17 June Monday

മദ്യം വീടുകളിലെത്തിക്കാൻ പദ്ധതിയുമായി സൊമാറ്റോ; അപേക്ഷ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 7, 2020

ന്യൂഡൽഹി > ഭക്ഷ്യ വസ്‌തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്‌ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും  നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഇത്തരമൊരുദ്യമത്തിന് മുതിരുന്നത്. ആദ്യഘട്ടമായി ഇന്റര്‍നാഷണല്‍ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ശുപാർശ സമർപ്പിച്ചിരിക്കുകയാണ് സൊമാറ്റോ. ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു.

മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ചിലയിടങ്ങളിലെ മദ്യ ഷാപ്പുകള്‍ക്ക് പുറത്ത് നീണ്ട വരികൾ ഉണ്ടായിരുന്നു. ഇതുമൂലം സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെയുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു. വലിയ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ ന്യൂഡല്‍ഹി അധികൃതര്‍ ചില്ലറ മദ്യ വില്‍പനയ്ക്ക് 70 ശതമാനം പ്രത്യേക സ്പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയിലാവട്ടെ ക്യൂ നിയന്ത്രണാതീതമായതോടെ തുറന്ന മദ്യവില്‍പ്പനശാലകള്‍ വീണ്ടും അടച്ചു.

ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍  ഇന്റര്‍നാഷണല്‍ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ISWAI) ശ്രമം നടത്തുന്നുണ്ട്. ''ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ISWAI ന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശുപാര്‍ശ ISWAIക്ക് സമര്‍പ്പിച്ചത്.

മദ്യ വില്‍പന നിലച്ചതോടെ വരുമാനം മുട്ടിയ സംസ്ഥാനങ്ങള്‍ മദ്യ വിതരണത്തിന് അനുവദിക്കണമെന്ന് ISWAI എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അമ്രിത് കിരണ്‍ സിങ്ങ് പറഞ്ഞു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് റീട്ടെയില്‍ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top