26 April Friday

ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവം നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022

മനാമ >  ബഹ്‌റൈന്‍ കേരളീയ സമാജവും ഡിസി ബുക്‌സും ചേര്‍ന്നു നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം വ്യാഴാഴ്ച ആരംഭിക്കും. ഈ മാസം ഇരുപതുവരെ നീളുന്ന പുസ്തകോത്സവത്തില്‍ ലോകോത്തര സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രദര്‍ശനം, വില്‍പ്പന, ചിത്രകലാ പ്രദര്‍ശനം, എഴുത്തുകാരുമായി മുഖാമുഖം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകുമെന്ന് പസിഡന്റ് പിവി രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അയ്യായിരത്തോളം ടൈറ്റിലുകളില്‍ ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പത്തുനാളത്തെ ബുക്ക്‌ഫെസ്റ്റില്‍ ഉണ്ടാവും.

 
വ്യാഴാഴ്ച രാത്രി എട്ടിന് സമാജം ഡിജെ ഹാളില്‍ പുസ്തകോത്സവം ഇന്ത്യന്‍ എംബസ്സി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം ഉദ്ഘാടനം ചെയ്യും. പ്രമുഖ കവിയും ഗാന രചിതാവുമായ അന്‍വര്‍ അലി മുഖ്യാഥിതിയാകും.
 
വിവിധ ദിവസങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവാസ്തവ, ശശി തരുര്‍ എംപി, എം മുകുന്ദന്‍, കരണ്‍ താപ്പര്‍, നടന്‍ സിജു വിത്സന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജോസ് പനച്ചിപ്പുറം, ആനന്ദ് നിലകണ്ഠന്‍, ജോസഫ് അന്നംക്കുട്ടി ജോസ്, ശ്രീപാര്‍വ്വതി തുടങ്ങിയവര്‍ മുഖ്യാഥിതികളായി പുസ്തകോത്സവത്തില്‍ പങ്കെടുക്കും. പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുമായുള്ള വീര്‍ച്വല്‍ സംവാദം ആണ് ഇത്തവണത്തെ പുസ്തകോത്സവത്ത്തിലെ മറ്റൊരു മുഖ്യ ആകര്‍ഷണം. 
 
'ശ്രദ്ധേയമായ പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന സിനിമയുടെ തിരക്കഥാ പ്രകാശനം സിജു വിത്സന്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം മുകുന്ദന്റെ ഡല്‍ഹി എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരം, ജോസഫ് അന്നം കുട്ടിയുടെ പുസ്തകപ്രകാശനം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന കാലിഡോസ്‌കോപ്പ്, മലയാളം ക്ലാസ്സിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ബഹ്‌റൈനിലെ എഴുത്തുകാരുടെ പുസ്തകപ്രകാശനം തുടങ്ങിയവയും അരങ്ങേറും.  
 
ധിഷണാശാലികളായ എഴുത്തുകാരെ ബഹറൈനിലെ സാഹിത്യ തല്‍പ്പരര്‍ക്ക് പരിചയപ്പെടുത്താനുമുള്ള ബോധപൂര്‍വ്വമായ ഇടപ്പെടലുകളാണ് കേരളീയ  സമാജം നടത്തുന്നതെന്ന് പിവി രാധാകൃഷ്ണപിള്ള പറഞ്ഞു. 
 
ഡിസി ബുക്ക്‌സിന്റ സഹകരണത്തില്‍ നടക്കുന്ന ബുക്ക് ഫെസ്റ്റിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു.
 
കോവിഡാനന്തരം നടക്കുന്ന പുസ്തകമേളയായതിനാല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതായി പുസ്തകോത്സവ കണ്വീനര്‍ ഷബിനി വാസുദേവ് പറഞ്ഞു.
 
ബഹറൈനിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പുസ്തകമേള സന്ദര്‍ശിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 11 പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. പുസ്തകം വാങ്ങുന്നവര്‍ക്ക് വിവിധ ഓഫറുകള്‍ ഉണ്ട്.. നിശ്ചിത തുകക്ക് പുസ്തകം വാങ്ങിക്കുന്നവര്‍ക്ക് പുസ്തക ഷെല്‍ഫടക്കമുള്ള പാക്കേജുകള്‍ ലഭ്യമാണെന്നും അറിയിച്ചു. 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top