27 April Saturday

മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി

സ്വന്തം ലേഖകന്‍Updated: Monday Aug 23, 2021

ക്യാപ്ഷന്‍ മമ്മുട്ടിയും മോഹന്‍ലാലും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചപ്പോള്‍: എംഎ യൂസഫലി സമീപം

ദുബായ്> മമ്മൂട്ടിയും മോഹന്‍ലാലും യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോര്‍ഡന്‍ വിസ ലഭിക്കുന്നത്.അബൂദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ അല്‍ ഹമ്മാദി ഇരുവര്‍ക്കും വിസ സമ്മാനിച്ചു. ഇരുവരും സിനിമാ മേഖലക്ക് നല്‍കുന്ന സംഭാവന മഹത്തരമെന്ന് അല്‍ ഹമ്മാദി പറഞ്ഞു.

വിസ അനുവദിച്ച യുഎഇ സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞു. മലയാളിയുടെ തങ്ങളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയ മലയാളികള്‍ തന്ന ആദരമാണിതെന്ന് മമ്മൂട്ടി പ്രതികരിച്ചു. യുഎഇ ഭരണകൂടത്തില്‍നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ചടങ്ങില്‍ വ്യവസായി എംഎ യൂസുഫലിയും സന്നിഹിതനായിരുന്നു. അബൂദാബി സാമ്പത്തിക വികസന വകുപ്പ് അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അല്‍ ബലൂഷി, അബൂദബി റെസിഡന്‍സ് ഓഫീസ് അഡൈ്വസര്‍ ഹാരിബ് മുബാറക് അല്‍ മഹീരി എന്നിവരും പങ്കെടുത്തു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കും ഉന്നത വ്യക്തികള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും അനുവദിക്കുന്നതാണ് പത്തുവര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ. പ്രവാസി വ്യവസായി എംഎ യൂസഫലിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിലും ഗോള്‍ഡന്‍ വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസം മുന്‍പാണ് താരങ്ങള്‍ യുഎഇയില്‍ എത്തിയത്.

ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top