27 April Saturday

ഉയിർത്തെഴുന്നേറ്റു; ഇതാ പുതു ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

സെവിയ്യ > ഇതാ പുതിയ ബാഴ്‌സലോണ. തിരിച്ചടികൾക്കും കലഹങ്ങൾക്കുംശേഷം ബാഴ്‌സ ഉയിർത്തെഴുന്നേറ്റു. അത്‌ലറ്റിക്‌ ബിൽബാവോയെ നാല്‌ ഗോളിന്‌ തകർത്ത് ലയണൽ മെസിയും സംഘവും ‌ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫുട്‌‌ബോൾ കിരീടം തൊട്ടു. 2019നുശേഷം ആദ്യത്തേത്‌. 12 മിനിറ്റിനിടെയാണ്‌ ബാഴ്‌സ നാലെണ്ണം ബിൽബാവോ വലയിൽ നിക്ഷേപിച്ചത്‌. രണ്ട്‌ സുന്ദരഗോളുമായി മെസി നയിച്ചു. ഒൺട്ടോയ്‌ൻ ഗ്രീസ്‌മാനും ഫ്രെങ്ക്‌ ഡിയോങ്ങും ബാക്കി നേടി.

പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാനും പ്രസിഡന്റായ യുവാൻ ലപൊർട്ടയ്‌ക്കും കീഴിൽ അവരുടെ ആദ്യ ടൂർണമെന്റ്‌ വിജയമാണിത്‌. സ്‌പാനിഷ്‌ കപ്പ്‌ 31–-ാം വട്ടമാണ്‌ ബാഴ്‌സ നേടുന്നത്‌.

കഴിഞ്ഞ രണ്ട്‌ സീസണുകളിൽ തളർച്ചയുടെ കഥമാത്രമായിരുന്നു ബാഴ്‌സ എന്ന വമ്പൻ ടീമിന്‌. ചാമ്പ്യൻസ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടങ്ങളിൽ തുടർച്ചയായി അവിശ്വസനീയമായി തോറ്റുപുറത്തായി. പരിശീലകർ മാറി. ടീമിനകത്ത്‌ പ്രസിഡന്റായിരുന്ന ജോസെപ്‌ മരിയ ബർത്തമ്യൂവിന്റെ മോശം ഇടപെടലുകളും തിരിച്ചടിയുണ്ടാക്കി. ഒടുവിൽ ടീം വിടാനുള്ള  ആഗ്രഹം തുറന്നുപറഞ്ഞ്‌ മെസി രംഗത്തുവന്നതുവരെയെത്തി കാര്യങ്ങൾ.
ഈ സീസണിൽ ഹോളണ്ടുകാരൻ കൂമാൻ പരിശീലകനായെത്തി. പെഡ്രി, സെർജിയോ ഡെസ്റ്റ്‌ തുടങ്ങി ഒരുപിടി കൗമാരക്കാരുമായി കൂമാൻ ബാഴ്‌സയിലെ തിരുത്തൽ ആരംഭിച്ചു. ജോർഡി ആൽബ,  മെസി എന്നീ പരിചയസമ്പന്നർക്ക്‌ നിർണായകവേഷമായിരുന്നു. ഡിയോങ് സർവവ്യാപിയായി കളം ഭരിച്ചു. ചാമ്പ്യൻസ്‌ ലീഗിൽ പുറത്തായെങ്കിലും സ്‌പാനിഷ്‌ ലീഗ്‌ കിരീടപ്പോരിൽ അത്‌ലറ്റികോ മാഡ്രിഡിനും റയൽ മാഡ്രിഡിനും പിന്നിലായി ബാഴ്സയുണ്ട്‌.

ബിൽബാവോയ്‌ക്കെതിരെ തുടക്കം നിരാശയായിരുന്നു ബാഴ്‌സയ്‌ക്ക്‌. എന്നാൽ, ഇടവേള കഴിഞ്ഞ്‌ അവർ ഉണർന്നു. ഗ്രീസ്‌മാനായിരുന്നു തുടക്കമിട്ടത്‌. പിന്നാലെ ഡിയോങ്‌ ലീഡുയർത്തി. അടുത്ത ഊഴം മെസിയുടേതായിരുന്നു. മധ്യത്തിൽനിന്ന്‌ പന്തുമായി കുതിച്ച അർജന്റീനക്കാരൻ ബിൽബാവോ താരങ്ങളെ വെട്ടിമാറ്റി മുന്നേറി. ഇടയിൽ ഡിയോങ്ങിന്റെ പിന്തുണ. ഒടുവിൽ അസാമാന്യമായ ഇടംകാൽ ഷോട്ട് വലകയറി‌. ആൽബയുടെ ക്രോസിൽനിന്നായിരുന്നു നാലാംഗോൾ.

തുടർച്ചയായ രണ്ടാം ഫൈനലായിരുന്നു ബിൽബാവോയ്‌ക്ക്‌. കഴിഞ്ഞയാഴ്‌ച റയൽ വല്ലഡോയ്‌ഡിനോടും തോറ്റു. കോവിഡ്‌ കാരണം പോയ സീസണിലെ ഫൈനൽ നീട്ടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top