26 April Friday

ദുബായിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന ദേശീയദിന പരിപാടികൾ

കെ എൽ ഗോപിUpdated: Friday Dec 2, 2022

ദുബായ്> യു എ ഇ യുടെ 51-ാമത് ദേശീയ ദിനത്തിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ വൈവിധ്യവും വിപുലവുമായി ആഘോഷിക്കാൻ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE). 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം അടയാളപ്പെടുത്തുന്നതിനും അവിസ്മരണീയമായ ഓർമ്മകൾ ഒരുക്കുന്നതിനും ഡിസംബർ 2ന് തുടങ്ങി 11 വരെയാണ് ആഘോഷ പരിപാടികൾ.  രാഷ്ട്രത്തിന്റെ ഔദ്യോഗിക രൂപീകരണവും 1971ൽ എമിറേറ്റ്‌സിന്റെ ഫെഡറൽ ഏകീകരണത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നതിനായി ഡിസംബർ 2നാണ്  യു എ ഇ ദേശീയ ദിനം ആഘോഷിക്കുന്നത്.

പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ദുബായ് ദുബായ് സമ്മർ സർപ്രൈസിന്റെ മോദേഷും, ദാനയും സന്ദർശനത്തിന് എത്തുന്നവർക്കൊപ്പം അണിചേരും. മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദ്ദിഫ്, സിറ്റി വാക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഗേറ്റ് അവന്യൂ, ഇബ്ൻ ബത്തൂത്ത മാൾ, സിറ്റി സെന്റർ ദൈര എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലാണ് മോദേഷും, ദാനയും എത്തിച്ചേരുന്നത്. സംഗീത പരിപാടികൾ, കരിമരുന്നു പ്രയോഗങ്ങൾ, ലേസർ ഷോ, വൻവില കുറവിൽ സാധനങ്ങളുടെ ഓഫർ, ഭക്ഷണമേളകൾ, കലാകായിക വിനോദങ്ങൾ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ ആസ്വദിക്കാനുള്ള അവസരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

എക്‌സ്‌പോ സിറ്റിയിലെ അൽ വാസൽ പ്ലാസയിൽ പ്രമുഖ എമിറാത്തി, ജിസിസി ആർട്ടിസ്റ്റുകളായ ഈദ അൽ മെഹാലിയും ഡാലിയ മുബാറക്കും തങ്ങളുടെ മികച്ച ഹിറ്റുകൾ അവതരിപ്പിക്കുന്നതിനൊപ്പം പ്രത്യേക അതിഥി പ്രകടനങ്ങളും നടത്തും, ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ രാത്രി 8 മണിക്ക് ഫയീസ് അൽ സയീദിന്റെ തത്സമയ കച്ചേരിയും, പ്രത്യേകം കോറിയോഗ്രാഫ് ചെയ്‌ത ഇമാജിനും വെടിക്കെട്ട് ഷോയും ഉണ്ടാകും. രാത്രി 9 മണിക്ക് യുഎഇ പതാകയുടെ നിറങ്ങൾ ആകാശത്തിൽ പ്രകാശിപ്പിക്കും. രാത്രി 9.15ന് ലൈറ്റ് ആൻഡ് സൗണ്ട് പ്രകടനത്തോടെ ഡിജെ ബ്ലിസ് അവസാനിക്കും. സിറ്റി വാക്കിൽ പ്രശസ്ത എമിറാത്തി ഗായിക ഷമ്മ ഹംദാന്റെ ഷോ രാത്രി 8.30 ന് അരങ്ങേറും.

ദി പോയിന്റിലും ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലും രാത്രി 9 മണിക്ക് കരിമരുന്ന് പ്രദർശനം നടക്കും. ജെബിആറിന് എതിർവശത്തുള്ള ബീച്ചിൽ രാത്രി 8 മണിക്ക് യുഎഇ പതാകയുടെ നിറങ്ങളിലുള്ള മനോഹരമായ ലൈറ്റിംഗും അലങ്കാരങ്ങളും ഉണ്ടാകും. ഇവ കൂടാതെ നഗരത്തിലെ മാളുകളും ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളും കേന്ദ്രീകരിച്ച്  പരമ്പരാഗത പ്രകടനങ്ങൾ, കുടുംബ വിനോദങ്ങൾ, എന്നിവയും നടക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 300 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്ന യുഎഇ പൗരന്മാർക്ക് എയർ അറേബ്യ ടിക്കറ്റുകൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top