26 April Friday

"ഹൃദയപൂർവ്വം" സമീക്ഷ യുകെയുടെ ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിനു വൻ സ്വീകാര്യത

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ലണ്ടൻ> യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെ ആരംഭിച്ച "ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്" വലിയ സ്വീകാര്യത. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിവരുന്ന ഹൃദയപൂർവ്വം പദ്ധതിയുടെ മാതൃകയിലാണ് ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പാക്കുന്നത്.

യുകെ സമൂഹത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അത് എത്തിക്കുന്നതിന് അതതു സ്ഥലത്തെ ഫുഡ് ബാങ്കുകളുമായി ചേർന്നാണ്. ഫുഡ് ബാങ്കിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ  മലയാളി കുടുംബങ്ങളിൽ നിന്നു ശേഖരിച്ചു കൈമാറും. സമീക്ഷ യുകെ പ്രവർത്തകർ മാസത്തിൽ രണ്ടുതവണ വീടുകളിൽ നിന്നു ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കും.

അടുത്തകാലത്തായി ഭക്ഷ്യസാധനങ്ങൾക്ക് ഉണ്ടായ വിലക്കയറ്റത്തെ തുടർന്നു ഫുഡ് ബാങ്കുകളിലേക്ക് എത്തിക്കൊണ്ടിരുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ വലിയ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുകെയിലെ ഫുഡ് ബാങ്കുകൾക്ക് കൈത്താങ്ങ് ആകുവാൻ സമീക്ഷ യുകെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ചു കൊണ്ടു ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ട് എന്ന ഈ പദ്ധതി  നടപ്പിലാക്കാൻ തീരുമാനിച്ചത് . സംഘടനയുടെ ഒട്ടുമിക്ക എല്ലാ ബ്രാഞ്ചുകളും ഷെയർ ആൻഡ് കെയറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.



കഴിഞ്ഞ കോവിഡ് കാലത്തു സമീക്ഷ മലയാളി സമൂഹത്തിനായി ഹെൽപ് ലൈൻ വഴി നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പഠനത്തിനായി നാട്ടിൽ നിന്നു യുകെയിൽ എത്തി ലോക്ഡൗൺ കാലത്തു മുറികളിൽ അകപ്പെട്ട  വിദ്യാർഥികൾക്കു ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു കൊടുക്കുന്നതടക്കം ഉള്ള നിരവധി പ്രവർത്തനങ്ങൾ യുകെയിലെ പൊതുസമൂഹം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു എന്നു സമീക്ഷ യുകെ നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഓർമ്മപ്പെടുത്തി.

ഇതിനു സമാനമായിട്ടാണ് ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്.യുകെയിലെ പൊതുസമൂഹത്തിന് ഒരു  സഹായഹസ്തമായി മാറാൻ ഈ പദ്ധതിയിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top