26 April Friday

നാലു പതിറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി പിഎം ജാബിര്‍ മടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
 
മസ്‌കത്ത് > ഒമാനില്‍ ജീവകാരുണ്യ, സാമൂഹ്യ സേവനങ്ങളുടെയും മനുഷ്യ സ്‌നേഹത്തിന്റെയും മറുവാക്കായ പിഎം ജാബിര്‍ നാട്ടിലേക്കു മടങ്ങുന്നു; നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തില്‍ ചാരിതാര്‍ഥ്യമായ ഇടപെടലുകളുടെ ഓര്‍മ്മകളുമായി.
 
ജാബിര്‍ നടന്ന വഴികള്‍ സാമൂഹ്യ, ജീവകാരുണ്യ മേഖലയിലെ വേറിട്ടതാണ്; പലപ്പോഴും ദുര്‍ഘടം പിടിച്ചതും. കണ്ണീരും സ്വപ്നങ്ങളും പാതിവഴിയില്‍ നിലച്ചവരെ, ജീവിത പ്രതിസന്ധിക്കുമുന്നില്‍ നിസഹായരായി അലമുറയിട്ടവരെ ചേര്‍ത്തുപിടിച്ചു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന കഥകളാണ് ജാബിറിന്റെ ആ വഴികളില്‍ ഏറെയും. 
 
ഒമാനിലെ സൂക്കുകളില്‍, ലേബര്‍ ക്യാബുകളുടെ അകത്തളങ്ങളില്‍, എംബസി വരാന്തകളില്‍, ഓപ്പണ്‍ ഫോറങ്ങളില്‍, ജയില്‍ പരിസരങ്ങളില്‍, മോര്‍ച്ചറിയുടെ വാതില്‍ പാളികള്‍ക്കരികില്‍, ചിതയെരിയുന്ന സോഹാര്‍ പരിസരങ്ങളില്‍, പൊതുവേദികളില്‍ എല്ലാം പ്രവാസിയുടെ നൊമ്പരം പങ്കുവെച്ച്, നിസഹായര്‍ക്ക് തന്റെ സംഘടനയുടെയും തന്റെയും കൈതാങ്ങായി ജാബിര്‍ ഉണ്ടായിരുന്നു. ഏത് സമയങ്ങളില്‍ വിളിക്കുന്നവര്‍ക്ക് അറിയാമായിരുന്നു, മറുതലയ്ക്കലില്‍ നിന്നും ആത്മവിശ്വാസം ലഭിക്കുമെന്ന്.
 
1982 നവംബറിലാണ് ജാബിര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായി ഒമാനിലെത്തുന്നത്. അതേവര്‍ഷം ഒമാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍.
 
1988ല്‍ സാംസ്‌കാരിക പുരോഗമന സംഘടനയായ കൈരളി ഒമാന്‍ നിലവില്‍ വന്നതോടെയാണ് ജാബിര്‍ സാമൂഹ്യ സേവന മേഖലകളില്‍ സജീവമാകുന്നത്. സംഘടന നല്‍കിയ കരുത്തും പിന്‍തുണയും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജം പകര്‍ന്നു. 1990 മുതല്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളിലും ഇടപെടാന്‍ തുടങ്ങി.
 
പി എം ജാബിറിന്റെ ഇടപെടല്‍ ഫലമായി 1990 മുതല്‍ നാലായിരത്തോളം മൃതദേഹങ്ങള്‍ നാട്ടിലയച്ചു. സോഹറില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി ലഭിച്ചശേഷം ആദ്യമായി ദഹിപ്പിച്ചത് ആറു മാസം മോര്‍ച്ചറിയില്‍ അനാഥമായി കിടന്ന മലയാളിയായ ഗോപിയുടെ മൃതദേഹമായിരുന്നുവെന്ന് ജാബിര്‍ ഓര്‍മിക്കുന്നു.
 
ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൈരളിയും ജാബിറും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. തൊഴില്‍ പ്രശ്‌നങ്ങളില്‍പെട്ടവരെ നാട്ടിലയക്കുന്നതിലും പിഴ അടക്കുന്നതിലും മറ്റും ഗള്‍ഫാര്‍ മുഹമ്മദലി, എംഎ യൂസുഫലി തുടങ്ങിയ പ്രമുഖര്‍ എന്നും കൂടെ നിന്നതായും അദ്ദേഹം പറഞ്ഞു.
 
സ്‌പോണ്‍സര്‍മാരുടെ പീഡനത്തില്‍ നിന്നും മനുഷ്യക്കടത്തു കെണിയില്‍ നിന്നും നുറു കണക്കിന് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ ഇടപെട്ടതിന് വധഭീഷണിവരെ നേരിടേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. ചില ഘട്ടങ്ങളില്‍ സുഹൃത്തുക്കളുടെയും സഖാക്കളുടെയും സുരക്ഷാവലയത്തില്‍ നടക്കേണ്ടതായും നാട്ടിലുള്ള മക്കള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പാടാക്കേണ്ടതായും വന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
രോഗം, അപകടം എന്നിവ കാരണം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരുടെടെ ആശുപത്രി ചിലവുകളും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തുക, മാസങ്ങളും വര്‍ഷങ്ങളും ജയിലില്‍ കഴിയേണ്ടി വരുന്ന ഹതഭാഗ്യരുടെ മോചനം സാദ്ധ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംഘടനക്കൊപ്പം അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ജാബിറിന്റെ സഹായം ലഭിച്ചവരില്‍ മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍ മാത്രമല്ല മറിച്ച് ബംഗ്ലാദേശ്, നേപ്പാള്‍, ശ്രിലങ്ക, എത്യോപ്യ തുടങ്ങി വിവിധ രാജ്യക്കാരും ഏറെ. 
 
