27 April Saturday

യുകെ മലയാളിക്കും ലോക കേരളസഭാ സമ്മേളനത്തിനും എതിരെ വിഷംകലർത്തിയ നുണയുമായി സംഘി പ്രചരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 22, 2022

ലണ്ടന്‍> ലോക കേരളസഭ അംഗമായ മലയാളിയെ പാക്കിസ്ഥാൻ അനുകൂലിയും ദേശവിരുദ്ധനുമായി ചിത്രീകരിച്ച്‌ വ്യാജപ്രചരണം. ബിജെപി മുഖപത്രവും സംഘപരിവാർ അനുകൂല ചാനലുമാണ്‌ നുണ പ്രചരിപ്പിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ലോക കേരള സഭ  യൂറോപ്പ്-യുകെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന്‍ പ്രതിനിധികൾ പങ്കെടുത്തെന്നും സഭാംഗമായ യുകെ മലയാളി ആഷിക്ക് മുഹമ്മദ്‌ നാസറാണ്‌ ഇതിനുപിന്നിലെന്നുമാണ്‌ കള്ളക്കഥ.

യുകെ- യൂറോപ്പ് മേഖലകളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട ലോകകേരള സഭ അംഗങ്ങളെ കൂടാതെ ബിസിനസ് മേഖലകളിൽ നിന്നുമുള്ള പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തികളുമുൾപ്പെടെയുള്ള മലയാളികൾ മാത്രമാണ്‌  പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്‌. ഇവരുടെയെല്ലാം വിശദാംശങ്ങൾ ലഭ്യമാണെന്നിരിക്കെയാണ്‌ സംഘിചാനലും പത്രവും നുണ പ്രചരിപ്പിക്കുന്നത്‌.

ആഷിക്കിനെതിരെ മറ്റൊരു ആരോപണം ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കി എ്ന്നാണ്‌. കർഷക സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന് മുന്‍പില്‍ നടന്ന പ്രകടനത്തെയാണ്‌ ഇന്ത്യാവിരുദ്ധമായി ചിത്രീകരിക്കുന്നത്‌. അക്കാലത്ത്‌ നാടാകെ മുഴങ്ങിയിരുന്ന ആസാദി മുദ്രാവാക്യമാണ്‌ സംഘി പ്രചാരകർ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത്‌. 1938 മുതൽ നിലവിലുള്ളതും ധീര വിപ്ലവകാരി ഉദ്ധം സിങ്ങടക്കം നേതൃത്വം നൽകിയിട്ടുള്ളതുമായ ഇന്ത്യൻ വർക്കേഴ്‌സ്‌ അസോസിയേഷനാ (IWA-GB)ണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

യുകെയിലെ പൊതുജീവിതത്തിൽ ഏറെ സജീവമായി പങ്കെടുക്കുന്ന യുവ എഞ്ചിനീയറായ ആഷിക്ക്‌ മുഹമ്മദിനെതിരെ നടക്കുന്ന പ്രചരണത്തിൽ യുകെ മലയാളികൾക്കിടയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. കോവിഡ് കാലത്ത് ബുദ്ധിമുട്ടിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നോർക്കയുമായി ചേർന്ന്  കോവിഡ് ഹെല്പ് ഡെസ്കിന്റെ ഭാഗമായി സഹായമെത്തിക്കാൻ മുൻനിന്ന വ്യക്തിയാണ്‌ ആഷിക്ക്‌. 

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, യൂറോപ്പിലെ തൊഴിൽ സാധ്യതകൾ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്ത യൂറോപ്പ്-യുകെ റീജിയണല്‍ സമ്മേളനത്തിന്റെ വൻവിജയത്തെ തുടർന്ന് ഏറ്റവും തരംതാണ നിലയിൽ അതിന്റെ മുഖ്യസംഘാടകരെ അക്രമിക്കുന്ന അവസ്ഥയാണിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നതെന്ന്‌ യുകെയിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ കൈരളി പ്രതികരിച്ചു.

‘‘ജനമധ്യത്തിൽ പ്രവർത്തിക്കുന്നവരെ ഓരോരുത്തരെയായി ഇവ്വിധം വ്യക്തിഹത്യ ചെയ്തും മതാധിഷ്ഠിതമായി പീഡിപ്പിച്ചും ബഹുജനമുന്നേറ്റങ്ങൾക്ക് തടയണപണിയാം എന്ന ഫാസിസ്റ്റ് ക്രൂരതയുടെ ഭാഗമാണിത്. ഇങ്ങനെ പോയാൽ ഒറ്റ രാത്രി കൊണ്ട് ഏതെങ്കിലുമൊരു നുണപ്രചരണത്തിൽപെട്ടു നമ്മളും പാക്ക് ചാരന്മാരും ദേശദ്രോഹിയുമായി ആൾക്കൂട്ടഅക്രമണങ്ങളിലേക്ക് ഉണർന്നെഴുന്നേറ്റാലും അത്ഭുതപ്പെടാനില്ല. അത്ര ഭയാനകസാഹചര്യമാണ് നിലനിൽക്കുന്നത്.

ഇതിനെതിരെ ഒന്നിച്ചു നിന്ന് ഉറക്കെ ശബ്ദമുയർത്തേണ്ടതുണ്ട്. കൈരളി യുകെ ശക്തമായി ഈ വിഷയത്തിൽ ആഷിക്കിനൊപ്പം നിലകൊള്ളുന്നു. ഇത്തരം കപടമാധ്യമനുണപ്രചരണങ്ങളെ നിയമപരമായി തന്നെ നേരിടേണ്ടതാണെന്നും ഒന്നിച്ച് ഒറ്റക്കെട്ടായി ശക്തമായി പ്രതികരിക്കണമെന്നതിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു‐ കൈരളി യുകെ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top