻസ് വനാക്കെൻ ഗോളടിച്ചു. ബ്രുജിന്റെ മറ്റ് മുന്നേറ്റങ്ങളെ പിഎസ്ജി ഗോൾ കീപ്പർ കെയ്-ലർ നവാസ് തടയുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top