02 May Thursday

കമല സുരയ്യ കവിതാ ചിത്രരചന മത്സരം: ഷിഫാന സലീമിനും ബി. കൃഷ്ണയ്ക്കും ഒന്നാം സമ്മാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


അബുദാബി> വിശ്വസാഹിത്യകാരി കമലാ സുരയ്യയുടെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശക്തി തിയറ്റേഴ്‌സ് അബുദാബി സംഘടിപ്പിച്ച കമലാ സുരയ്യ കവിതാ ചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു.കവിതാ രചനാ മത്സരത്തില്‍ മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശിനി ഷിഫാന സലീമും ചിത്ര രചന മത്സരത്തില്‍ എറണാംകുളം പൊതനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ബി. കൃഷ്ണയും ഒന്നാം സമ്മാനാര്‍ഹരായി.

കമല സുരയ്യയെ വിഷയമാക്കിയാണ് കവിതാ രചന മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ സുനില്‍ മാടമ്പി (അബുദാബി) രണ്ടാം സ്ഥാനവും ഹുസ്‌ന റാഫി (അബുദാബി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവികൾ പി. ശിവപ്രസാദ്, രാജേഷ് അത്തിക്കയം, സോണിയ ഷിനോയ് എന്നിവരായിരുന്നു വിധികർത്താക്കൾ.

ചിത്ര രചന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ പത്തനംതിട്ട അടൂര്‍ ആള്‍ സൈന്റ്‌സ് പബ്ലിക് സ്‌കൂളിലെ ആര്‍ ഋതുനന്ദ രണ്ടാം സ്ഥാനത്തിനും അബുദാബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി ലിയ ഷാജി മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. സീനിയര്‍ വിഭാഗത്തില്‍ മാതാരത്തിനു പരിഗണിക്കത്തക്കതായ സൃഷ്ടികള്‍ ലഭ്യമായില്ല.

കമല സുരയ്യയെ അനുസ്മരിച്ചുകൊണ്ട് ശക്തി തിയറ്റേഴ്‌സ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച നീര്‍മാതളപ്പൂക്കള്‍ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിച്ചത്.

കഥാകാരി ഇന്ദു മേനോന്‍ ഓണ്‍ ലൈന്‍ വഴി നീര്‍മാതളപ്പൂക്കള്‍ ഉദ്ഘാടനം ചെയ്തു. പ്രീതി നാരായണന്‍ കമലസുരയ്യ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരി അദ്ധ്യക്ഷനായി.  സാംസ്‌കാരിക സമ്മേളനത്തില്‍ ശക്തി ബാലസംഘം പ്രസിഡന്റ് യാസിദ് അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.

കമല സുരയ്യയുടെ കഥകള്‍ അനന്ത ലക്ഷ്മി ഷരീഫും, നാഷ പത്തനാപുരവും കവിതകള്‍ മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളായ വൈഗ ശ്രീനാഥും അരുന്ധതി ശിവകുമാറും അവതരിപ്പിച്ചു. അനിതാ റഫീഖ് നേതൃത്വം നല്‍കി.സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യ വിഭാഗം അസി. സെക്രട്ടറി ബിജു തുണ്ടില്‍ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top