09 May Thursday

കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കേളി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


റിയാദ്  >  കോവിഡിന്റെ മറവില്‍ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ നടപടികള്‍ അപലപനീയമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും റിയാദ് കേളി കലാസാംസ്‌കാരിക വേദി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പ്രയാസങ്ങള്‍ സഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ വരുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നാട്ടില്‍ ഇറങ്ങിയു ശേഷം വിമാനതാവളത്തില്‍ കണ്‍ഫര്‍മേറ്ററി മോളിക്യുളാര്‍ ടെസ്റ്റും നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ  ഫെബ്രുവരി 22 ലെ ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നത്. വിദേശത്ത് 5,000 രൂപയിലധികമുള്ള തുക മുടക്കിയാണ് പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുന്നത്. അതിനു ശേഷം 72 മണിക്കൂറിനുള്ളില്‍ വീണ്ടും 2000 രൂപക്കടുത്തുള്ള മറ്റൊരു ടെസ്റ്റ് കൂടി വേണമെന്ന് നിര്‍ബന്ധിക്കുന്നത് പ്രവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹമാണ്. കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്കും, കൊച്ചു കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമാണെന്നതും വിദേശത്ത് നിന്നും കുടുംബമായി നാട്ടിലെത്താന്‍ പദ്ധതിയിട്ട പ്രവാസികളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡിന്റെ തുടക്കത്തില്‍ വിദേശത്തു നിന്നും വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. അന്ന് കേരള സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പിനുള്ള അവസരമായി കണ്ട് വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച വലതുപക്ഷ സംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈ അന്യായ നിബന്ധനകള്‍ കണ്ടതായിപ്പോലും നടിക്കുന്നില്ല. അത്തരം സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന്റെ കാടന്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും കേളി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top