മതിയായ രേഖകള്‍ ഇല്ലാതെ കഴിയുന്നവരെ നാട്ടിലയക്കാന്‍ വിവിധ കാലങ്ങളില്‍ ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ കൈരളിയുടെയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെയും പ്രവര്‍ത്തകരെ ഇടപെടുവിച്ച് അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ നേതൃത്വപരമായ പങ്കുവഹിക്കാനായി. കോവിഡ് കാലത്ത് കുടിയേറ്റ ഭാഷാ ദേശ ഭേദമെന്യേ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ജാബിര്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ഗോനു, മെക്‌നു, ലുബാന്‍, ഷഹീന്‍ ചുഴലിക്കാറ്റുകള്‍ ഒമാന്‍ തീരങ്ങളില്‍ ആഞ്ഞു വീശിയപ്പോള്‍ ഈ സംഘടനകള്‍ക്ക് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം നിന്ന് മികച്ച സേവനം നടത്താനായതായും ജാബിന്‍ വ്യക്തമാക്കി.
 
ഗള്‍ഫിലെ പ്രമുഖ ഇടതുപക്ഷ പുരോഗമന സംഘടനയായ കൈരളിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം പത്തു വര്‍ഷം വഹിച്ച ജാബിര്‍ നിലവില്‍ ഒമാനിലെ ഇന്ത്യാക്കാരുടെ പൊതുവേദിയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയാണ്. 1996ല്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ മലയാളം വിഭാഗം സ്ഥാപിച്ചത് അദ്ദേഹമാണ്. കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്ന ജാബിര്‍ ഇപ്പോള്‍ ഡയറക്ടറാണ്. കേരള ലോക കേരള സഭ അംഗം കൂടെയാണ്. കൈരളി ചാനലിന്റെ ഒമാന്‍ കോഓഡിനേറ്ററായിരുന്നു. 'ദേശാഭിമാനി ഗള്‍ഫ്' എഡിഷനുവേണ്ടി ഒമാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
പ്രവാസലോകത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വിദേശത്ത് സന്നദ്ധ സേവനം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന മികച്ച അംഗീകാരമായി  കണക്കാക്കപ്പെടുന്ന ടൈംസ് നൗ, ഐസിഐസിഐ എന്നിവയുടെ 2016 ലെ എന്‍ആര്‍ഐ ഓഫ് ദി ഇയര്‍ പുരസ്‌കാരം ജാബിറായിരുന്നു. പ്രിയദര്‍ശിനി അവാര്‍ഡ്, ഷിഫ അല്‍ ജസീറ അവാര്‍ഡ്, മീഡിയ വണ്ണിന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, കുവൈത്ത് കേന്ദ്രമായുള്ള കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ രമേശ് സ്മാരക അവാര്‍ഡ്, ഒമാനിലെ തെലുഗു കമ്മ്യൂണിറ്റി അവാര്‍ഡ്, ഗോവന്‍ കമ്മ്യൂണിറ്റി ആദരം, ചെറുതുരുത്തി ബിപി മണി ട്രസ്റ്റ് അവാര്‍ഡ്. ഒമാന്‍ ടാലന്റ് ഹണ്ടേഴ്‌സ് ഔട്ട്‌സ്റ്റാന്റിംഗ് ഇന്ത്യന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. 
 
ഗള്‍ഫിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് കൈരളി ചാനല്‍ ഏര്‍പ്പെടുത്തിയ 'ആദരം' പിഎം ജാബിറിന് ആയിരുന്നു. ഒമാനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ അറേബ്യന്‍ സ്‌റ്റോറീസ് രാജ്യത്തെ് അമ്പതു വിശിഷ്ട വ്യക്തികളുടെ ലിസ്റ്റില്‍ പിഎം ജാബിറും ഉള്‍പ്പെട്ടത് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമായി. 
 
പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ ജാബിറിന്റെ തീക്ഷ്ണമായ അനുഭവത്തെ മുന്‍ നിര്‍ത്തി പ്രമുഖ എഴുത്തുകാരനായ ഹാറൂണ്‍ റഷീദ് തയ്യാറാക്കിയ 'ആമുഖമില്ലാത്ത അനുഭവങ്ങള്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ലോക കേരള സഭയുടെ പ്രഥമ പൊതു സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ തദ്ദേശ ഭരണ മന്ത്രി കെടി ജലീലിന് നല്‍കിയായിരുന്നു പ്രകാശനം ചെയ്തത്. 
 
തലശ്ശേരി മാളിയേക്കല്‍ കുടുംബാംഗമാണ്. ഭാര്യ ഷഹനാസ്, മക്കള്‍ വൈലാന, ജൂലിയാന. നാട്ടിലേക്ക് മടങ്ങിയാലും പ്രവാസികളേതടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇടപ്പെട്ട് സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാനാണ് തീരുമാനമെന്ന് ജാബിര്‍ പറഞ്ഞു.
 
ഒമാന്‍ പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും.
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top