27 April Saturday

ഊർജ്ജ‐ജല മേഖലകളിൽ പുതിയ പദ്ധതികളുമായി യുഎഇയും ജോർദാനും ഇസ്രായേലും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ദുബായ് > ഊർജ്ജ-ജല മേഖലകളിൽ നേരിടുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് യുഎഇ, ഇസ്രായേൽ, ജോർദാൻ രാജ്യങ്ങൾ പുതിയ കരാറിൽ ഒപ്പുവച്ചു. ദുബായ് എക്‌സ്‌പോയിലെ യുഎഇ ലീഡർഷിപ്പ് പവലിയനിൽ നടന്ന ചടങ്ങിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, കാലാവസ്ഥാ മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരി, യുഎസ് പ്രതിനിധി ജോൺ കെറി, ജോർദാനിലെ ജല-ജലസേചന മന്ത്രി മുഹമ്മദ് അൽ നജ്ജാർ, ഇസ്രായേൽ ഊർജ മന്ത്രി കരീൻ എൽഹാരാർ എന്നിവർ പങ്കെടുത്തു.

പ്രോസ്‌പെരിറ്റി ഗ്രീൻ എന്ന പദ്ധതിയിലൂടെ 600 മെഗാവാട്ട് ശേഷിയുള്ള സോളാർ ഫോട്ടോവോൾട്‌ടെയ്‌ക്ക്‌ പ്ലാന്റുകൾ ജോർദാനിൽ നിർമിക്കുകയും ഈ വൈദ്യുതി ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. പ്രോസ്‌പിരിറ്റി ബ്ലൂ എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ 200 ദശലക്ഷം ക്യുബിക് മീറ്റർ വരെ ഡീസാലിനേറ്റ് ചെയ്‌ത വെള്ളം ജോർദാനിലേക്ക് വിതരണം ചെയ്യുന്നതിനായി ഇസ്രായേലിൽ ഒരു ജലശുദ്ധീകരണ പ്ലാന്റ് തുടങ്ങും. പദ്ധതിയുടെ സാധ്യതാ പഠനം 2022-ൽ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചു.

യുഎഇ COP28ന് ആതിഥേയത്വം വഹിയ്‌ക്കാൻ തയ്യാറെടുക്കുന്ന വേളയിൽ പ്രകൃതിയെ അലോസരപ്പെടുത്താത്ത ഊർജ ഉറവിടങ്ങളുടെ നിർമാണത്തിന് രാജ്യങ്ങളുമായി സഹകരിക്കുമെന്ന്‌ വിദേശകാര്യ-അന്താരാഷ്‌ട്ര സഹകരണ മന്ത്രി എച്ച്എച്ച് ഷെയ്‌ഖ് അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ജലദൗർലഭ്യമുള്ള രണ്ടാമത്തെ രാജ്യമാണ് ജോർദാൻ. ജോർദാനിൽ ഒരാൾക്ക് 500 ക്യുബിക് മീറ്റർ എന്ന പരിധിക്ക് താഴെയാണ് ലഭ്യമായ അളവ്. കാലാവസ്ഥാ പ്രതിസന്ധിയുടെ മുൻനിരയിൽ നിൽക്കുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ വെല്ലുവിളികളെ മറികടക്കാൻ ആകൂ എന്ന് അമേരിക്കൻ പ്രതിനിധി ജോൺ കെറി ചടങ്ങിൽ അഭിപ്രായപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top