26 April Friday

സുരക്ഷാ നിരീക്ഷണ ക്യാമറ റെക്കോര്‍ഡിംഗുകള്‍ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ 20,000 റിയാല്‍, പിഴ:സൗദി ആഭ്യന്തര മന്ത്രാലയം

എം എം നഈംUpdated: Tuesday Nov 8, 2022

റിയാദ്> സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ റെക്കോര്‍ഡിംഗുകള്‍ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും  സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ  ഉപയോഗ വ്യവസ്ഥയുടെ ഭാഗമായി   (20) ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.റെക്കോര്‍ഡിംഗുകള്‍ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുകയോ സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനങ്ങളും റെക്കോര്‍ഡിംഗുകളും നശിപ്പിക്കുകയോ  ചെയ്യുന്നതിലൂടെ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലംഘിക്കുന്ന ആര്‍ക്കും 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ  ട്വിറ്റര്‍  അക്കൗണ്ടിലൂടെ  വിശദീകരിച്ചു

സിസ്റ്റത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി ചലിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സെക്യൂരിറ്റി നിരീക്ഷണ ക്യാമറകളെ ഫിക്‌സഡ് അല്ലെങ്കില്‍ മൊബൈല്‍ ഉപകരണങ്ങളായി നിര്‍വചിച്ചിരിക്കുന്നു. സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിക്കുന്നത്തിനുള്ള നിയമ  സംവിധാനം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നു  എന്നത് ശ്രദ്ധേയമാണ്. ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളുടെ  ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചത് തന്നെ  വ്യക്തിഗത സ്വകാര്യതകള്‍  സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്.

 കൂടാതെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നോ സ്റ്റേറ്റ് സെക്യൂരിറ്റിയുടെ പ്രസിഡന്‍സിയില്‍ നിന്നോ അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവിലൂടെയോ, നിശ്ചിത വ്യവസ്ഥകള്‍ക്കനുസൃതമായിട്ടല്ലാതെ ഒരു ഡോക്യുമെന്റേഷനും കൈമാറ്റം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുത് എന്നതും നിയമത്തില്‍ പറയുന്നു.  

റെഗുലേഷന്‍ വ്യക്തമാക്കിയ നടപടിക്രമങ്ങള്‍ക്കനുസൃതമായി മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയ ശേഷം അല്ലാതെ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ നിര്‍മ്മിക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോ  അല്ലെങ്കില്‍ അവ വില്‍ക്കുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രവര്‍ത്തിപ്പിക്കുകയോ പരിപാലിക്കുകയോ ചെയ്യുക എന്നതോ  അനുവദനീയമല്ല.  സ്വകാര്യ ഭവന യൂണിറ്റുകളിലും കോമ്പൗണ്ടുകളിലും വ്യക്തികള്‍ സ്ഥാപിച്ചവ ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നും  മന്ത്രാലയം വ്യക്തമാക്കി.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top