26 April Friday

സൗദിയിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക കാർഡ് ; വിമാന നിരക്കിൽ ഉൾപ്പെടെ ഇളവുകൾ

എം എം നഈംUpdated: Saturday Oct 22, 2022

റിയാദ്> സൗദി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം, ഭിന്നശേഷിയുള്ളവർക്കായി "തസ്ഹീലാത്ത് കാർഡ്" പുറത്തിറക്കി.  സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,  ഭിന്നശേഷിയുള്ള വ്യക്തികൾക്കായുള്ള അതോറിറ്റി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഏജൻസി എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കാർഡ് പുറത്തിറക്കിയത്.   "തവക്കൽന സർവീസസ്" ആപ്ലിക്കേഷനിലൂടെയും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലൂടെയും  പുതിയ തസ്ഹീലാത്ത് കാർഡ് ഇലക്ട്രോണിക് ആയി ലഭിക്കും.

മന്ത്രാലയത്തിന്റെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വദേശികളും   വിദേശികളുമായിട്ടുള്ളവർക്ക് ഈ കാർഡ് ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നു. കാർഡ് രാജ്യത്തിന് പുറത്ത് ഉപയോഗിക്കാൻ കഴിയും. യാത്രക്കാരുടെ നിരക്ക് കുറയ്ക്കൽ, "ട്രാഫിക്  പാർക്കിംഗ് , ഓട്ടിസം  എന്നിവക്കുള്ള ഇളവുകൾ  "തസ്ഹീലാത്ത് എന്ന കാർഡിലൂടെ ലഭിക്കും.

പൊതുഗതാഗതത്തിനും പ്രത്യേക പാർക്കിംഗ് ഏരിയകൾക്കുമുള്ള കിഴിവ് നിരക്കുകൾ ഇതിലൂടെ ലഭ്യമാകും.  ഈ കാർഡ് ഗുണഭോക്താക്കൾക്ക് ഇളവുകളുടെ യാത്ര ആസ്വദിക്കാൻ സഹായിക്കുന്നു. പബ്ലിക് യൂട്ടിലിറ്റി പാർക്കിംഗ് സ്ഥലങ്ങളിലേക്കും വികലാംഗർക്കായി നിയുക്തമാക്കിയ പാർക്കിങ്ങിലേക്കും പരിധിയില്ലാതെ പ്രവേശിക്കുന്നത് ആനുകൂല്യങ്ങൾക്ക് പുറമേ വിമാന യാത്ര ഉൾപ്പെടെ പൊതുഗതാഗത മാർഗങ്ങളിലെ നിരക്കുകളിൽ 50 ശതമാനം കിഴിവ് ലഭിക്കും. ഓട്ടിസം ഡിസോർഡർ ഉള്ള ഗുണഭോക്താക്കൾക്ക് തിരിച്ചറിയാനും പൊതുസ്ഥലങ്ങളിൽ അവരുടെ യാത്ര സുഗമമാക്കാനും സർക്കാർ ആശുപത്രികൾ ആരോഗ്യ കേന്ദ്രങ്ങൾ മറ്റു സൗകര്യങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ മുൻഗണന നൽകാനും കാർഡ് സഹായകരമാകും.  നേരത്തെ കാർഡ്  ലഭിച്ചവർ കാർഡിന് അപേക്ഷിക്കേണ്ടതില്ലെന്നും എന്നാൽ കാർഡ്  കൈവശമില്ലാത്തവർക്ക്   ഇലക്ട്രോണിക് പോർട്ടൽ  വഴി സേവനം ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.  

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top